ന്യൂഡല്‍ഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ പശ്ചിമേഷ്യയില്‍ സ്ഥിരത കൊണ്ടുവരുമെന്ന പ്രതീക്ഷ ഉയരുന്നതിനിടെ, ഈ നീക്കം ഇന്ത്യയ്ക്ക് സാമ്പത്തികമായും തന്ത്രപരമായും വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന വിലയിരുത്തലാണ് വിദഗ്ധര്‍ നടത്തുന്നത്.
പ്രത്യേകിച്ച് ഹോര്‍മുസ് കടലിടുക്കിന്റെ പുനരാരംഭം, എണ്ണവിലയിലെ ഇടിവ്, ഇറാനുമായുള്ള വ്യാപാരബന്ധങ്ങളുടെ പുനരുജ്ജീവനം, ചാബഹാര്‍ തുറമുഖ വികസനം എന്നിവ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്സംഘര്ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം തടസപ്പെട്ടത് ആഗോള ഊര്‍ജവിപണിയെ ബാധിച്ചിരുന്നു. സമാധാന കരാറില്‍ ധാരണയായതോടെ ഈ കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നെങ്കിലും, ഗള്‍ഫ് മേഖലയിലെ എണ്ണപ്പാടങ്ങള്‍,
റിഫൈനറികള്‍, സംഭരണകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ പരിഹരിച്ച് സാധാരണ നിലയിലാകാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ അമേരിക്കയും ഇറാനും യുദ്ധം അവസാനിപ്പിക്കുമെന്നതില്‍ കപ്പല്‍ കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും എത്രത്തോളം വിശ്വാസമുണ്ടാകുമെന്നതും നിര്‍ണായകമാണ്.
എന്നിരുന്നാലും സമാധാന കരാര്‍ സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ ആഗോള എണ്ണവിപണിയില്‍ വലിയ പ്രതികരണമാണ് ഉണ്ടായത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 4.16 ഡോളര്‍ കുറഞ്ഞ് മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 83.17 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡും 4.13 ഡോളര്‍ ഇടിഞ്ഞ് 80.75 ഡോളറിലെത്തിഇന്ത്യയ്ക്ക് ഇത് വലിയ ആശ്വാസമാണ്. രാജ്യത്തിന്റെ എണ്ണ ആവശ്യകതയുടെ വലിയൊരു പങ്കും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനത്തിലധികവും പ്രകൃതിവാതക ആവശ്യത്തിന്റെ 70 മുതല്‍ 90 ശതമാനം വരെയും ഹോര്‍മുസ് കടലിടുക്കിലൂടെയായിരുന്നു എത്തിച്ചിരുന്നത്. അതിനാല്‍ കടലിടുക്ക് സാധാരണ നിലയിലാകുകയും എണ്ണവില കുറയുകയും ചെയ്യുന്നത് ഇന്ത്യയുടെ ഇറക്കുമതിക്കായുള്ള ചെലവു കുറയ്ക്കക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, എണ്ണ ഇറക്കുമതിയുടെ ചെലവ് കുറയുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് (CAD) ഏകദേശം 15 ബില്യണ്‍ ഡോളര്‍ വരെ കുറയ്ക്കാന്‍ സഹായിച്ചേക്കും. ഇത് രൂപയ്ക്കുമേലുള്ള സമ്മര്‍ദം കുറയ്ക്കുകയും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായകമാവുകയും ചെയ്യും. 40 കോടിയിലധികം മധ്യവര്‍ഗ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്ന ഘടകമായും ഇത് മാറിയേക്കും.
സമാധാന ധാരണയുടെ ഭാഗമായി ഇറാനിയന്‍ എണ്ണയ്ക്കും പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള അമേരിക്കന്‍ ഉപരോധങ്ങള്‍ ഇളവാക്കാന്‍ ധാരണയായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഉപരോധങ്ങള്‍ക്ക് മുമ്പ് ഇന്ത്യ പ്രതിദിനം ഏകദേശം മൂന്ന് ലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണ വാങ്ങിയിരുന്നു. ഉപരോധങ്ങള്‍ നീങ്ങിയാല്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി വീണ്ടും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
ഊര്‍ജ മേഖലയ്ക്ക് പുറമേ ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ള മറ്റൊരു മേഖലയാണ് ചാബഹാര്‍ തുറമുഖം. ഇറാനിലെ ഈ തുറമുഖം ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരത്തിന് നിര്‍ണായക കവാടമാണ്.
സമാധാന അന്തരീക്ഷം ശക്തമായാല്‍ ചാബഹാര്‍ തുറമുഖ വികസനവും ഇന്ത്യ, റഷ്യ, മധ്യേഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര നോര്‍ത്ത്-സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോര്‍ (INSTC) പദ്ധതിയും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ
അതേസമയം ചില ആശങ്കകളും നിലനില്ക്കുന്നു. ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികള്‍ പൂര്‍ണമായും അവസാനിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇസ്രായേല്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ഈ വിഷയത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനന്, ഗാസ, സിറിയ എന്നിവിടങ്ങളിലെ ഇസ്രായേല്‍ സൈനിക സാന്നിധ്യം തുടരുന്നതും പശ്ചിമേഷ്യയിലെ സമാധാന പ്രക്രിയക്ക് വെല്ലുവിളിയാകാമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയ്ക്ക് ഇസ്രായേലുമായും ഇറാനുമായും അമേരിക്കയുമായും ഒരുപോലെ തന്ത്രപ്രധാന ബന്ധങ്ങളുണ്ട്. അതിനാല്‍ പുതിയ പശ്ചിമേഷ്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ സമതുലിതമായ നയതന്ത്ര സമീപനം തുടരേണ്ടതും നിര്ണായകമായിരിക്കുംഅമേരിക്ക-ഇറാന് സമാധാന ധാരണ ദീര്‍ഘകാലം നിലനില്‍ക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ കരാര്‍ വിജയകരമായി മുന്നോട്ടുപോയാല്‍ എണ്ണവില കുറയുക, ഇറക്കുമതി ചെലവ് താഴുക, ചാബഹാര്‍ തുറമുഖ വികസനം വേഗത്തിലാകുക, വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുക തുടങ്ങിയ നിരവധി നേട്ടങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധരും നയതന്ത്ര നിരീക്ഷകരും,








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.