വലിയ സാമ്പത്തിക കെണിയിൽ പെട്ടുവെന്ന് വെളിപ്പെടുത്തലുമായി അഭിരാമി സുരേഷ്

എറണാകുളം :ബിസിനസിൽ നേരിട്ട ചതിയെ കുറിച്ചും തുടർന്ന് സാമ്പത്തികമായും മാനസികമായും തകർന്നതിനെ കുറിച്ചും വെളിപ്പെടുത്തി ഗായിക അഭിരാമി സുരേഷ്.

ബിസിനസിൽ സഹായിക്കാമെന്ന് വാഗ്ദ്ധാനം നൽകിയ വ്യക്തി പണം നൽകാതെ മുങ്ങിയെന്നും തുടർന്ന് താൻ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടുവെന്നും അഭിരാമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇത് മാനസികമായി തന്നേ ഏറെ ബാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

കേസ് നടക്കുന്നതിനാൽ തന്നെ വഞ്ചിച്ച വ്യക്തിയുടെ പേര് വിവരങ്ങൾ പുറത്തുവിടുന്നില്ല. അയാളുടെ കുടുംബത്തെ ആലോചിച്ച് കൂടിയാണ് പേര് വെളിപ്പെടുത്താത്തത്. ഇപ്പോൾ താൻ തിരിച്ചുവരവിന്റെ പാതയിലാണെന്നും അഭിരാമി വ്യക്തമാക്കുന്നു. 'കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ എങ്ങോട്ടാണ് അപ്രത്യക്ഷയായതെന്ന് പലരും എന്നോട് ചോദിക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് ഞാൻ ആളുകൾക്കിടയിൽ വരാത്തതെന്നും പലരും അന്വേഷിച്ചിരുന്നു. ഇതാണ് അതിനുള്ള എന്റെ മറുപടി. 

കഴിഞ്ഞ വർഷത്തിന്റെ അവസാനത്തിലും ഈ വർഷത്തിന്റെ തുടക്കത്തിലുമായി എന്റെ ബിസിനസ് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ ചെന്നുവീണത് വലിയ സാമ്പത്തിക കെണിയിലായിരുന്നു. അങ്ങേയറ്റം വിശ്വസ്തനും മാന്യനും പ്രൊഫഷണലുമാണെന്ന് തോന്നിച്ച വ്യക്തിയാണ് ഈ കെണിയൊരുക്കിയത്. ഇയാളുടെ പേര് വിവരങ്ങൾ ഞാൻ ഇപ്പോൾ പുറത്തുവിടുന്നില്ല. കാരണം നിയമനടപടികൾ പുരോഗമിക്കുകയാണ്. 

എനിക്കും ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ട്. എന്നാൽ ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്നും എന്നെപ്പോലെ കൂടുതൽ പേർ ഇയാളുടെ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ടെന്നും ബോധ്യപ്പെട്ടാൽ ഞാൻ തീർച്ചയായും പരസ്യമായി മുന്നോട്ടുവരും. ഏതൊരു സംരഭകനേയും പോലെ ഞാനും തികച്ചും ആത്മാർഥമായ ഒരു അവസരമായാണ് അതിനെ കണ്ടത്. വാഗ്ദ്ധാനങ്ങൾ വളരെ വലുതായിരുന്നു. 

അവരുടെ സമീപനം വളരെ വിശ്വസനീയവും ബാങ്ക് ഇടപാട് പോലെയുമായിരുന്നു. ഞാൻ പ്രാർഥിച്ചുകൊണ്ടിരിക്കുന്ന വലിയ വഴിത്തിരിവാണെന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് ഞാൻ അത് വിശ്വസിച്ചു. പക്ഷേ ആ വിശ്വാസത്തിന് വലിയ വില നൽകേണ്ടി വന്നു. അയാളുടെ വാഗ്ദ്ധാനങ്ങളുടെ പുറത്ത് ഞാൻ പലർക്കും ഉറപ്പുകൾ നൽകി. ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതികളും തയ്യാറാക്കി. ഫണ്ടുകൾ സമാഹരിച്ചു. ആളുകൾക്ക് വാക്ക് നൽകി. എന്റെ ഭാവി മുഴുവൻ ഞാൻ ആ വാഗ്ദ്ധാനത്തിന് അനുസരിച്ച് ക്രമീകരിച്ചു.

