ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിവാദങ്ങൾക്കിടയിൽ ക്ഷേത്രത്തിന്റെ ദൈനംദിന ഭരണച്ചുമതലയിൽ നിർണ്ണായക മാറ്റം വരുത്തി ഉത്തർപ്രദേശ് സർക്കാർ. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെയും സാമ്പത്തിക കാര്യങ്ങളുടെയും പൂർണ്ണ ചുമതല അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) ശശാങ്ക് ത്രിപാഠിക്ക് കൈമാറി.
ഏതാണ്ട് 200 കോടി രൂപയുടെ അഴിമതി ക്ഷേത്ര ഫണ്ടിൽ നടന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഈ വിവാദത്തിന് പിന്നിലുള്ളത്. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ഈ വിഷയം ആദ്യം ഉന്നയിച്ചത്. തുടർന്ന് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും 200 കോടിയുടെ തട്ടിപ്പ് നടന്നതായി ആരോപിച്ച് രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച പല വസ്തുക്കളും കാണാതായിട്ടുണ്ടെന്നും പണത്തിന്റെ കാര്യത്തിൽ വലിയ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ആരോപണങ്ങളുണ്ട്. ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാരിന് കൈമാറി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് ഔദ്യോഗികമായി റിപ്പോർട്ട് സമർപ്പിച്ചത്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ അടുത്ത അനുയായിയായ ടിനു യാദവ് ഉൾപ്പെടെയുള്ളവർക്കെതിരെ റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ഇതിന് പിന്നാലെയാണ് ജില്ലാ മജിസ്‌ട്രേറ്റിന് ഭരണചുമതല കൈമാറിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നത്. ഭരണമാറ്റത്തിനൊപ്പം തന്നെ ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാൻ കർശനമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കാണിക്ക പണം എണ്ണുന്ന സ്ഥലങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും പണം എണ്ണുന്ന ജീവനക്കാരെ കർശന പരിശോധനയ്ക്ക് വിധേയരാക്കാനും തീരുമാനമായിട്ടുണ്ട്. സംഭാവനകൾ സ്വീകരിക്കുന്നതിലും അവ കൈകാര്യം ചെയ്യുന്നതിലും പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. അതേസമയം, നിലവിലെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്കെതിരെ വ്യാപകമായ പ്രതിഷേധം തുടരുകയാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.