കൊച്ചി: സൈബര്‍ ലോകത്ത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ച്, ഒടുവില്‍ കൊച്ചി മറൈന്‍ ഡ്രൈവിലെത്തിയപ്പോള്‍ ഒരു ജീവിയെപ്പോലും കാണാനില്ലാത്ത അവസ്ഥയിലായി 'കോക്രോച്ച് ജനതാ പാര്‍ട്ടി'.
ദക്ഷിണേന്ത്യയിലെ തങ്ങളുടെ ആദ്യത്തെ വന്‍ സംഗമം ഞായറാഴ്ച കൊച്ചിയില്‍ നടക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വീരവാദം മുഴക്കിയ സി.ജെ.പി അനുഭാവികള്‍, ഒടുവില്‍ ഒത്തുകൂടാന്‍ നിശ്ചയിച്ച സമയത്ത് അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. ഡിജിറ്റല്‍ ലോകത്തെ ഈ 'പാറ്റകളുടെ' വരവും കാത്ത് മാധ്യമങ്ങളും പോലീസും മണിക്കൂറുകളോളം കാത്തുനിന്നത് മാത്രമാണ് മിച്ചം.സി.ജെ.പി കൊച്ചി മീറ്റ് അപ്പ്' എന്ന പേരില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മറൈന്‍ ഡ്രൈവില്‍ ഒത്തുചേരാനായിരുന്നു ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയുള്ള ആഹ്വാനം. പ്രത്യേക പോസ്റ്ററുകളും ഇതിനായി തയ്യാറാക്കിയിരുന്നു. ഈ പോസ്റ്ററുകളിലെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ നേരെ എത്തിയിരുന്നത് ഇവരുടെ ടെലിഗ്രാം ഗ്രൂപ്പിലേക്കായിരുന്നു.
പാര്‍ട്ടിയെ നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍, അംഗങ്ങളെ പരസ്പരം പരിചയപ്പെടല്‍, നാടിന്റെ നന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വലിയ അഞ്ച് അജണ്ടകളാണ് ഈ കൂട്ടായ്മയ്ക്കായി ഇവര്‍ നിശ്ചയിച്ചിരുന്നത്.സമാധാനപരമായ ചര്‍ച്ചയാണ് ലക്ഷ്യമെന്നും പങ്കെടുക്കാന്‍ താല്പര്യമുള്ളവര് പേര്, വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. സൈബര്‍ ഇടങ്ങളില്‍ മാത്രം സജീവമായിരുന്ന ഈ വിചിത്ര പാര്‍ട്ടിയുടെ ആദ്യത്തെ നേരിട്ടുള്ള ഒത്തുചേരല്‍ കൊച്ചിയിലാണെന്ന വാര്‍ത്ത പരന്നതോടെ രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു.
ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസും അതീവ ജാഗ്രതയിലായിരുന്നു. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു.
എന്നാല്‍, പ്രഖ്യാപിച്ച സമയത്ത് മറൈന്‍ ഡ്രൈവില്‍ മാധ്യമപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമാണ് എത്തിയത്. പൊതുസ്ഥലത്ത് ഒത്തുകൂടുന്നതിനായി ഇവര്‍ പോലീസില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നതുമില്ല. കളി കാര്യമായതോടെ അണിയറ പ്രവര്‍ത്തകര്‍ മുങ്ങിയതായാണ് സൂചന. അതേസമയം, വ്യാജപ്രചാരണം നടത്തിയ ടെലിഗ്രാം അക്കൗണ്ടുകള്‍ സൈബര്‍ പോലീസ് ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം നിരവധി ഗ്രൂപ്പുകള്‍ സജീവമാണെങ്കിലും ഇവര്‍ക്ക് വ്യക്തമായ ജില്ലാ-സംസ്ഥാന നേതൃത്വങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. എങ്കിലും ഈ ഗ്രൂപ്പുകളുടെ യഥാര്‍ത്ഥ ലക്ഷ്യത്തെക്കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളെക്കുറിച്ചും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.