മലപ്പുറം: ചാലിയാർ പുഴയെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് സംരക്ഷിക്കാൻ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയനായ യുവ പരിസ്ഥിതി പ്രവർത്തകൻ എടവണ്ണ കല്ലിടുമ്പ് സ്വദേശി പൂവമണ്ണില്‍ ഷാഹിനെ (38) പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വ്യാഴാഴ്ച രാത്രി പുഴയില്‍ മീൻ പിടിക്കാൻ പോയ ഷാഹിൻ ഏറെ വൈകിയും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നാട്ടുകാരും തിരുവാലി ഫയർഫോഴ്സും എടവണ്ണ പൊലീസും എമർജൻസി രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അർധരാത്രി പന്ത്രണ്ടോടെ മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ ഒഴുക്കില്‍പ്പെട്ട നിലയില്‍ തോണി കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.വർഷം തോറും സ്വന്തം തോണിയില്‍ ഒറ്റയ്ക്ക് ചാലിയാറിലിറങ്ങി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പുഴ ശുദ്ധീകരിച്ചിരുന്ന ഷാഹിന്റെ പ്രവർത്തനങ്ങള്‍ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. എടവണ്ണ കല്ലിടുമ്പില്‍ ആര്യൻതൊടിക പൂവമണ്ണില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ഉമ്മറിന്റെ മകനായ ഷാഹിന് ചാലിയാറുമായി അത്രമേല്‍ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ചാലിയാറിന്റെ തീരത്ത് വളർന്ന അദ്ദേഹത്തിന് ചെറുപ്പം മുതലേ ഈ പുഴയെ നന്നായി അറിയാമായിരുന്നു.എടവണ്ണയില്‍ ഒപ്റ്റിക്കല്‍സ് ഷോപ്പില്‍ ജോലി ചെയ്യുമ്പോഴും സ്വന്തമായി ഒരു തോണി വാങ്ങണമെന്നതായിരുന്നു ഷാഹിന്റെ ആഗ്രഹം. അതിലൂടെ ചാലിയാറിനെ ഒരു ഉപജീവന മാർഗമാക്കാമെന്നും അദ്ദേഹം സ്വപ്നം കണ്ടു.
പിന്നീട് ജോലി ഉപേക്ഷിച്ച് മീൻ പിടിക്കാനായി വലയും തോണിയും സ്വന്തമാക്കിയ ഷാഹിൻ, പുഴ മീൻ ഇഷ്ടപ്പെടുന്നവർക്കായി ഒരു വാട്സ്‌ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. എന്നാല്‍, പുഴയില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അദ്ദേഹത്തെ എപ്പോഴും അലട്ടിയിരുന്നു. ഇതോടെ, വലയിട്ട് കാത്തിരിക്കുന്ന ഇടവേളകളില്‍ പുഴയില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് തോണിയില്‍ നിറയ്ക്കുന്നത് അദ്ദേഹം പതിവാക്കുകയായിരുന്നു.പുഴസംരക്ഷണത്തിന് പുറമേ പുഴക്കരയിലും തന്റെ പറമ്പിലും ജൈവ കൃഷി നടത്തി, ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഏവർക്കും പ്രചോദനം നല്‍കിയ വ്യക്തിത്വമായിരുന്നു ഷാഹിൻ. സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ഇസ്ലാഹി പ്രസ്ഥാനത്തിലും അദ്ദേഹം നിറഞ്ഞുനിന്നു.
കൂടാതെ നാട്ടിലെ സേവനപ്രവർത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം 'കല്ലിടുമ്പ് വോയ്സ്' ടീമിലെ ഒരു നിറസാന്നിധ്യമായിരുന്നു. പരേതയായ മറിയമാണ് മാതാവ്. ഭാര്യ: ഫർഹാന നസ്രിൻ പി.സി (ഇരിവേറ്റി). സഹോദരങ്ങള്‍: സിനി (ഇരിവേറ്റി), ഷംന (എടക്കര).







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.