ന്യൂഡൽഹി: സിബിഎസ്ഇയുടെ ഡിജിറ്റൽ മൂല്യനിർണയ സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുന്നതിനിടെ ബോർഡ് ചെയർമാനെയും സെക്രട്ടറിയെയും കേന്ദ്ര സർക്കാർ അടിയന്തരമായി സ്ഥലം മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് നടപടി.
ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഡിജിറ്റൽ മൂല്യനിർണയത്തിനായി ഉപയോഗിച്ച ഓൺ-സ്ക്രീൻ മാർക്കിങ് സേവനങ്ങളുടെ കരാർ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണത്തിനും കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്.
സിബിഎസ്ഇയുടെ മൂല്യനിർണയ രീതികളെക്കുറിച്ചും പരീക്ഷാ ഫലത്തിനു ശേഷമുള്ള തുടർനടപടികളെക്കുറിച്ചും രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നിരുന്നു. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ വിഷയം വലിയ ആശങ്കയ്ക്ക് കാരണമായ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫല പ്രഖ്യാപനത്തിനു പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. തങ്ങളുടെ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത കോപ്പികൾ പരിശോധിക്കാൻ ശ്രമിച്ച വിദ്യാർഥികൾക്ക് വലിയ രീതിയിലുള്ള സാങ്കേതിക തടസങ്ങൾ നേരിടേണ്ടി വന്നു. ലഭ്യമായ ഡിജിറ്റൽ പകർപ്പുകളിൽ പല പേജുകളും വ്യക്തതയില്ലാത്തവയും, ചില ഭാഗങ്ങൾ പൂർണമായി നഷ്ടപ്പെട്ടവയുമായിരുന്നു എന്ന് വിദ്യാർഥികൾ ആരോപിച്ചു.
കൂടാതെ ബോർഡിന്റെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നതിലും ഉദ്യോഗാർഥികൾക്ക് കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. ഇതാണ് സിബിഎസ്ഇയുടെ പുതിയ ഡിജിറ്റൽ മൂല്യനിർണയ സംവിധാനത്തെ വലിയ രീതിയിൽ സംശയത്തിന്റെ നിഴലിലാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.