എന്നാൽ ആ തുക കൈമാറേണ്ട ദിവസം കൃത്യമായി ആ വ്യക്തി അപ്രത്യക്ഷനായി. പക്ഷേ അയാൾക്കൊപ്പം എന്റെ ബാധ്യതകൾ അപ്രത്യക്ഷമായില്ല. ഞാൻ ആസൂത്രണം ചെയ്തതെല്ലാം ഒരൊറ്റ നിമിഷംകൊണ്ട് തകർന്നുവീണു. എന്റെ സാമ്പത്തിക അടിത്തറ തകർന്നു. എന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. ഞാൻ നൽകിയ വാക്കുകൾ പാലിക്കാൻ കഴിയാതെ വന്നു. എല്ലാത്തിനേയും കൂട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതിനും മുങ്ങിത്താഴാതിരിക്കാൻ പോരാടുന്നതിനും ഇടയിൽ ഞാൻ മാനസികമായി പൂർണമായും തകർന്നുപോയി. 

ഫോണുകൾ എടുക്കാതെയായി. ചടങ്ങുകളിൽ പങ്കെടുക്കുന്നത് അവസാനിപ്പിച്ചു. എന്റെ കണ്ടന്റ് ക്രിയേഷൻ പോലും നിർത്തിവെച്ചു. സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷയായി. എന്റെ നമ്പറുകൾ ഞാൻ ഉപയോഗിക്കാതെയായി. ആളുകളുടെ ചോദ്യങ്ങളും നിരാശയും നേരിടാനുള്ള ശേഷി എനിക്കില്ലായിരുന്നു. എല്ലാം സാധാരണ നിലയിലാണെന്ന് എല്ലാവരും കരുതി. എന്നാൽ സമ്മർദ്ദം, നാണക്കേട്, ഭയം, കുറ്റബോധം, ഉത്കണ്ഠ, നിരാശ എന്നിവയോടെല്ലാം പോരാടുകയായിരുന്നു ഞാൻ.സാമ്പത്തിക നഷ്ടത്തേക്കാൾ ഇതൊരു വലിയ മാനസികാഘാതം കൂടിയായിരുന്നു. 

ജീവിതത്തിൽ ഞാൻ മുമ്പും വേദനകളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ബിസിനസിലെ തകർച്ച നൽകുന്ന വേദന തികച്ചും വ്യത്യസ്തമാണ്.നിങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ കാര്യങ്ങളും കൃത്യമായിട്ടും സ്വന്തം വിശ്വാസ്യത തകരുന്നത് നോക്കിനിൽക്കേണ്ടി വരുന്നത് നിങ്ങളുടെ ഉള്ളിലെന്തിനെയോ ഇല്ലാതാക്കും. എന്റെ ചുറ്റുമുള്ളവരിൽ നിന്ന് ഞാൻ സ്വയം ഒറ്റപ്പെട്ടു. എന്നിലേക്ക് തന്നെ ചുരുങ്ങി. എനിക്ക് എന്താണ് പറ്റിയതെന്ന് കുടുംബാംഗങ്ങൾ ചോദിക്കാൻ തുടങ്ങി. അത് എന്നെ കൂടുതൽ വേദനിപ്പിച്ചു. കാരണം ഞാൻ സ്‌നേഹിക്കുന്ന മനുഷ്യർക്ക് ഒരു ഭാരമാകരുത് എന്ന് ഞാൻ എപ്പോഴും കരുതുന്ന കാര്യമാണ്. 

