ന്യൂഡൽഹി:പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് വേദാന്ത് ശ്രീവാസ്തവ എന്ന വിദ്യാർഥി ഉന്നയിച്ച ആരോപണങ്ങൾ സിബിഎസ്ഇ തള്ളി. വിദ്യാർഥിയുടെ ആരോപണങ്ങൾ വസ്തുതാപരമായി തെറ്റും വ്യക്തമായ നുണയുമാണെന്ന് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ തന്റെ ഉത്തരക്കടലാസ് മറ്റൊരാളുടേതുമായി മാറിപ്പോയെന്ന പരാതിയിൽ വേദാന്ത് ഉറച്ചുനിൽക്കുകയാണ്.
രണ്ട് വിഷയങ്ങളിൽ ഓരോ മാർക്ക് വീതം മാത്രമാണ് വർധിച്ചതെന്നും ഫിസിക്സിൽ മാർക്ക് കൂടിയിട്ടില്ലെന്നുമാണു സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ വിദ്യാർഥി ആരോപിച്ചത്. എന്നാൽ പുനർമൂല്യനിർണയത്തിനുശേഷം ഫിസിക്സിൽ ഒൻപത് മാർക്ക് വർധിച്ചതായാണ് സിബിഎസ്ഇയുടെ വിശദീകരണം.
ബോർഡിന്റെ മറുപടിക്കു പിന്നാലെ വേദാന്ത് വീണ്ടും എക്സിൽ വിഡിയോ പങ്കുവച്ചു. നേരത്തെ ലഭിച്ച ഉത്തരക്കടലാസുകൾ തന്റേതല്ലെന്നും തന്റെ ഉത്തരക്കടലാസ് തിരികെക്കിട്ടിയപ്പോൾ അതിലെ മാർക്ക് ആണ് കൂട്ടിയ മാർക്ക് ആയി മാറിവന്നതെന്നും വിദ്യാർഥി ആവർത്തിച്ചു. വിവിധ വിഷയങ്ങളിലായി 11 ചോദ്യങ്ങൾക്കു പുനർമൂല്യനിർണയം ആവശ്യപ്പെട്ടിട്ടും ആകെ രണ്ട് മാർക്ക് മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗണിതത്തിൽ ഒരു മാർക്കും കംപ്യൂട്ടർ സയൻസിൽ ഒരു മാർക്കും ലഭിച്ചപ്പോൾ ഫിസിക്സ് മാർക്കിൽ മാറ്റമുണ്ടായില്ലെന്നും വേദാന്ത് വ്യക്തമാക്കി.
മേയ് മാസത്തിൽ എക്സിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വേദാന്തിന്റെ പരാതി ശ്രദ്ധ നേടിയത്. തന്റെ ഫിസിക്സ് ഉത്തരക്കടലാസ് മറ്റൊരു വിദ്യാർഥിയുടേതുമായി മാറിപ്പോയെന്നാണ് അദ്ദേഹം ആരോപിച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ വിവാദത്തിനും വഴിവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.