കൊൽക്കത്ത: 2026-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹങ്ങൾ മുറുകുന്നു.
ബാരക്പൂരിൽ നിന്നുള്ള തൃണമൂൽ മുൻ എംഎൽഎയും പ്രശസ്ത ചലച്ചിത്രനിർമ്മാതാവും സംവിധായകനുമായ രാജ് ചക്രവർത്തി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും പാർട്ടിക്കുള്ളിലെ വിഭാഗീയതയിൽ പ്രതിഷേധിച്ച് നിരവധി നേതാക്കൾ രംഗത്തെത്തുകയും ചെയ്തു.ഭരണപരമായ സമ്മർദ്ദങ്ങളും അഴിമതി ആരോപണങ്ങളും കാരണം പല പ്രമുഖരും പാർട്ടി വിടുകകൂടി ചെയ്യുന്നതോടെ വലിയൊരു പ്രതിസന്ധിയിലൂടെയാണ് ടിഎംസി ഇപ്പോൾ കടന്നുപോകുന്നത്.മമതാ ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും നേതൃത്വങ്ങൾക്കിടയിൽ പാർട്ടി രണ്ടായി പിളർന്നു എന്ന ഗുരുതരമായ ആരോപണം മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഉയർത്തുന്നുണ്ട്. താഴെത്തട്ടിലുള്ള പ്രവർത്തകരുമായുള്ള ബന്ധം നഷ്ടപ്പെട്ടതും തിരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ അമിതമായ ഇടപെടലുകളുമാണ് തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമായത് എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. രാജ് ചക്രവർത്തി താൻ രാഷ്ട്രീയം വിടുകയാണെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായി നേതൃനിരയിലുള്ളവരുടെ അഹങ്കാരത്തെയും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുമായി പാർട്ടിക്ക് നഷ്ടപ്പെട്ട ബന്ധത്തെയും കുറ്റപ്പെടുത്തി മുൻ മന്ത്രിമാരും ടിഎംസി ഭാരവാഹികളും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ചക്രവർത്തിയുടെ ഈ പ്രസ്താവന. 'എന്റെ രാഷ്ട്രീയ ജീവിതം 2021-ലാണ് ആരംഭിച്ചത്. ജനങ്ങൾ എനിക്ക് പ്രവർത്തിക്കാൻ അവസരം നൽകി. അടുത്ത അഞ്ച് വർഷത്തേക്ക്, അതേ വീര്യത്തോടെ എംഎൽഎ എന്ന നിലയിലുള്ള എന്റെ ചുമതലകൾ നിറവേറ്റാൻ ഞാൻ ശ്രമിച്ചു.
ആ അധ്യായം 2026-ൽ അവസാനിച്ചു. അതിനോടൊപ്പം എന്റെ രാഷ്ട്രീയ ജീവിതത്തിലെ യാത്രയും അവസാനിച്ചു.' എന്നാണ് ചക്രവർത്തി സാമൂഹികമാധ്യമത്തിൽ കുറിച്ചത്. ജനവിധി അംഗീകരിക്കുന്നതായുള്ള നടനും എംപിയുമായ ദേവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചക്രവർത്തിയും തന്റെ അഭിപ്രായം പങ്കുവെച്ചത്. ബിജെപിയുടെ വിജയത്തെ അഭിനന്ദിച്ച ദേവ്, ബംഗാളിലെ സിനിമാ വ്യവസായത്തിനുള്ളിലെ ഐക്യം നിലനിർത്താനും കലാപരമായ സ്വാതന്ത്ര്യം ഉറപ്പാക്കാനും വരാനിരിക്കുന്ന ഭരണകൂടത്തോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്.
ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ട കൂച്ച് ബിഹാറിലെ മുതിർന്ന ടിഎംസി ഭാരവാഹിയും മുൻ മന്ത്രിയുമായ രബീന്ദ്രനാഥ് ഘോഷും കടുത്ത ആരോപണങ്ങളുമായി മുന്നോട്ടുവന്നു. 'സംസ്ഥാന തലത്തിൽ പാർട്ടി രണ്ട് വിഭാഗങ്ങളായി പിളർന്നതായി എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ഒരു വശത്ത് ദീദിയും (മമത ബാനർജി) മറു വശത്ത് അഭിഷേകും (അഭിഷേക് ബാനർജി). തന്റെ തീരുമാനങ്ങൾ ശരിവെക്കാൻ അഭിഷേക് ദീദിയെ സമ്മർദ്ദത്തിൽ ആക്കാറുണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അതിന്റെ ഫലമായി ദീദിക്ക് സ്വാഭാവികമായ തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞിരുന്നില്ല.' അദ്ദേഹം ആരോപിച്ചു.
2021-ൽ വിജയിച്ച് ഷിബ്പുരിനെ പ്രതിനിധീകരിച്ചെങ്കിലും 2026-ൽ സീറ്റ് നിഷേധിക്കപ്പെട്ട മനോജ് തിവാരിയും ടിഎംസി നേതൃത്വത്തിനും മുൻ കായിക മന്ത്രി അരൂപ് ബിശ്വാസിനുമെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. പാർട്ടിയിലെ വിഭാഗീയ രാഷ്ട്രീയവും അരക്ഷിതാവസ്ഥയും കാരണം ഹൗറയിലെ വികസന പ്രവർത്തനങ്ങൾ ബോധപൂർവം തടയപ്പെട്ടുവെന്ന് തിവാരി ഓൺലൈനിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ ആരോപിച്ചു.
തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തന്റെ കുടുംബം ബിജെപി പ്രവർത്തകരാൽ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ച ടിഎംസി വക്താവ് റിജു ദത്തയും പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ സുവേന്ദു അധികാരിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ താൻ നിർബന്ധിതനായെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഞാൻ നടത്തിയ പ്രസ്താവനകളിൽ 99 ശതമാനവും എന്റേതല്ല. പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ് ഞാൻ അത് ചെയ്തത്.' തന്റെ പ്രവൃത്തികളിൽ മാപ്പ് ചോദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പാർട്ടി ഘടനയ്ക്കുള്ളിൽ രാഷ്ട്രീയ കൺസൾട്ടന്റുമാരുടെ സ്വാധീനം വർധിക്കുന്നതിനെ കുറ്റപ്പെടുത്തി ബീർഭൂമിൽ നിന്നുള്ള മുൻ ടിഎംസി എംഎൽഎ ബികാഷ് റോയ് ചൗധരിയും മുന്നോട്ടുവന്നു. 'മമത പാർട്ടിയെ ഒരുമിച്ച് നിർത്തി. എന്നാൽ ഐ-പാക് (I-PAC) ബംഗാളികളല്ലാത്ത ചിലരെ കൊണ്ടുവന്നു, അവർ ഞങ്ങളെ പഠിപ്പിക്കാൻ തുടങ്ങി.' അദ്ദേഹം പറഞ്ഞു ഹൗറ മുൻസിപ്പൽ കോർപ്പറേഷൻ ബോർഡ് ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് മുൻ ചെയർമാൻ ഡോ. സുജോയ് ചക്രവർത്തി പാർട്ടിയിൽ നിന്ന് രാജിവെച്ചതോടെ വ്യാഴാഴ്ച വൈകുന്നേരം പ്രതിസന്ധി കൂടുതൽ രൂക്ഷമായി.
പാർട്ടി ഫണ്ടിലേക്ക് കരാറുകാരിലും വ്യാപാരികളിൽ നിന്നും പണം പിരിക്കാൻ തയ്യാറാകാത്തതിനാൽ കഴിഞ്ഞ വർഷം തന്റെ സിവിക് പോസ്റ്റിൽ നിന്ന് രാജിവെക്കാൻ അഭിഷേക് ബാനർജി സമ്മർദ്ദം ചെലുത്തിയതായി ചക്രവർത്തി ആരോപിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.