എന്റെ സങ്കടങ്ങളെല്ലാം തനിയെ ചുമയ്ക്കുകയാണ് ചെയ്യാറുള്ളത്. ഇപ്പോഴും വീട്ടുകാരോട് ഞാൻ പല കാര്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല. എല്ലാം ഒറ്റയ്ക്ക് പരിഹരിക്കാൻ കഴിയുമെന്ന് ഞാൻ എന്നെത്തന്നെ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു. പ്രതീക്ഷകൾക്ക് പിന്നാലെ ഓടിക്കൊണ്ടിരുന്നു. എന്നെ പ്രതിസന്ധിയിലാക്കി അപ്രത്യക്ഷനായ അയാൾക്ക് പിന്നാലെയായിരുന്നു ഓട്ടം. ഒടുവിൽ ഞാൻ പോലും അറിയാതെ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു. ഒരു തെറ്റായ തീരുമാനത്തിനും ഒരു വ്യാജ വാഗ്ദ്ധാനത്തിനും വർഷങ്ങളുടെ കഠിനധ്വാനത്തേയും വിശ്വാസത്തേയും സ്ഥിരതയേയും എങ്ങനെ പിടിച്ചുലയ്ക്കാൻ കഴിയുമെന്ന് ചിന്തിച്ച് എനിക്ക് ഭ്രാന്ത് പിടിക്കാൻ തുടങ്ങി. 

വേദനകൾ ഒളിച്ചുവെച്ചാൽ അത് നിങ്ങളെ പതുക്കെ കാർന്നു തിന്നുമെന്ന സത്യം ഞാൻ മനസിലാക്കി. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ഞാൻ സംസാരിക്കാൻ തീരുമാനിച്ചത്. എല്ലാം തകർന്നിട്ടും എന്നെ രക്ഷിച്ചത് വർഷങ്ങളോളമുള്ള എന്റെ ആത്മാർഥമായ പരിശ്രമമാണെന്ന് ഞാൻ കരുതുന്നു. ദൈവാനുഗ്രഹത്താൽ ഇതിനിടയിലും ഒരു പുതിയ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അത് വളരെ മനോഹരമായി വളരാൻ തുടങ്ങിയിരിക്കുന്നു. വലിയ തർച്ചയ്ക്കും.ഇരുട്ടിനുമിടയിൽ എല്ലാമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ജീവിതം എന്നെ നിശബ്ദമായി ഓർമിപ്പിച്ചു. ഞാൻ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. ഈ പോസ്റ്റ് സഹതാപത്തിന് വേണ്ടിയല്ല, മറിച്ച് എന്റെ തുറന്നുപറച്ചിലാണ്. 

എന്റെ അതിജീവനത്തിന്റെ പ്രഖ്യാപനവുമാണ്. സ്വപ്‌നങ്ങൾക്ക് പിന്നാലെ ഓടുന്ന എല്ലാവരോടും പ്രത്യേകിച്ച് യുവ സംരഭകരോടും സ്വന്തം നിലയിൽ എന്തെങ്കിലും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സ്ത്രീകളോടും എനിക്ക് പറയാനുള്ളത് ഇതാണ്, ജീവിതം എപ്പോഴും ആകർഷകമായിരിക്കില്ല. സ്വപ്‌നം എത്ര വലുതാണോ അത്രയും കഠിനമായിരിക്കും പരീക്ഷണം. പ്രൊഫഷൽ രേഖകളാലും നല്ല വാക്കുകളാലും നമ്മുടെ മുന്നിൽ വരുന്ന എല്ലാവരുടേയും ഉദ്ദേശ്യങ്ങൾ നല്ലതാകണമെന്നില്ല. വൈകാരികമായി ചൂഷണം ചെയ്യുന്നവർ ഈ ലോകത്തുണ്ട്. സാമ്പത്തികമായി ഇര പിടിക്കുന്നവരുമുണ്ട്. ദയവായി സ്വയം സംരക്ഷിക്കുക. എന്നെ ഈ അവസ്ഥയിലാക്കിയ ആ വ്യക്തിയോട് ഞാൻ ഒന്നേ പറയാൻ ആഗ്രഹിക്കുന്നുള്ളു, ഒരു സ്വപ്‌നം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഓരോ സംരംഭകന് പിന്നിലും ഉത്തരവാദിത്തങ്ങളും സമ്മർദ്ദങ്ങളും കുടുംബവും വർഷങ്ങളുടെ കഠിനധ്വാനവുമുണ്ട്. 

