മസ്കത്ത്: ഒമാനിലെ ജലാൻ ബാനി ബൂ അലിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട പ്രവാസി യുവാവിന്റെ പോക്കറ്റില്‍നിന്നു ലഭിച്ച ആത്മഹത്യകുറിപ്പുമായി ബന്ധപ്പെട്ട് ഒമാനിലെ സാമൂഹിക പ്രവർത്തകനായ ഇബ്രാഹിം ഒറ്റപ്പാലം എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പ്രവാസികള്‍ക്കിടയില്‍ ചർച്ചയാവുന്നു.
പ്രവാസികളില്‍ ചിലരെങ്കിലും അനുഭവിക്കുന്ന അരക്ഷിത ബോധത്തിലേക്കുള്ള സൂചന കൂടിയാണ് ഈ ആത്മഹത്യ കുറിപ്പും അതിനെത്തുടർന്നുള്ള ഇബ്രാഹിമിന്റെ എഫ്.ബി പോസ്റ്റും. മസ്കത്ത് കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും കെയർ വിങ് ചെയർമാനുമാണ് ഇബ്രാഹിം ഒറ്റപ്പാലം.ഒമാനില്‍ മരണപ്പെട്ട നൂറുകണക്കിന് പ്രവാസികളുടെ മരണാനന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ഇബ്രാഹിം, ഇത്രയും കാലത്തെ സാമൂഹിക പ്രവർത്തന പരിചയമുണ്ടായിട്ടും ഈയൊരു ആത്മഹത്യാ കുറിപ്പ് തന്റെ ഉള്ളുലച്ചുകളഞ്ഞതായി കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ,
'താങ്ങാൻ കഴിയാത്ത അത്രയും വലിയൊരു സങ്കടക്കടല്‍ ഉള്ളില്‍ ഒതുക്കാൻ വയ്യാതെ ഒടുവില്‍ ശ്വാസം മുട്ടിപ്പോയതു കൊണ്ടാണോ അവനങ്ങനെ ചെയ്തത്? അതോ, ഒരു നിമിഷത്തെ ഇരുളടഞ്ഞ ആലോചനയില്‍ ജീവിതം തന്നെ അവസാനിപ്പിച്ചു കളയാൻ തോന്നിയതാണോ? അറിയില്ല... കുടുംബത്തിലെ പ്രാരാബ്ധങ്ങളോ, അതോ തൊഴിലിടത്തിലെ കനല്‍വഴികളോ? നമുക്കൊന്നിനും ഉത്തരമില്ല.
പക്ഷെ, ഒടുവില്‍ അവന്റെ ചേതനയറ്റ ശരീരത്തിന്റെ പോക്കറ്റില്‍ നിന്നും ചുരുട്ടിക്കൂട്ടിയ നിലയില്‍ കണ്ടെടുത്ത ആ ഒരു തുണ്ട് കടലാസിലെ വരികള്‍... അത് എന്റെ ഉള്ളുലക്കുകയല്ല, മറിച്ച് നെഞ്ച് പിളർന്നു കളയുകയാണ് ചെയ്തത്. വർഷങ്ങളായി പ്രവാസലോകത്തുണ്ട് ഞാൻ.മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ സ്വപ്നങ്ങള്‍ കരിഞ്ഞുപോയ എത്രയോ പ്രവാസികളുടെ മരണങ്ങള്‍ ഞാൻ കൈകാര്യം ചെയ്തിരിക്കുന്നു. എല്ലാ നിയമനടപടികളും പൂർത്തിയാക്കി, എത്രയോ പേരുടെ പെട്ടികള്‍ കണ്ണീരോടെ നാട്ടിലേക്ക് കയറ്റിവിട്ടിരിക്കുന്നു. ചിലരെയൊക്കെ ഈ മണലില്‍ തന്നെ മതാചാരപ്രകാരം മണ്ണോട് ചേർക്കാനും നേതൃത്വം നല്‍കേണ്ടി വന്നിട്ടുണ്ട്.
