കാരക്കാസ്: 2026 ജൂണ്‍ 24-ന് വെനസ്വേലയെ നടുക്കിയുണ്ടായ ഇരട്ട ഭൂകമ്പത്തിന്റെ തീവ്രതയിലും തകര്‍ച്ചയിലും ഫുട്ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തി ഹൃദയഭേദകമായ ദുരന്തവാര്‍ത്തകള്‍ പുറത്തുവരുന്നു.
യാരാകുയ് മേഖലയിലുണ്ടായ ശക്തമായ ഭൂചലനങ്ങളിലും അതിനുപിന്നാലെയുണ്ടായ തുടര്ച്ചലനങ്ങളിലും പെട്ട് അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലൂക്കാസ് ട്രെജോയുടെ ഭാര്യയും രണ്ട് മക്കളും മരണപ്പെട്ട വിവരം വെനസ്വേലന്‍ ടോപ്പ്-ഫ്ളൈറ്റ് ക്ലബ്ബായ ഡിപോര്‍ട്ടീവോ ലാ ഗൈ്വറ ഔദ്യോഗികമായി സ്ഥിരീകരിച്ചു.വെനസ്വേലന്‍ സെഗുണ്ട ഡിവിഷന് ക്ലബായ മാരിറ്റിമോയുടെ പ്രതിരോധതാരമായ ലൂക്കാസ് ട്രെജോയുടെ ഭാര്യ യാനിന മരനെല്ല, മക്കളായ ആരോണ്‍ ട്രെജോ, ഐന്‍ഹോവ ട്രെജോ എന്നിവരാണ് ഭൂകമ്പത്തില്‍ തകര്‍ന്ന റസിഡന്‍ഷ്യല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട് ദാരുണമായി മരണമടഞ്ഞത്.
ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശം വിതച്ച തീരദേശ മേഖലകളിലൊന്നായ പ്ലായ ഗ്രാന്‍ഡെയിലായിരുന്നു ട്രെജോയുടെ കുടുംബം താമസിച്ചിരുന്നത്. ഇവരുടെ അപ്പാര്‍ട്ട്മെന്റ് കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നുവീണതിനെ തുടര്‍ന്ന് ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തകരും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ചേര്‍ന്ന് വിപുലമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.സംഭവസമയത്ത് ലൂക്കാസ് ട്രെജോ തന്റെ ക്ലബ്ബായ മാരിറ്റിമോയ്ക്കൊപ്പം അടുത്ത മത്സരത്തിന്റെ തയ്യാറെടുപ്പുകള്‍ക്കായി തലസ്ഥാനമായ കാരക്കാസിലായിരുന്നതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.
ദുരന്തവാര്‍ത്ത സ്ഥിരീകരിക്കുന്നതിന് മുന്‍പ്, തന്റെ കുടുംബത്തെ കണ്ടെത്താന്‍ സഹായിക്കണമെന്നും പ്ലായ ഗ്രാന്‍ഡെയിലെ കെട്ടിടം തകര്‍ന്നതിനാല്‍ അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ട് ട്രെജോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു.
ലൂക്കാസ് ട്രെജോയുടെയും പ്രിയപ്പെട്ടവരുടെയും അഗാധമായ ദുഃഖത്തില്‍ പങ്കുചേരുന്നതായും മരിച്ചവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നതായും ഡിപോര്‍ട്ടീവോ ലാ ഗൈ്വറ (മാരിറ്റിമോ ലാ ഗൈ്വറ) ക്ലബ്ബ് അനുശോചന പ്രസ്താവനയിലൂടെ അറിയിച്ചു.
ഈ വന്‍ ദുരന്തത്തിനിടയിലും വെനസ്വേലയില്‍ നിന്നും ഹൃദയഭേദകവും അതേസമയം മാതൃത്വത്തിന്റെ വീരോചിതവുമായ മറ്റൊരു വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വെനസ്വേലന്‍ ഫുട്ബോള്‍ താരം ഹെക്ടര്‍ ബെല്ലോയുടെ മകള്‍ അലാനയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു.
