തൊടുപുഴ: വൃദ്ധസദനം തുടങ്ങി, അന്തേവാസികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങിയെന്ന കേസിൽ പ്രതി പിടിയിൽ.
തൊടുപുഴ കാളിയാർ മേടക്കൽ വീട്ടിൽ ജീവൻ തോമസി(40)നെയാണ് തൊടുപുഴ പോലീസ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അറസ്റ്റുചെയ്തത്.ആജീവനാന്തം പൂർണ ഉത്തരവാദിത്വത്തോടെ സംരക്ഷിക്കാമെന്ന് ഉറപ്പുനൽകി ഭീമമായ തുക വാങ്ങി വയോധികരെയും ഭിന്നശേഷിക്കാരെയും വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ചശേഷം ഇയാൾ വിദേശത്ത് കടക്കുകയായിരുന്നു. മൂന്ന് പരാതിയിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൊടുപുഴയ്ക്കുസമീപം മുതലക്കോടത്താണ് ‘എൽഡർ ഗാർഡൻ ഓൾഡ് ഏജ് ഹോം’ എന്നപേരിൽ ഇയാൾ വൃദ്ധസദനം തുടങ്ങിയത്.
സ്ഥാപനത്തിൽ എല്ലാ അംഗീകാരവും രേഖകളുമുണ്ടെന്ന് വിശ്വസിപ്പിച്ച് അന്തേവാസികളെ ചേർത്തു. അഞ്ചുമുതൽ 15 ലക്ഷംവരെയാണ് ഈടാക്കിയത്. ആദ്യഘട്ടത്തിൽ പ്രശ്നമില്ലാതെ പോയി. 2025 ആദ്യം ജീവൻ അയർലൻഡിലേക്ക് മുങ്ങി. നല്ല ആഹാരവും ചികിത്സയും പരിചരണവുമില്ലാതെ വയോധികരും ഭിന്നശേഷിക്കാരുമുൾപ്പെടെയുള്ള അന്തേവാസികൾ കടുത്ത ദുരിതത്തിലായി.
വയോധികർക്ക് സാന്ത്വനപരിചരണമോ ആരോഗ്യശുശ്രൂഷകളോ ഒന്നും ലഭിച്ചില്ല. തുടർന്ന് പോലീസും നഗരസഭയും ഇടപെട്ടു. അന്വേഷിച്ചപ്പോഴാണ്, മതിയായ രജിസ്ട്രേഷൻ നടപടികൾപോലും സ്ഥാപനം പൂർത്തിയാക്കിയിരുന്നില്ലെന്ന് മനസ്സിലായത്. വിശ്വാസവഞ്ചന, ചതി, സ്വത്ത് തട്ടിയെടുക്കൽ എന്നീ വകുപ്പുകൾപ്രകാരം കേസെടുത്തു. പ്രതിക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച അയർലൻഡിൽനിന്ന് കുടുംബസമേതം ബെംഗളൂരു എയർപോർട്ടിലെത്തിയ പ്രതിയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് തടഞ്ഞത്.
തുടർന്ന് തൊടുപുഴ പോലീസിന് വിവരം കൈമാറി. തൊടുപുഴയിൽനിന്നുള്ള പോലീസ്‌സംഘം ബെംഗളൂരുവിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു. സമാനരീതിയിൽ പാലക്കാട്ടും തട്ടിപ്പ് ജീവൻ തോമസ് സമാനരീതിയിൽ അനധികൃതമായി ‘സൗപർണിക ഓൾഡ് ഏജ് ഹോം’ എന്നപേരിൽ പാലക്കാട്ടും വൃദ്ധസദനം നടത്തിയിരുന്നു.
എന്നാൽ, ലൈസൻസും അനുബന്ധരേഖകളും ഇല്ലാത്തതിനെത്തുടർന്ന് പാലക്കാട്ടെ വൃദ്ധസദനം പൂട്ടിപ്പോയി. അതിനാൽ, അവിടെയുണ്ടായിരുന്ന ഒരാളെ തൊടുപുഴ മുതലക്കോടത്തെ വൃദ്ധസദനത്തിൽ പാർപ്പിക്കുകയായിരുന്നു. ഈ അന്തേവാസിയും പരാതി നൽകിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.