തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്നായി പൊതുമേഖലാ സ്ഥാപനങ്ങളുടെ വൻ നഷ്ടം ചൂണ്ടിക്കാട്ടി സർക്കാർ പുറത്തിറക്കിയ ധവളപത്രം.
കെഎസ്‌ആർടിസി, കെഎസ്‌ഇബി, കേരള വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനച്ചെലവും നഷ്ടപരിഹാര ബാധ്യതകളും സംസ്ഥാന ഖജനാവിന് വലിയ ഭാരം സൃഷ്ടിക്കുന്നുവെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തല്‍.ഈ സ്ഥാപനങ്ങളെ നിലനിർത്തുന്നതിനായി ഓരോ വർഷവും ബജറ്റില്‍നിന്ന് വൻതുക സബ്‌സിഡിയായും ഗ്രാന്റായും അനുവദിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. അതേസമയം, കൊച്ചി മെട്രോ പ്രതിമാസം 35 കോടി രൂപയുടെ നഷ്ടം നേരിടുന്നതായും ധവളപത്രം വ്യക്തമാക്കുന്നു.
2024-25 സാമ്പത്തിക വർഷത്തില്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി രൂപയിലെത്തിയതായും റിപ്പോർട്ടില്‍ പറയുന്നു.
കേരളത്തിന്റെ മൊത്തം കടബാധ്യത 5.07 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ടെന്നും ഇത് സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 35.5 ശതമാനത്തിന് തുല്യമാണെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. റവന്യൂ വരുമാനത്തിന്റെ 77 ശതമാനത്തിലധികവും ശമ്പളം, പെൻഷൻ, പലിശ അടക്കമുള്ള സ്ഥിരം ചെലവുകള്‍ക്കായി വിനിയോഗിക്കപ്പെടുന്നതിനാല്‍ വികസന പ്രവർത്തനങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതം പരിമിതമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.2026 മാർച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ജീവനക്കാരുടെ ഡിഎ കുടിശ്ശികയായി 21,670 കോടി രൂപയും പെൻഷൻകാരുടെ ഡിആർ കുടിശ്ശികയായി 14,387 കോടി രൂപയും നല്‍കാനുണ്ടെന്ന് ധവളപത്രം വ്യക്തമാക്കുന്നു.
ഇതുകൂടാതെ കരാറുകാരുടെ ബില്ലുകള്‍, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, സപ്ലൈകോ തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിവിധ ബാധ്യതകളായി 48,733 കോടി രൂപയുടെ കുടിശ്ശിക സംസ്ഥാനത്തിന് തീർപ്പാക്കാനുണ്ട്.
ബജറ്റിന് പുറത്തുള്ള വികസന പദ്ധതികള്‍ക്കായി രൂപീകരിച്ച കിഫ്ബിക്ക് സ്വതന്ത്ര വരുമാന സ്രോതസ്സുകളില്ലാത്തതിനാല്‍ അതിന്റെ 21,000 കോടി രൂപയുടെ വായ്പാ തിരിച്ചടവ് ബാധ്യതയും സർക്കാരിന് തന്നെ വഹിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്.
സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി നിരവധി പരിഷ്കാര നിർദേശങ്ങളും ധവളപത്രം മുന്നോട്ടുവയ്ക്കുന്നു. കെഎസ്‌ആർടിസി, കെഎസ്‌ഇബി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഉല്‍പ്പാദന അധിഷ്ഠിത സബ്‌സിഡികള്‍ക്ക് പകരം അർഹരായ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ നല്‍കുന്ന സംവിധാനം പരിഗണിക്കണമെന്ന് നിർദേശിക്കുന്നു.
കിഫ്ബി വഴി പുതിയ വായ്പകള്‍ അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും അതിനെ പൂർണമായും ബജറ്റ് നിയന്ത്രണത്തിന് കീഴിലാക്കണമെന്നും ശുപാർശയുണ്ട്.ബെവറേജസ് കോർപറേഷനെയും സപ്ലൈകോയെയും ലയിപ്പിച്ച് ഒറ്റ സ്ഥാപനമാക്കുന്നതിലൂടെ നികുതി ബാധ്യത കുറയ്ക്കാനാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, സർക്കാർ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വർധിപ്പിക്കുന്നതും ശമ്പള പരിഷ്കരണം പത്ത് വർഷത്തിലൊരിക്കല്‍ മാത്രമാക്കുന്നതും സംസ്ഥാനത്തിന്റെ ദീർഘകാല സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്കും നിയമസഭയ്ക്കും മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധവളപത്രം സഭയില്‍ സമർപ്പിച്ചത്. മുൻ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.