ഒരുപാട് പ്രവാസി കുടുംബങ്ങളുടെ ഹൃദയം പൊട്ടിയുള്ള കരച്ചിലുകള്‍ കേട്ടിട്ടുണ്ട്, പലവിധത്തിലുള്ള മരണാനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍, ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണ്! പലവട്ടം, അതെ... പലവട്ടം ഞാനാ കടലാസ് കഷ്ണം വീണ്ടും വീണ്ടും വായിച്ചു. വായിക്കുമ്പോഴൊക്കെ എന്റെ ഉള്ള് പിടയുകയായിരുന്നു,
കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. താൻ മരിച്ചുകഴിഞ്ഞാല്‍ തന്റെ ഈ മൃതദേഹം എന്ത് ചെയ്യണമെന്ന് ഒരു മനുഷ്യൻ സ്വന്തം കൈപ്പടയില്‍ കടലാസില്‍ കുറിച്ചുവെക്കുക! എന്നിട്ട്, 'മെഡിക്കല്‍ കോളജില്‍ പഠിക്കാൻ കൊടുത്തേക്കാൻ അമ്മയോട് പറയണം' എന്ന് പോലും എഴുതിവെക്കാൻ അവന് എങ്ങനെ തോന്നിയിട്ടുണ്ടാകും?മരിക്കാൻ പോകുന്ന ആ അവസാന നിമിഷത്തിലും, ഒടുങ്ങിക്കഴിയുമ്പോള്‍ മറ്റുള്ളവർക്ക് ഉപകാരപ്പെടണം എന്ന് ചിന്തിച്ച അവന്റെ ഉള്ളിലെ ആ സങ്കടത്തിന്റെ ആഴം എത്രയായിരുന്നിരിക്കണം?
ഇന്ന് പുലർച്ചെയാണ് എനിക്ക് ഒമാനിലെ 'ജാലാൻ ബനി ബു ആലി'യില്‍ നിന്നും ഒരു സ്വദേശിയുടെ വിളി വരുന്നത്. തന്റെ കീഴില്‍ ജോലി ചെയ്യുന്ന മലയാളി തൊഴിലാളി മരിച്ചുപോയി എന്നതായിരുന്നു ആ വാർത്ത.
പെട്ടെന്ന് തന്നെ അതിന്റെ പേപ്പർ വർക്കുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിനിടയിലാണ് സ്പോണ്‍സറുടെ അടുത്ത വിളിയും ഒപ്പം ഒരു വാട്സ്‌ആപ്പ് സന്ദേശവും എന്റെ ഫോണിലെത്തുന്നത്. 'ഇങ്ങനെയൊരു കുറിപ്പ് അവന്റെ പോക്കറ്റില്‍ നിന്നും കിട്ടിയിട്ടുണ്ട്, ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്?' എന്ന് ചോദിച്ചായിരുന്നു ആ അറബി എന്നെ വിളിച്ചത്.
ആ കുടുംബത്തിന്റെ ഫോണ്‍ നമ്പറും എന്റെ കൈകളില്‍ തന്ന്, എല്ലാം ദൈവത്തെ ഓർത്ത് ഉചിതമായി കൈകാര്യം ചെയ്യാനും ആ സ്പോണ്‍സർ എന്നെ ചുമതലപ്പെടുത്തി. ആ അറബിയുടെ വിളി കട്ട് ചെയ്ത് ഞാൻ ഫോണിലേക്ക് നോക്കി. ആ വാട്സ്‌ആപ്പ് ചിത്രത്തില്‍ കണ്ട ആ വരികള്‍ ഇപ്പോഴും എന്റെ കണ്‍മുന്നില്‍ നിന്നും മായുന്നില്ല.
പ്രവാസം എന്നാല്‍ വെറും പണമുണ്ടാക്കല്‍ മാത്രമല്ലെന്നും, ചിലരുടെയെങ്കിലും ഉള്ളില്‍ തിളച്ചുമറിയുന്ന വലിയൊരു ഏകാന്തതയുടെയും നിസ്സഹായാവസ്ഥയുടെയും നരകമാണെന്നും ഈ ഒരു തുണ്ട് കടലാസ് എന്നെ വീണ്ടും ഓർമിപ്പിക്കുന്നു. ഇനിയെങ്ങനെയാണ് ആ അമ്മയെ വിളിച്ച് ഞാനിത് പറയുക? എന്റെ ഉള്ള് ഇപ്പോഴും പിടയുകയാണ്..."
കാസർകോട് പനത്തടിചാമുണ്ഡിക്കുന്ന് പുളിക്കടവ് വെള്ളാവൂർ ഹൗസില്‍ ഹരീഷ് കുമാറിനെയാണ് (36) മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുഅലിയില്‍ ഒരു ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: മോഹനൻ. മാതാവ്: ജയശ്രീ. കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തില്‍ മരണാനന്തര നടപടികള്‍ പൂർത്തിയാക്കി വരുന്നതായും ഭാരവാഹികള്‍ അറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.