വില തുഛം, ഗുണം മെച്ചം: സൈക്കിളില്‍ വിറ്റ സോപ്പുപൊടി മുതല്‍ കോടികളുടെ സാമ്രാജ്യം വരെ; 'നിര്‍മ്മ' വിപണി പിടിച്ച കഥ!,

അഹമ്മദാബാദ്: കോടികളുടെ പരസ്യ ബജറ്റുള്ള, വിദേശത്ത് നിന്ന് വന്ന വമ്പന്‍ മള്‍ട്ടിനാഷണല്‍ കമ്പനികളെ ഒരു സാധാരണ ഇന്ത്യക്കാരന്‍ തന്റെ ബിസിനസ്സ് ബുദ്ധി കൊണ്ട് മാത്രം വിറപ്പിച്ചു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

അതും സ്വന്തം വീടിന്റെ പിന്നാമ്പുറത്തിരുന്ന് കൈകൊണ്ട് ഉണ്ടാക്കിയ ഒരു ഉല്‍പ്പന്നം വച്ച്‌! പറഞ്ഞുവരുന്നത് എന്തിനെ കുറിച്ചാണെന്ന് അറിയാമോ? 'വാഷിങ് പൗഡര്‍ നിര്‍മ്മ, വാഷിങ് പൗഡര്‍ നിര്‍മ്മ' എന്ന പരസ്യഗാനം കേട്ടിട്ടില്ലേ. അതേ, ഇന്ത്യന്‍ ബിസിനസ്സ് ചരിത്രത്തെ മാറ്റിമറിച്ച 'നിര്‍മ്മ' എന്ന ബ്രാന്‍ഡിന്റെയും അതിന് പിന്നിലെ കര്‍സന്‍ഭായ് പട്ടേല്‍ എന്ന മനുഷ്യന്റെയും മാസ്മരിക വിജയകഥയെ കുറിച്ചാണ്.

വര്‍ഷം 1969. ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു സാധാരണ സര്‍ക്കാര്‍ ജോലിക്കാരനായിരുന്നു കര്‍സന്‍ഭായ് പട്ടേല്‍. രസതന്ത്രത്തില്‍ ബിരുദമുണ്ടായിരുന്ന അദ്ദേഹം ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടുമുറ്റത്ത് ഒരു ചെറിയ പരീക്ഷണം നടത്തി. സ്വന്തം കൈകൊണ്ട് ഡിറ്റര്‍ജന്റ് പൗഡര്‍ നിര്‍മ്മിക്കുക എന്ന പരീക്ഷണമായിരുന്നു അത്.

അക്കാലത്ത് ഇന്ത്യന്‍ വിപണിയില്‍ ഡിറ്റര്‍ജന്റ് പൗഡര്‍ ഒരു ആഡംബര വസ്തുവായിരുന്നു. ഹിന്ദുസ്ഥാന്‍ ലിവറിന്റെ 'സര്‍ഫ്' ആയിരുന്നു അന്ന് വിപണി ഭരിച്ചത്. കിലോയ്ക്ക് 13 മുതല്‍ 15 രൂപ വരെ വില ഈടാക്കിയപ്പോള്‍ സാധാരണ കുടുംബങ്ങള്‍ക്ക് അത് വാങ്ങാന്‍ കഴിയുമായിരുന്നില്ല. ആ വിടവിലാണ് കര്‍സന്‍ഭായ് വലിയൊരു ബിസിനസ് അവസരം കണ്ടത്. ഗുണനിലവാരമുള്ള ഡിറ്റര്‍ജന്റ് കുറഞ്ഞ വിലയ്ക്ക് സാധാരണക്കാരിലേക്ക് എത്തിക്കുക!

കര്‍സന്‍ഭായ് വീട്ടിലിരുന്ന് ഒരുവിധം ഡിറ്റര്‍ജന്റ് പൗഡര്‍ നിര്‍മിച്ചു. തന്റെ ഉല്‍പ്പന്നത്തിന് അദ്ദേഹം ഒരു പേര് നല്‍കി, 'നിര്‍മ്മ'. വെറുമൊരു പേരായിരുന്നില്ല അത്. അകാലത്തില്‍ നഷ്ടപ്പെട്ട മകള്‍ നിരുപമയുടെ ഓര്‍മ്മയായിരുന്നു അത്. 'നിര്‍മ്മ' എന്നത് മകളുടെ വിളിപ്പേരായിരുന്നു. നിര്‍മ്മ പാക്കറ്റില്‍ കണ്ട വെളുത്ത ഫ്രോക്ക് ധരിച്ച പെണ്‍കുട്ടിയും നിരുപമ തന്നെ.

