കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തടസങ്ങളെല്ലാം നീങ്ങിയതോടെ വല വിരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചും അന്വേഷണവുമായി മുന്നോട്ടു പോകാൻ അനുമതി നൽകിയതോടെ അന്വേഷണം ശക്തമാക്കാൻ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനായി ഡൽഹിയിൽ നിന്ന് ഡയറക്ടർ രാഹുൽ നവീൻ ഉൾപ്പെടെയുള്ള ഇ.ഡി ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കേസിലെ നിർണായക വ്യക്തികളെ ചോദ്യം ചെയ്യുന്നതിനും കൂടുതൽ ഡിജിറ്റൽ, സാമ്പത്തിക തെളിവുകൾ ശേഖരിക്കുന്നതിനും അന്വേഷക സംഘങ്ങൾക്ക് യോഗം നിർദേശം നൽകുകയും ചെയ്തു. എന്നാല്‍ ഇതിനുമപ്പുറം, കൂടുതൽ അന്വേഷണ ഏജൻസികളുടെ വരവ് ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാം എന്നാണ് വിവരം. സിഎംആർഎല്ലും ടി.വീണയും മാത്രമായിരിക്കില്ല അതിന്റെ ലക്ഷ്യമെന്ന് അർഥം.

ബംഗാളിലെ സന്ദേശ്ഖലിയിൽ ഇ.ഡി ഉദ്യോഗസ്ഥർക്കു നേർക്കുണ്ടായ ആക്രമണത്തോടാണ് തിരുവനന്തപുരത്തുണ്ടായ ആക്രമണത്തെയും മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥർ താരതമ്യപ്പെടുത്തുന്നത്. റേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് 2024 ജനുവരിയിൽ എത്തിയ ഇ.ഡി സംഘത്തെ തൃണമൂൽ കോൺഗ്രസ് നേതാവായ ഷാജഹാൻ ഷെയ്ഖിന്റെ അനുയായികൾ ആക്രമിച്ചിരുന്നു. പിന്നെ കണ്ടത് ഒന്നിനു പിന്നാലെ ഒന്നായി കേന്ദ്ര ഏജൻസികൾ ബംഗാളിലേക്ക് എത്തിയതാണ്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഭൂമി കയ്യേറ്റം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
ഇ.ഡി വക റേഷൻ അഴിമതി കേസിനു പുറമെ അനധികൃത സാമ്പത്തിക ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണം നടന്നു. ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതിനെ തുടർന്ന് ബോംബ് സ്ക്വാഡും എൻഎസ്ജിയും വരെ പരിശോധനയക്കെത്തി. ഷാജഹാൻ ഷെയ്ഖിന്റെയും അനുയായികളുടേയയും കോടികള്‍ വരുന്ന സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടി. ഓരോ ഏജൻസികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുമ്പോൾ അടുത്ത ഏജൻസിയുടെ ചോദ്യം ചെയ്യലുകൾ. മാത്രമല്ല, തൃണമൂൽ പാർട്ടിയിൽ നിന്ന് 6 വർഷത്തേക്ക് ഷെയ്ഖിനെ സസ്പെൻഡും ചെയ്തു.
കുറച്ചേറെ വ്യത്യാസങ്ങളുണ്ടെങ്കിലും സിഎംആർഎൽ കേസിലും കൂടുതൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് സാധ്യതയുണ്ടെന്നാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്. രാഷ്ട്രീയമായി തന്നെ ഏറെ കോളിളക്കങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇ.ഡിയും കേന്ദ്ര സർക്കാരും അതിലേക്ക് കടക്കുമോ എന്നതാണ് പ്രധാന കാര്യം.അതേസമയം, സിഎംആർഎൽ–എക്സാലോജിക് കേസിൽ കൂടുതൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് പരിമിതികളുണ്ടെന്ന് വാദിക്കുന്നവരുമുണ്ട്. കാരണം സന്ദേശ്ഖലിയിലേത് പൊതുറേഷൻ വിതരണത്തിലെ അഴിമതിയും അതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലുമാണ്. എന്നാൽ വീണയുടെ കാര്യത്തിൽ സ്വകാര്യ കമ്പനിയിൽ നിന്ന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ‘മാസപ്പടി’ വാങ്ങി എന്ന ആരോപണമാണ്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് വീണയുടെ പേരിൽ ആരോപണങ്ങളില്ല. എസ്എഫ്ഐഒ, ഇ.ഡി എന്നിവയാണ് വീണയ്ക്കെതിരെയുള്ള കേസ് അന്വേഷിക്കുന്നത്. ഇ.ഡി അന്വേഷണ പരിധിയിൽ സന്ദേശ്ഖലിയിലേത് പോലെ ഭൂമി കയ്യേറ്റം, ഗുണ്ടാ പിരിവ്, സ്ത്രീപീഡനം, ആയുധങ്ങൾ സൂക്ഷിക്കൽ പോലെയുള്ള കുറ്റകൃത്യങ്ങളില്ല, മറിച്ച് കമ്പനി നിയമങ്ങളുടെ ലംഘനവും നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമേ ഉള്ളൂ. ഇതൊക്കെ കൊണ്ടുതന്നെ അന്വേഷണത്തിന്റെ വ്യാപ്തി വികസിപ്പിക്കുക എളുപ്പമല്ല എന്നും വാദങ്ങളുണ്ട്.
വീണയ്ക്കും സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ളവർക്കും ചോദ്യം ചെയ്യലിന് ഹാജരാവാൻ വൈകാതെ സമൻസ് അയയ്ക്കാനാണ് ഇ.ഡി തീരുമാനം. ഹർജിക്കാർ വൈകാതെ സുപ്രീം കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. സുപ്രീം കോടതിയെ സമീപിക്കാൻ രണ്ടാഴ്ച സമയം അനുവദിക്കണമെന്ന് ഹർജിക്കാർ ഇന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഒരു സ്വകാര്യ വ്യക്തി നൽകിയ ഹർജിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം ഇ.ഡി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം തേടി നോട്ടിസ് അയച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.