ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ 2026ലെ പ്രഥമ സിവിൽ ഇൻവെസ്റ്റിച്യുർ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് 66 പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ രണ്ട് പത്മവിഭൂഷൺ, ആറ് പത്മഭൂഷൺ, 58 പത്മശ്രീ പുരസ്കാരങ്ങളാണ് രാഷ്ട്രപതി സമ്മാനിക്കുക.2026ൽ അഞ്ച് പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ അടക്കം മൊത്തം 131 പത്മ പുരസ്കാരങ്ങൾക്കാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ബാക്കിയുള്ള പത്മ പുരസ്കാരങ്ങൾ പിന്നീട് നടക്കുന്ന രണ്ടാം ഘട്ട ചടങ്ങിൽ സമ്മാനിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. . കല, സാമൂഹിക സേവനം, പൊതുജനകാര്യം, ശാസ്ത്രം-സാങ്കേതികവിദ്യ, വ്യാപാരം-വ്യവസായം, വൈദ്യശാസ്ത്രം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കാണ് ഈ ബഹുമതികൾ നൽകി ആദരിക്കുന്നത്.
അസാധാരണവും സ്തുത്യർഹവുമായ സേവനത്തിന് പത്മവിഭൂഷണും ഉയർന്ന തലത്തിലുള്ള മികച്ച സേവനത്തിന് പത്മഭൂഷണും ഏത് മേഖലയിലായാലും നൽകുന്ന മികച്ച സേവനത്തിന് പത്മശ്രീ പുരസ്കാരവും നൽകുന്നു എന്നതാണ് പത്മ പുരസ്കാരങ്ങളുടെ മാനദണ്ഡം. രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന വിലയേറിയ സേവനങ്ങൾ പരിഗണിച്ചാണ് ഈ ബഹുമതികൾ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയാണ് പത്മവിഭൂഷൺ. മൂന്നാമത്തെ സിവിലിയൻ ബഹുമതിയായി പത്മഭൂഷണും നാലാമതായി പത്മശ്രീയും പരിഗണിക്കപ്പെടുന്നു. ജാതി, മത, വർഗ, ലിംഗ ഭേദമന്യേ ഏത് വ്യക്തിക്കും ഈ പുരസ്കാരങ്ങൾക്ക് അർഹതയുണ്ട്.
അറിയപ്പെടാത്ത നായകന്മാർക്ക് ആദരം
സമൂഹത്തിന് അസാധാരണമായ സംഭാവനകൾ നൽകുന്ന സാധാരണക്കാരായ ഇന്ത്യക്കാരെ ആദരിക്കുക എന്ന തത്ത്വം മുൻനിർത്തിയാണ് ഇത്തവണ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 45 അറിയപ്പെടാത്ത നായകന്മാർ ഇക്കൊല്ലത്തെ പത്മ പുരസ്കാര പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. സ്വന്തം ജീവിതത്തിലുണ്ടായ വലിയ പ്രതിസന്ധികളെയും ദുരന്തങ്ങളെയും അതിജീവിച്ച്, തിരഞ്ഞെടുത്ത മേഖലകളിൽ മികവ് പുലർത്തുക മാത്രമല്ല, വിശാലമായ സാമൂഹിക താത്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്തവരാണ് ഇവർ ഓരോരുത്തരും.
പാർശ്വവത്കരിക്കപ്പെട്ട ശബ്ദമില്ലാത്ത വിഭാഗങ്ങൾ, ദലിത് സമൂഹങ്ങൾ, പ്രാകൃത ഗോത്രവർഗങ്ങൾ എന്നിവർക്ക് പുറമെ എത്തിപ്പെടാൻ പ്രയാസമുള്ള വിദൂര ദേശങ്ങളിൽ നിന്നുള്ളവരും ഈ വർഷത്തെ പത്മ പുരസ്കാര ജേതാക്കളിൽ ഉൾപ്പെടുന്നു. ശാരീരികമായി വെല്ലുവിളി നേരിടുന്നവർ, സ്ത്രീകൾ, കുട്ടികൾ, ദലിതർ, ഗോത്രവർഗക്കാർ തുടങ്ങിയവരുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ഇവർ. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഉപജീവനം, ശുചിത്വം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇവർ നടത്തിവരുന്ന പ്രയത്നങ്ങൾ രാജ്യത്തിന് നൽകുന്ന മികച്ച മാതൃകയാണ്.
പത്മ പുരസ്കാരങ്ങൾക്ക് അർഹരായവരെ കണ്ടെത്തുന്നത് പ്രധാനമന്ത്രി എല്ലാവർഷവും രൂപീകരിക്കുന്ന പ്രത്യേക പത്മ അവാർഡ് സമിതിയാണ്. ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, രാഷ്ട്രപതിയുടെ സെക്രട്ടറി എന്നിവർക്ക് പുറമെ നാല് മുതൽ ആറ് വരെ പ്രമുഖ വ്യക്തികളും അടങ്ങുന്നതാണ് ഈ സമിതി. സംസ്ഥാന സർക്കാരുകൾക്കും മറ്റ് ഗവൺമെൻ്റ് സ്ഥാപനങ്ങൾക്കും പുറമെ വ്യക്തികൾക്ക് സ്വയം നാമനിർദേശം ചെയ്യാനും സാധിക്കും.
ലഭിക്കുന്ന നാമനിർദേശങ്ങൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് പുരസ്കാര സമിതി അന്തിമ പട്ടിക തയ്യാറാക്കുന്നത്. ഈ സമിതിയുടെ ശിപാർശകൾ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കൈമാറുകയും അവരുടെ അംഗീകാരത്തോടെ അന്തിമ പ്രഖ്യാപനം നടത്തുകയുമാണ് ചെയ്യുന്നത്. ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ വച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് രാഷ്ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.