ന്യൂഡല്‍ഹി: കേരളത്തിലെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമുള്ള നിർണായക ചുവടുവെപ്പുമായി ഇന്ത്യൻ റെയില്‍വേ.
ദക്ഷിണ റെയില്‍വേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മാരാരിക്കുളം മുതല്‍ ആലപ്പുഴ വരെയുള്ള 10.65 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിന് റെയില്‍വേ മന്ത്രാലയം അംഗീകാരം നല്‍കി. 220.51 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് റെയില്‍വേയുടെ പ്രത്യേക വികസന പദ്ധതികളുടെ ഭാഗമായാണ് അനുമതി ലഭിച്ചിരിക്കുന്നത്.എറണാകുളം - തുറവൂർ - ആലപ്പുഴ - അമ്പലപ്പുഴ - കായംകുളം കോറിഡോറില്‍ നിലവില്‍ ഒരൊറ്റ വരിപ്പാത മാത്രമായി അവശേഷിക്കുന്ന ഏക ഭാഗമാണ് മാരാരിക്കുളം - ആലപ്പുഴ സെക്ഷൻ.
ഈ പാതയിലെ മറ്റ് ഭാഗങ്ങളിലെല്ലാം ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂർത്തിയാവുകയോ നിലവില്‍ പുരോഗമിക്കുകയോ ചെയ്യുകയാണ്. ഈ വികസന പദ്ധതി പൂർത്തിയാകുന്നതോടെ ഇരുവശങ്ങളിലേക്കുമായി പ്രതിദിനം ഒമ്പത് പുതിയ പാസഞ്ചർ ട്രെയിനുകള്‍ കൂടി സർവീസ് നടത്താൻ സാധിക്കുമെന്നാണ് റെയില്‍വേ വിലയിരുത്തുന്നത്.
യാത്രാ ട്രെയിനുകള്‍ക്ക് പുറമെ പ്രതിവർഷം 2.88 ദശലക്ഷം ടണ്‍ ചരക്കുനീക്കം സുഗമമാക്കാനും ഈ പാതയിലൂടെ സാധിക്കും. കൂടുതല്‍ യാത്രക്കാരെയും ചരക്കുനീക്കത്തെയും ആകർഷിക്കുന്നതിലൂടെ റെയില്‍വേയ്ക്ക് പ്രതിവർഷം ഏകദേശം 3.08 കോടി രൂപയുടെ അധിക അറ്റാദായം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ട്രെയിനുകള്‍ പിടിച്ചിടുന്നത്ഒഴിവാക്കാനും സമയക്രമം പാലിക്കാനും യാത്ര കൂടുതല്‍ വേഗത്തിലാക്കാനും പുതിയ പാത സഹായിക്കും. കൂടാതെ, ഈ മേഖലയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലൂടെ വലിയൊരു യാത്രാവിപ്ലവത്തിനാണ് പാത സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഇന്ത്യൻ റെയില്‍വേയുടെ 'മിഷൻ 3000 എംടി', 'ഹൈ ഡെൻസിറ്റി ട്രാഫിക് നെറ്റ്‌വർക്ക് കോറിഡോർ' എന്നിവയുടെ കീഴിലാണ് ഈ പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ സാമ്പത്തിക നേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ ഫിനാൻഷ്യല്‍ ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ (FIRR) 3.99 ശതമാനവും എക്കണോമിക് ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ (EIRR) 22.30 ശതമാനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പദ്ധതിയുടെ ശക്തമായ സാമ്പത്തിക സുരക്ഷിതത്വത്തെയാണ് കാണിക്കുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.