എന്നാല്‍ കെട്ടിടം തകര്‍ന്നുവീണ നിമിഷത്തില്‍ മകളുടെ ജീവന് രക്ഷിക്കാനായി സ്വന്തം ശരീരം വന്മതിലലാക്കി മാറ്റിയ ബെല്ലോയുടെ ഭാര്യ ആന്‍ഡ്രിയയ്ക്ക് ഈ അപകടത്തില്‍ ജീവന് നഷ്ടമായി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത ഉടന്‍ തന്നെ ഗുരുതര പരിക്കുകളോടെ അലാനയെ കാരക്കാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭാര്യയുടെ വിയോഗത്തിന് പിന്നാലെ ഹെക്ടര്‍ ബെല്ലോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ജനങ്ങളുടെ കണ്ണ് നിറയ്ക്കുന്നതാണ്. തന്റെ മകളെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന് ബലിനല്‍കിയ ആന്‍ഡ്രിയ എന്നും തങ്ങളുടെ ഹീറോ ആയിരിക്കുമെന്നും അവള് എത്രത്തോളം അതിശയകരമായ അമ്മയായിരുന്നു എന്ന് മകള്‍ വളരുമ്പോള്‍ താന്‍ പറഞ്ഞുകൊടുക്കുമെന്നും ബെല്ലോ കുറിച്ചു.
തകര്‍ന്നുപോയ തന്റെ ഹൃദയത്തെ സുഖപ്പെടുത്താന്‍ ഇനി മകള്‍ക്ക് മാത്രമേ സാധിക്കൂ എന്നും പണ്ടത്തെപ്പോലെ സന്തോഷവാനായ ഒരു അച്ഛനെ ഇനി അവള്‍ക്ക് കാണാന്‍ കഴിഞ്ഞെന്ന് വരില്ലെങ്കിലും അവളെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള കുട്ടിയായി വളര്‍ത്തുമെന്നും അദ്ദേഹം മകള്‍ക്ക് വാക്ക് നല്കി. ഇനി താനും മകളും മാത്രമാണുള്ളതെന്നും ആന്‍ഡ്രിയ സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് തങ്ങള്‍ക്ക് കരുത്ത് നല്‍കുമെന്നും ബെല്ലോ കൂട്ടിച്ചേര്‍ത്തു.
വെനസ്വേലയിലുടനീളം വന്‍ നാശനഷ്ടങ്ങള്‍ വിതച്ച ഇരട്ട ഭൂചലനത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണസംഖ്യ ഇപ്പോള്‍ 1400 കടന്നിരിക്കുകയാണ്. ദുരന്തം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പല ദുരിതമേഖലകളിലും പൂര്‍ണ്ണമായി എത്തിച്ചേരാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ലാത്തതിനാല്‍ ജനങ്ങള്‍ തന്നെ നേരിട്ടിറങ്ങിയാണ് പലയിടത്തും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ദുരന്തത്തില്‍ ഇതുവരെ ആയിരത്തിലധികം പേര് മരിക്കുകയും അരലക്ഷത്തോളം (51,000) ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നുമാണ് അന്താരാഷ്ട്ര കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഏതാണ്ട് 67 ലക്ഷത്തോളം (6.76 ദശലക്ഷം) ആളുകളെ ഈ ഭൂകമ്പം സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇതില്‍ 20 ലക്ഷത്തോളം പേര് കാരക്കാസില്‍ ഉള്ളവരാണെന്നും യുഎന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്‍ വ്യക്തമാക്കുന്നു.
ഇരട്ടഭൂകമ്പത്തിന് പിന്നാലെയുണ്ടായ ശക്തമായ തുടര്‍ച്ചലനങ്ങളാണ് രാജ്യത്ത് നാശനഷ്ടങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. ദുരന്തബാധിതര്‍ക്കായി സൌജന്യ ഭക്ഷണവും മരുന്ന് വിതരണവും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. അതിനിടെ, ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശം വിതച്ച ലാഗൈ്വറ സംസ്ഥാനത്തേക്ക് സുരക്ഷ മുന്‍നിര്‍ത്തി പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് അധികൃതര്‍ ഉത്തരവിറക്കിയിട്ടുണ്ട്. കാണാതായ പതിനായിരക്കണക്കിന് ആളുകള്‍ക്കായുള്ള തിരച്ചില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.