തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. എന്നാൽ നിങ്ങളുടെ നയം തുടരാനല്ല ജനങ്ങൾ തങ്ങളെ വിജയിപ്പിച്ച് ഈ സീറ്റിലിരുത്തിയതല്ലെന്ന് വി.ഡി. സതീശൻ തിരിച്ചടിച്ചു.
'കേരളം ഇതേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നു. ഇതാണ് ശരിയായ ധവളപത്രം എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം വീണിടത്ത് നിന്ന് ഉരുളലാണ്. ഇത് വിചിത്രമായ വാദമാണ്. സംസ്ഥാനത്ത് മാറിമാറി വന്ന സർക്കാരുകൾ ധവളപത്രം പുറത്തിറക്കിയിട്ടുണ്ട്. മുമ്പുള്ള എല്ലാ സർക്കാരുകളിലും ധവളപത്രം തയ്യാറാക്കിയിരിക്കുന്നത് ധനകാര്യ വകുപ്പാണ്. ഇവിടെ അങ്ങനെ അല്ല. അത് ഗൗരവമായ വിഷയമാണ്. നേരത്തെ ധനകാര്യ വകുപ്പ് തയ്യാറാക്കിയ ഇത്തരം രേഖകൾ പൊളിറ്റിക്കൽ ഡോക്യുമെന്റ് ആണെന്ന് മുഖ്യമന്ത്രി പറയുന്നത് വിചിത്രമായ വാദഗതിയാണ്. ഇപ്പോൾ പുറത്തിറക്കിയ ധവളപത്രമാണ് പൊളിറ്റിക്കൽ ഡോക്യുമെന്റ്. അത്തരം ഒരു പൊളിറ്റിക്കൽ ഡോക്യുമെന്റ് ഇവിടെ കൊണ്ടുവന്നത് തീർത്തും അനുചിതമായ നടപടിക്രമമാണ്'- പിണറായി വിജയൻ പറഞ്ഞു. വിദഗ്ധരുടെ ഉപദേശം പല കാര്യങ്ങളിലും തേടേണ്ടി വരും. എന്നാൽ ധവളപത്രം തയ്യാറാക്കുന്നത് ധനകാര്യവകുപ്പ് ആയിരിക്കണമെന്നും അതിന്റെ വ്യതിയാനമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉള്ളടക്കം നോക്കി ബാക്കി അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് മറുപടിയുമായി വി.ഡി. സതീശൻ രംഗത്തെത്തിയത്. ധവളപത്രം വായിച്ചു പോലും നോക്കാതെയാണ് പ്രതിപക്ഷ നേതാവ് പൊളിറ്റിക്കൽ ഡോക്യുമെന്റ് ആണ് എന്ന് പറയുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. മുൻവിധിയോടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറയുന്നത്. മന്ത്രിസഭ പരിശോധിച്ചതുകൊണ്ട് ഞങ്ങൾക്ക് ഇതിലുള്ള കാര്യങ്ങൾ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മുഖ്യമന്ത്രി പറഞ്ഞതിനുള്ള മറുപടിയാണ് താൻ പറഞ്ഞതെന്ന് പിണറായി വിജയൻ തിരിച്ചടിച്ചു. നേരത്തെ ഉള്ളതെല്ലാം പൊളിറ്റിക്കൽ ഡോക്യുമെന്റ് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. അതിനുള്ള മറുപടിയാണ് താൻ പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇതിന് മുമ്പ് കൊണ്ടുവന്ന പല ധവളപത്രങ്ങളും പൊളിറ്റിക്കൽ ഡോക്യുമെന്റ് ആയിരുന്നു, ഇത് അങ്ങനെ അല്ല എന്നാണ് താൻ പ്രസംഗത്തിൽ പറഞ്ഞതെന്നും അക്കാര്യം റെക്കോർഡിൽ ഉണ്ടെന്നും വേണമെങ്കിൽ പരിശോധിക്കാമെന്നും വി.ഡി. സതീശൻ പറഞ്ഞു. 'ഞങ്ങൾക്ക് ഞങ്ങളുടേതായ രീതിയുണ്ട്. നിങ്ങൾ പിന്തുടരുന്ന നയം തുടരാനല്ല ജനങ്ങൾ ഞങ്ങളെ ഇവിടെ ഇരുത്തിയിരിക്കുന്നത്. ആ നയങ്ങൾക്കും സമീപനങ്ങൾക്കും മാറ്റം ഉണ്ടാകണം. അതിനാണ് നിങ്ങളെ പരാജയപ്പെടുത്തി ഞങ്ങളെ വിജയിപ്പിച്ച് ഈ കസേരകളിൽ ഇരുത്തിയിരിക്കുന്നത്. ആ മാറ്റം ഉണ്ടാവുക തന്നെ ചെയ്യും'- വി.ഡി. സതീശൻ പറഞ്ഞു. നടപടിക്രമങ്ങളുടെ ലംഘനം ഉണ്ടാകരുതെന്നാണ് ഉദ്ദേശിച്ചത്. അത് പൂർണ്ണമായും സഭയിൽ ഉണ്ടായിരിക്കുന്നു. തിരഞ്ഞെടുപ്പ് വിജയം കൊണ്ട് എന്തുമാകാം എന്ന നിലയിൽ മുഖ്യമന്ത്രി പറയുന്നത് ശരിയായ നടപടിയല്ലെന്ന് പിണറായി വിജയൻ തിരിച്ചടിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.