എന്നാല്‍, ഒരു നല്ല ഉല്‍പ്പന്നം ഉണ്ടാക്കിയാല്‍ മാത്രം പോരല്ലോ... അത് ആളുകളിലെത്തിക്കണം. എതിന് എന്താണൊരു മാര്‍ഗ്ഗം? ജോലിക്ക് പോകുന്നതിന് മുന്‍പും ശേഷവും സൈക്കിളില്‍ വീടുവീടാന്തരം കയറിയിറങ്ങി അദ്ദേഹം ഈ പൗഡര്‍ വിറ്റു. വില എത്രയായിരുന്നു എന്നറിയാമോ? വെറും 3 രൂപ! 

വന്‍കിടക്കാര്‍ 15 രൂപക്ക് വില്‍ക്കുമ്പോഴാണ് കര്‍സന്‍ഭായ് സോപ്പുപൊടി 3 രൂപക്ക് വിറ്റതെന്ന് ഓര്‍ക്കണം. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയേക്കാള്‍ നാലിരട്ടി കുറവ്. ഒപ്പം ഒരു 'മണി ബാക്ക് ഗ്യാരണ്ടിയും' അദ്ദേഹം നല്‍കി. നിര്‍മ്മ സോപ്പുപൊടി ഉപയോഗിച്ചിട്ട് ഇഷ്ടമായില്ലെങ്കില്‍ വാങ്ങിയ പണം തിരികെ നല്‍കാം എന്നായിരുന്നു ഉറപ്പ്.

വിലയോ കുറവ്, ഗുണമേന്മയോ മികച്ചത്. ജനങ്ങള്‍ പതിയെ നിര്‍മയെ സ്വീകരിക്കാന്‍ തുടങ്ങി. ഒരു ദിവസം 15 പാക്കറ്റ് വിറ്റിരുന്ന സൈക്കിള്‍ക്കാരന്റെ ഉല്‍പ്പന്നം, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗുജറാത്ത് മുഴുവന്‍ അറിയപ്പെടുന്ന ബ്രാന്‍ഡായി മാറി.

നിര്‍മ്മ പെട്ടെന്ന് ജനപ്രിയമായി. വലിയ ഡിമാന്‍ഡ് വന്നു. പക്ഷേ, അവിടെയാണ് വലിയൊരു പ്രതിസന്ധി ഉണ്ടായത്. കടക്കാര്‍ നിര്‍മ്മയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി വിറ്റെങ്കിലും, കര്‍സന്‍ഭായിക്ക് കൃത്യമായി പണം നല്‍കിയില്ല. കടം കൂടിവന്നു. പണം ചോദിച്ചു ചെല്ലുന്ന സെയില്‍സ്മാന്‍മാരെ കടക്കാര്‍ മടക്കി അയച്ചു. കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലായി.

ഒരു സാധാരണ ബിസിനസ്സുകാരന്‍ ആണെങ്കില്‍ ഇവിടെ തകര്‍ന്നുപോയേനെ. പക്ഷേ കര്‍സന്‍ഭായ് ഒരു വിപ്ലവകരമായ തീരുമാനമെടുത്തു. അദ്ദേഹം തന്റെ സെയില്‍സ് ടീമിനെ വിളിച്ച്‌ പറഞ്ഞു: 'മാര്‍ക്കറ്റിലുള്ള എല്ലാ നിര്‍മ്മ പാക്കറ്റുകളും തിരികെ എടുക്കുക. ഒരൊറ്റ കടയിലും ഒരു പാക്കറ്റ് പോലും നിര്‍മ്മ ബാക്കി വെക്കരുത്.'

അടുത്ത ദിവസം കടകളില്‍ ഒരിടത്തും നിര്‍മ്മ ലഭ്യമല്ലാതായി. അതേസമയം കര്‍സന്‍ഭായ് തന്റെ കൈവശമുള്ള പണം മുഴുവന്‍ ഉപയോഗിച്ച്‌ ഒരു പരസ്യ കാമ്പെയ്ന്‍ ആരംഭിച്ചു. 'വാഷിംഗ് പൗഡര്‍ നിര്‍മ്മ... വാഷിംഗ് പൗഡര്‍ നിര്‍മ്മ... ദൂദ് സി സഫേദി നിര്‍മ്മ സേ ആയീ...' എന്ന ആ പ്രശസ്തമായ പാട്ട് ഇന്ത്യയിലെ എല്ലാ വീടുകളിലും മുഴങ്ങിക്കേട്ടു. ടിവി തുറന്നാല്‍ നിര്‍മ്മ. റേഡിയോ തുറന്നാല്‍ നിര്‍മ്മ. ഇന്ത്യയിലെ ഓരോ വീട്ടിലും നിര്‍മ്മ.

