ഡല്‍ഹി: തലസ്ഥാന നഗരിയെ നടുക്കി ആന്റി നാർക്കോട്ടിക്‌സ് ബ്യൂറോ നടത്തിയ ലഹരിവേട്ടയ്ക്കിടെ നൈജീരിയൻ സ്വദേശിയായ യുവതി ഫ്‌ളാറ്റിന് മുകളില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു.
ഔട്ടർ ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സിനിമാക്കഥകളെ വെല്ലുന്ന രീതിയിലുള്ള നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നൈജീരിയൻ പൗരത്വമുള്ള സ്റ്റെല്ല പയസ് ആണ് റെയ്ഡിനിടെ ഭയന്നോടി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരണപ്പെട്ടത്. ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അന്താരാഷ്ട്ര തലത്തില്‍ വലിയ രീതിയിലുള്ള സിന്തറ്റിക് ലഹരിമരുന്ന് നിർമ്മാണ ശൃംഖല പ്രവർത്തിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.വിദേശികള്‍ താമസിക്കുന്ന ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വൻതോതില്‍ മയക്കുമരുന്ന് നിർമ്മാണവും വിതരണവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റി നാർക്കോട്ടിക്‌സ് സ്‌ക്വാഡ് പ്രദേശം വളഞ്ഞത്. ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയതോടെ
പരിഭ്രാന്തയായ സ്റ്റെല്ല, രക്ഷപ്പെടാനായി നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ സമീപത്തെ ബുരാരി സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലഹരിമരുന്ന് നിർമ്മാണത്തിനായി സജ്ജീകരിച്ചിരുന്ന അത്യാധുനിക ലാബ് തന്നെയാണ് സ്റ്റെല്ലയുടെ ഫ്‌ളാറ്റില്‍ പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സിന്തറ്റിക് മയക്കുമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തുക്കള്‍, വലിയ ബീക്കറുകള്‍,പ്രത്യേക തരം പൈപ്പുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ഫ്‌ളാറ്റിന്റെ ഉള്ളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും പോലീസ് കണ്ടുകെട്ടി. ഡല്‍ഹി കേന്ദ്രീകരിച്ച് വിദേശികള്‍ നടത്തുന്ന മയക്കുമരുന്ന് മാഫിയയുടെ വേരുകള്‍ അറുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തിലെ മറ്റ് നിലകളില്‍ താമസിച്ചിരുന്ന രണ്ട് വിദേശ പൗരന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നാം നിലയില്‍ താമസക്കാരനായ ‘സ്‌കൈ’, നാലാം നിലയിലെ താമസക്കാരനായ മാർട്ടിൻ ആരോണ്‍ എന്നിവരാണ് നിലവില്‍ പോലീസ് പിടിയിലായിരിക്കുന്നത്.
ഇതില്‍ സ്‌കൈയുടെ പക്കല്‍ നിന്ന് വിപണിയില്‍ വൻ വിലവരുന്ന നിരോധിത മയക്കുമരുന്നായ മെത്താംഫെറ്റാമിനും, ഒന്നരഗ്രാം ഹെറോയിനും അന്വേഷണസംഘം പിടിച്ചെടുത്തു.
മറ്റൊരു പ്രതിയായ മാർട്ടിൻ ആരോണിന്റെ മുറിയില്‍ നടത്തിയ വിശദമായ പരിശോധനയാണ് കേസിലെ നിർണായക വഴിത്തിരിവായത്. സ്റ്റെല്ല താമസിച്ചിരുന്ന ലഹരിമരുന്ന് നിർമ്മാണ മുറിയുടെ പൂട്ട് തുറക്കാനുള്ള താക്കോല്‍ കണ്ടെടുത്തത് മാർട്ടിന്റെ പക്കല്‍ നിന്നായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച
വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റെല്ലയുടെ മുറിയിലേക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ്, അറസ്റ്റ് ഭയന്ന് യുവതി താഴേക്ക് പതിച്ചത്. സംഭവത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്ക് പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.