ഡിജിറ്റൽ ലോകത്തെ വൻകിട ടെക് കമ്പനികളെ മുഴുവൻ മുട്ടുകുത്തിക്കാൻ പോന്ന ഒരു വമ്പൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് യുകെ സർക്കാർ. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ സേവനങ്ങൾ പൂർണ്ണമായി നിരോധിക്കാൻ യുകെ ഒരുങ്ങുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ എല്ലാ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്കും ഈ നിരോധനം ബാധകമായിരിക്കും. ഓസ്‌ട്രേലിയയേക്കാൾ കടുത്ത നിയമങ്ങളുമായി, കുട്ടികളുടെ ഡിജിറ്റൽ അഡിക്ഷന് അന്ത്യം കുറിക്കാൻ യുകെ നടപ്പിലാക്കുന്ന ഈ പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ നോക്കാം.
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കണമെന്ന സമ്മർദ്ദം ശക്തമാകുന്നതിനിടയിൽ നിർണായക പ്രഖ്യാപനവുമായി യുകെ. രാജ്യത്ത് 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ സേവനങ്ങൾ നൽകുന്നത് പൂർണമായി നിരോധിക്കുമെന്ന് പ്രധാനമന്ത്രി കിയ സ്റ്റാർമർ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്നും അതുകൊണ്ടുതന്നെ ഈ പൂർണ്ണ നിരോധനമാണ് ശരിയായ തീരുമാനമെന്നും അദ്ദേഹം ഒരു സന്ദേശത്തിലൂടെ വ്യക്തമാക്കി.
സ്നാപ്ചാറ്റ്, ടിക്ടോക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെല്ലാം ഈ നിരോധനം ബാധകമായിരിക്കും. എന്നാൽ വാട്‌സ്ആപ്പ്, സിഗ്നൽ എന്നിവയെ ഈ പുതിയ നിരോധനത്തിൽ നിന്നും ഒഴിവാക്കിയേക്കുമെന്നും യുകെ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ പുതിയ നിയമത്തിന്റെ ആദ്യഘട്ട നിയന്ത്രണങ്ങൾ 2027ഓടെ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഡിക്റ്റീവ് ഫീച്ചറുകൾക്ക് പൂട്ടുവീഴും; ഓസ്ട്രേലിയയേക്കാൾ കടുത്ത നിയമം
കഴിഞ്ഞ വർഷം അവസാനത്തോടെ സമാനമായ നിയമം പാസാക്കിയ ഓസ്‌ട്രേലിയയുടെ മാതൃക പിന്തുടർന്നാണ് യുകെയും ഈ വലിയ നീക്കത്തിന് മുതിരുന്നതെങ്കിലും കുട്ടികൾക്ക് ഹാനികരമെന്ന് കരുതുന്ന ഫീച്ചറുകൾക്ക് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് യുകെ ഒരുപടി കൂടി മുന്നോട്ട് പോകാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് ലൈവ് സ്ട്രീമിങ്, അപരിചിതരുമായുള്ള ആശയവിനിമയം എന്നിവ പൂർണ്ണമായി തടയും
സമാനമായ സുരക്ഷാ മുൻകരുതലുകൾ 16-ഉം 17-ഉം വയസ്സുള്ള കൗമാരക്കാർക്ക് ഡിഫോൾട്ടായി ലഭ്യമാക്കുകയും ചെയ്യും. ഇതുകൂടാതെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി സോഷ്യൽ മീഡിയയിൽ രാത്രികാല കർഫ്യൂഏർപ്പെടുത്തുന്നതിനെക്കുറിച്ചും ആപ്പുകളിലെ ഇൻഫിനിറ്റ് സ്ക്രോളിങ് (Infinite Scrolling) നിയന്ത്രിക്കുന്നതിനെക്കുറിച്ചും സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്.
കുട്ടികൾക്ക് അവരുടെ കുട്ടിക്കാലം തിരികെ നൽകുന്നതിനായി ലോകത്തിലെ മറ്റ് ഏത് രാജ്യത്തേക്കാളും വലിയ സുരക്ഷാ മുൻകരുതലുകളാണ് തങ്ങൾ ഒരുക്കുന്നതെന്ന് പ്രധാനമന്ത്രി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ കുട്ടികളെ അസംതൃപ്തരാക്കുന്നുണ്ടെന്നും അവ ഉപയോക്താക്കളെ അടിമപ്പെടുത്തുന്നരീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ യുവാക്കൾക്ക് ചില ഗുണങ്ങൾ നൽകിയിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഈ തീരുമാനം എളുപ്പത്തിൽ എടുത്ത ഒന്നല്ലെന്നും കെയർ സ്റ്റാർമർ വ്യക്തമാക്കി.
മാതാപിതാക്കളുടെ പിന്തുണ; വെല്ലുവിളിയായി വ്യാജ അക്കൗണ്ടുകൾ
സോഷ്യൽ മീഡിയയും സ്വയം ഉപദ്രവിക്കലും തമ്മിൽ ബന്ധപ്പെട്ട നിരവധി വിവാദ സംഭവങ്ങൾ യുകെയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഈ പുതിയ നിയമനിർമ്മാണം. ഒസമാനമായ നിരോധനം ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറിയിരുന്നുവെങ്കിലും പ്രായപരിധി മറികടക്കാനുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൗമാരക്കാർ ഇപ്പോഴും ഈ നിയന്ത്രണങ്ങളെ മറികടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നിയമം ലംഘിക്കുന്ന ടെക് കമ്പനികൾക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് യുകെ സർക്കാരിന്റെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.