കൊച്ചി: ഫോണ്‍ കോളിലൂടെ വീണ്ടും വൻ സൈബർ തട്ടിപ്പ്. വെറുമൊരു ഫോണ്‍ കോള്‍ അറ്റൻഡ് ചെയ്തതിന് പിന്നാലെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നഷ്ടമായത് മൂന്ന് ലക്ഷം രൂപ.
മരട് സ്വദേശിയായ മാർട്ടിൻ മാനുവല്‍ എന്ന സ്കൂള്‍ ബസ് ഡ്രൈവറാണ് സൈബർ തട്ടിപ്പുകാരുടെ ഏറ്റവും പുതിയ ഇരയായത്. വായ്പയെടുത്ത പണം കൊണ്ട് സ്വന്തമായൊരു വാഹനം വാങ്ങാനായി യാത്ര ചെയ്യുന്നതിനിടെയാണ് മാർട്ടിന് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.ഒരു ഇന്നോവ കാർ വാങ്ങുക എന്ന ലക്ഷ്യത്തോടെയാണ് മാർട്ടിൻ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. ഇതിനായി ബാങ്കില്‍ നിന്നും വായ്പയെടുത്ത തുകയായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ഡല്‍ഹിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് മാർട്ടിന്റെ മൊബൈല്‍ ഫോണിലേക്ക് അപരിചിതമായ ഒരു നമ്പറില്‍ നിന്നും കോള്‍ വരുന്നത്. യാതൊരു സംശയവും തോന്നാതെ ആ കോള്‍ അറ്റൻഡ് ചെയ്തതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്.
ഫോണ്‍ കോള്‍ അറ്റൻഡ് ചെയ്ത് അധികം വൈകാതെ തന്നെ ഒടിപി വരുകയും പിന്നീട് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടാൻ തുടങ്ങുകയായിരുന്നു. അക്കൗണ്ടിലുണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപയാണ് തട്ടിപ്പുകാർ കവർന്നത്. ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിൻവലിക്കപ്പെട്ടതായി ഫോണില്‍ തുടർച്ചയായി മെസേജ് വന്നപ്പോഴാണ് താൻ വലിയൊരു ചതിക്കുഴിയിലാണ് വീണതെന്ന് മാർട്ടിൻ തിരിച്ചറിയുന്നത്. സാധാരണക്കാരനായ ഒരു സ്കൂള്‍ ബസ് ഡ്രൈവർ ഏറെ കഷ്ടപ്പെട്ട് ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് സ്വരൂപിച്ച പണമാണ് നിമിഷനേരം കൊണ്ട് നഷ്ടമായത്.യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവം മാർട്ടിനെ കടുത്ത മാനസിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താനും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനും സൈബർ സെല്ലിനെയും പൊലീസിനെയും സമീപിച്ചിരിക്കുകയാണ് അദ്ദേഹം.
ശ്രദ്ധിക്കുക: അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍, പ്രത്യേകിച്ച് വിദേശ നമ്പറുകളില്‍ നിന്നോ വാട്സ്‌ആപ്പിലൂടെയോ വരുന്ന കോളുകള്‍ അറ്റൻഡ് ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്. ബാങ്ക് വിവരങ്ങളോ ഫോണില്‍ വരുന്ന ഒടിപിയോ യാതൊരു കാരണവശാലും മറ്റൊരാളുമായി പങ്കുവെക്കരുത്. എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് സംശയിച്ചാല്‍ ഉടൻ തന്നെ 1930 എന്ന സൈബർ ഹെല്‍പ്പ്‌ലൈൻ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.