നിങ്ങൾ അപ്രത്യക്ഷനായെങ്കിലും മറ്റുള്ളവരുടെ ജീവിതത്തിൽ അത് അവശേഷിപ്പിച്ചുപോയ കൊടുങ്കാറ്റ് എത്രത്തോളം തീവ്രമാണെന്ന് നിങ്ങൾക്ക് ഊഹിക്കാനാകില്ല. നിങ്ങൾക്കും അമ്മമാരും സഹോദരിമാരും അമ്മായിമാരും കസിൻസുമൊക്കെ അടങ്ങുന്ന ഒരു കുടുംബമുണ്ട്. നാളെ അവരും സ്വന്തം നിലയിൽ എന്തെങ്കിലും ചെയ്യാനും സ്വപ്‌നങ്ങൾക്ക് പിന്നാലെ പോകാനും ആഗ്രഹിച്ചേക്കാം. അവരേയും ഇതുപോലെ മറ്റാരെങ്കിലും സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിട്ടാൽ എങ്ങനെയുണ്ടാകുമെന്ന് ചിന്തിച്ചുനോക്കുക. നിങ്ങളുടെ പേരിനൊപ്പം ഒരു കുടുംബം കൂടിയുള്ളതിനാലാണ് ഞാൻ ഇപ്പോഴും ഒന്നും പരസ്യമാക്കാത്തത്. വെറുമൊരു ദേഷ്യത്തിന്റേയോ വികാരത്തിന്റെയോ പുറത്ത് മറ്റൊരാളെ തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.പക്ഷേ അതേസമയം എനിക്ക് എന്നോട് തന്നെ നീതി കാണിക്കേണ്ടതുണ്ട്. 

ഈ വഞ്ചന സ്ഥിരം പരിപാടിയാണെന്നും കൂടുതൽ ആളുകൾ അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എനിക്ക് ബോധ്യപ്പെട്ടാൽ മറ്റാരും അറിയാതെ ഇതേ കെണിയിൽ വീഴാതിരിക്കാൻ ഞാൻ എന്റെ അനുഭവങ്ങളും പേരുവിവരങ്ങളും പരസ്യപ്പെടുത്തു. അതുവരെ സത്യം അതിന്റെ വഴിക്ക് നീങ്ങട്ടെ. ഇത് എന്റെ കഥയുടെ അവസാനമല്ല. ഒന്നുമില്ലായ്മയിൽ നിന്ന് ഞാൻ എന്നെ കെട്ടിപ്പടുത്തതാണ്. ആവശ്യമെങ്കിൽ ഞാൻ ഇനിയും അത് ചെയ്യും. 

ഈ ഘട്ടം എന്നെ പലവിധത്തിൽ തകർത്തു കളഞ്ഞു. പക്ഷേ ഉള്ളിൽ ഞാൻ എത്രത്തോളം വലിയ കരുത്തയാണെന്ന് അത് എനിക്ക് കാണിച്ചുതന്നു. ഇന്ന് ഞാൻ പൂർണമായും വീണ്ടെടുക്കപ്പെട്ടിട്ടില്ല. പക്ഷേ ഞാൻ ഇനി ഒളിച്ചിരിക്കുന്നില്ല. അതുതന്നെയാണ് എന്റെ വിജയം. ഞാൻ വീണ്ടും എഴുന്നേറ്റ് നിൽക്കുകയാണ്. വീണ്ടും ജോലി ചെയ്യുകയാണ്. വീണ്ടും സ്വപ്‌നം കാണുകയാണ്.'- അഭിരാമി സുരേഷ് കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !