തിരുവനന്തപുരം: മൃഗശാലയിലെ ’വൈറൽ കുട്ടികളെ’ കാണാൻ മന്ത്രിയെത്തി. മൃഗശാലയിലെ സിംഹക്കുട്ടികളായ സിംബയെയും സൂരിയെയും കാണാനാണ് മന്ത്രി ഒ.ജെ. ജനീഷ് കുമാർ വ്യാഴാഴ്ച മൃഗശാലയിലെത്തിയത്. മൃഗശാലയിലെ ക്വാറന്റൈൻ സെന്ററിലെ പ്രത്യേക മുറിയിലാണ് ഇവയുള്ളത്.
സിംബയെയും സൂരിയെയും നേരിട്ട് കണ്ടും തൊട്ടും തലോടിയുമെല്ലാം മന്ത്രി ഒപ്പം ചേർന്നതോടെ കുട്ടിക്കുറുമ്പുകളുമായി സിംഹക്കുട്ടികളും മന്ത്രിക്ക് അടുത്തുകൂടി. മൃഗശാലയിലെ നൈല-ലിയോ എന്നീ സിംഹങ്ങൾക്ക് ജനുവരി 21-നുണ്ടായ കുഞ്ഞുങ്ങളെയാണ് മൃഗശാല ആശുപത്രിയിൽ പരിപാലിക്കുന്നത്.
കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ പ്രത്യേക പരിചരണത്തിനായി ആശുപത്രിയിലെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ആദ്യ പത്തുദിവസത്തോളം സിംഹക്കുട്ടികൾ കണ്ണുകൾ തുറന്നിരുന്നില്ല. പാൽ കുടിക്കാൻ കഴിയാത്തതിനാൽ ഇവയുടെ ഭാരവും നന്നേ കുറവായിരുന്നു. ഇതിനിടയിൽ ഒരിക്കൽ പെൺകുഞ്ഞ് രക്തത്തിലെ പഞ്ചസാര കുറഞ്ഞ് അപകടാവസ്ഥയിലാകുകയും ചെയ്തു. അന്ന് രാപകലില്ലാതെ പ്രത്യേക ദൗത്യസംഘം നടത്തിയ പരിചരണത്തിനൊടുവിൽ ഇവ സുഖം പ്രാപിക്കുകയായിരുന്നു.
മൃഗശാല അധികൃതരുടെ പരിപാലനത്തിലുള്ള സിംബയുടെയും സൂരിയുടെയും വീഡിയോ അടുത്തിടെ വൈറലായിരുന്നു. വകുപ്പുമന്ത്രിയായതോടെ മൃഗശാലയിൽ ആദ്യസന്ദർശനത്തിന് എത്തിയ മന്ത്രി ഒ.ജെ. ജനീഷ് കുമാർ ഇവയെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. കൂടുതൽ മൃഗങ്ങളെ മൃഗശാലയിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണും മറ്റ് ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.