പരസ്യം കണ്ട് ആളുകള്‍ കടകളില്‍ ചെന്ന് നിര്‍മ്മ ചോദിക്കാന്‍ തുടങ്ങി. പക്ഷേ എവിടെയും സ്റ്റോക്കില്ല! ഡിമാന്‍ഡ് അതിന്റെ അത്യുന്നതിയില്‍ എത്തി. കടക്കാര്‍ നിര്‍മ്മയ്ക്ക് വേണ്ടി നെട്ടോട്ടമോടി. ഒരു മാസത്തിന് ശേഷം കര്‍സന്‍ഭായ് നിര്‍മ്മ പാക്കറ്റുകള്‍ വീണ്ടും മാര്‍ക്കറ്റില്‍ ഇറക്കി. പക്ഷേ ഇത്തവണ നിബന്ധനകള്‍ കര്‍സന്‍ഭായിയുടേതായിരുന്നു! 'കടം തരില്ല, പണം മുന്‍കൂട്ടി തരുന്നവര്‍ക്ക് മാത്രം ഉല്‍പ്പന്നം.' വമ്പന്‍ മള്‍ട്ടിനാഷണല്‍ കമ്പനികളെപ്പോലും ഞെട്ടിച്ചുകൊണ്ട്, പൂര്‍ണ്ണമായും ക്യാഷ് ആന്‍ഡ് ക്യാരി മോഡലിലേക്ക് നിര്‍മ്മ മാറി. ബിസിനസ്സ് ലോകം കണ്ട ഏറ്റവും മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ ഒന്നായിരുന്നു അത്!

1980കളില്‍ വിദേശ ബ്രാന്‍ഡായ സര്‍ഫിനെ മറികടന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഡിറ്റര്‍ജന്റായി നിര്‍മ്മ മാറി. വിപണിയുടെ 35 ശതമാനത്തിലധികം നിര്‍മ്മ കൈക്കലാക്കി. പിന്നീട് സോപ്പ് വിപണിയിലേക്കും അവര്‍ കടന്നു. ഒരു സൈക്കിളില്‍ തുടങ്ങിയ ആ യാത്ര പിന്നീട് 14,000-ലധികം ജീവനക്കാരുള്ള, കോടിക്കണക്കിന് രൂപ വിറ്റുവരവുള്ള ഒരു വന്‍കിട ബിസിനസ്സ് സാമ്രാജ്യമായി വളര്‍ന്നു. കര്‍സന്‍ഭായ് പട്ടേലിനെ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു.

ഈ കഥയില്‍ നിന്ന് പഠിക്കാനുള്ള ഏറ്റവും വലിയ പാഠം എന്താണ്? ഉപഭോക്താവിന് എന്താണ് വേണ്ടത്, അത് എപ്പോള്‍ വേണം, എവിടെ വച്ച്‌ വേണം, ഏത് വിലയ്ക്ക് വേണം എന്ന് കൃത്യമായി മനസ്സിലാക്കിയാല്‍, വില്‍പന എന്നത് തനിയെ സംഭവിച്ചോളും. വലിയ വിജയങ്ങള്‍ പലപ്പോഴും വലിയ ഓഫീസുകളില്‍ നിന്നല്ല തുടങ്ങുന്നത്. ഒരു വീട്ടുമുറ്റത്ത് നിന്നോ, ഒരു സൈക്കിളില്‍ നിന്നോ, ഒരു സാധാരണ മനുഷ്യന്റെ അസാധാരണമായ ചിന്തയില്‍ നിന്നോ ഒക്കെയാവും.

അതുകൊണ്ടാണ് കര്‍സന്‍ഭായ് പട്ടേലിന്റെയും നിര്‍മ്മയുടെയും കഥ ഇന്ന് ബിസിനസ് ലോകം പഠിക്കുന്നത്. എന്നാല്‍, പൊരുതി നേടിയ വിജയത്തിനൊപ്പം, ഇടറി വീണ പരാജയത്തിന്റെയും കഥ നിര്‍മ്മക്ക് പറയാനുണ്ട്. കാരണം, അന്ന് നേടിയെടുത്ത ഒന്നാം സ്ഥാനം പിന്നീട് നിര്‍മ്മക്ക് നഷ്ടമായി. ഇന്ന് നിര്‍മയുടെ മാര്‍ക്കറ്റ് വിഹിതം വളരെ കുറഞ്ഞത് മാത്രമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !