തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്‍റെ സെക്രട്ടറിയായി നിയമിച്ചതടക്കമുള്ള കാര്യങ്ങൾ ഉയർത്തി സിപിഎമ്മും ബിജെപിയും മുന്നോട്ട് വെച്ച ആരോപണങ്ങള്‍ക്കെതിരേ മുഖ്യമന്ത്രിയുടെ സർജിക്കൽ സ്‌ട്രൈക്ക്.
മുമ്പ് ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്ന നളിനി നെറ്റോ അടക്കമുള്ളവരുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് സതീശൻ ആരോപണങ്ങളെ നേരിട്ടത്. വലിയ മാനങ്ങളോടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ വിജയം പ്രതീക്ഷിച്ച പ്രതിപക്ഷത്തിന് ഇനി മുഖ്യമന്ത്രിയുടെ മറുപടിക്ക് തിരികെ മറുപടി നല്‍കേണ്ട അവസ്ഥയാണ്.രത്തൻ ഖേൽക്കർ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായതിനാലാണ് അദ്ദേഹത്തെ തന്‍റെ ഓഫീസിൽ നിയമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചീഫ് ഇലക്ട്രൽ ഓഫിസറെ നിയമിക്കുന്നത് സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചീഫ് ഇലക്ട്രൽ ഓഫിസർ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
"ചീഫ് ഇലക്ട്രൽ ഓഫിസറായിരുന്ന നളിനി നെറ്റോ പിന്നീട് ആഭ്യന്തരവകുപ്പ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായി. വിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫിസിൽ വരെ ജോലി ചെയ്തിട്ടുണ്ട്. രത്തൻ ഖേൽക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്? യു.ഡി.എഫിന് 102 സീറ്റ് വാങ്ങിത്തന്നത് രത്തൻ ഖേൽക്കറാണോ? തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യം കേൾക്കുന്ന തമാശയാണിത്. സംസ്ഥാനത്തിന്‍റെ ഭാവിയ്ക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടത്. എന്നെക്കൊണ്ട് വെറുതെ രാഷ്ട്രീയം പറയിപ്പിക്കരുത്." - മുഖ്യമന്ത്രി പറഞ്ഞു.
മുനമ്പം വിഷയവും വഖഫ് ബോർഡും
മുനമ്പം വിഷയത്തിൽ കഴിഞ്ഞ സർക്കാർ രണ്ട് മതവിഭാഗങ്ങളെ ശത്രുക്കളാക്കാൻ കൂട്ടുനിൽക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സംഘപരിവാറിന്‍റെ അജണ്ടയാണ് കഴിഞ്ഞ സർക്കാർ നടപ്പാക്കിയത്. നിലവിൽ വഖഫ് ബോർഡ് ഈ ഭൂമി പോർട്ടലിൽ രജിസ്റ്റർ ചെയ്തത് എന്തിനെന്ന് അവർ തന്നെ വ്യക്തമാക്കണം. വഖഫ് ബോർഡ് ചെയർമാന്‍റേത് രാഷ്ട്രീയ നിയമനമാണ്. പോകുന്ന പോക്കിൽ ഭൂമി പോർട്ടലിൽ രജിസ്റ്റർ ചെയ്തത്, മുനമ്പം വിഷയം പത്ത് മിനിറ്റിൽ പരിഹരിക്കാതിരിക്കാനുള്ള വഖഫ് ബോർഡിന്‍റെ ഇടപെടലിന്‍റെ ഭാഗമായാണ്. ഇതുവഴി മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന നിലപാടാണ് കഴിഞ്ഞ സർക്കാരിനുണ്ടായിരുന്നത് എന്ന കാര്യമാണ് വെളിപ്പെടുന്നത്.
സർക്കാർ ഇതിനെ നിയമപരമായി നേരിടും. ഭൂമി പോർട്ടലിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം അവിടെയുള്ളവരെ കുടിയൊഴിപ്പിക്കില്ല. മുനമ്പം നിവാസികൾക്ക് നികുതി അടയ്ക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലയിടംതുരുത്ത് ഒഴിപ്പിക്കൽ: 'ഇടത് സർക്കാർ എന്ത് ചെയ്തു?'
കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് കോടതിവിധിയുടെ അടിസ്ഥാനത്തിൽ മലയിടംതുരുത്ത് ഒഴിപ്പിക്കാൻ 14 തവണയാണ് പോലീസ് എത്തിയത്. അപ്പോഴൊന്നും ചെറുവിരലനക്കാൻ സർക്കാർ തയ്യാറായില്ല. നിലവിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കുടിയൊഴിപ്പിക്കലിനെതിരായ സമരം കണ്ട് താൻ ഞെട്ടിപ്പോയെന്ന് സതീശൻ പറഞ്ഞു. പതിനാല് തവണയും അവിടെ പോകാത്തവർ ഞങ്ങളുടെ സർക്കാർ വന്നപ്പോൾ 15-ാം തവണ അങ്ങോട്ടേക്ക് പോയിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിലെ രണ്ട് മന്ത്രിസഭാംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ എറണാകുളം ജില്ലയിലുള്ള ഉന്നതവിദ്യാഭ്യാസമന്ത്രി അവിടെയെത്തി കുടിയൊഴിപ്പിക്കലിന് ഇരകളായവരുമായി ചർച്ച നടത്തി. കേസ് നൽകിയ വ്യക്തിയെയും കണ്ടു.
കോടതിവിധി നടപ്പാക്കി അവർക്ക് പുറത്തുപോകേണ്ടി വന്നാൽ അവരെ സർക്കാർ തെരുവിലേക്ക് വിടില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. കോടതി ഉത്തരവ് നടപ്പാക്കേണ്ടി വന്നാൽ എട്ട് കുടുംബങ്ങൾക്ക് പകരം സ്ഥലവും വീടും നൽകുമെന്ന് മലയിടംതുരുത്ത് നിവാസികൾക്ക് വാക്ക് നൽകിയിട്ടുണ്ട്. അവർ വഴിയാധാരമാകില്ല.
ഉദ്യോഗസ്ഥരുടെ പുനർവിന്യാസം: വിവാദം വേണ്ട. സംസ്ഥാനത്ത് നടന്നത് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പുനർവിന്യാസമല്ല. കളക്ടർമാരുടെ മാറ്റം ഭരണപരമായ തീരുമാനത്തിന്‍റെ ഭാഗമായുണ്ടായതാണ്. മറ്റ് ചിലരെ ചില തസ്തികകളിലേക്ക് മാറ്റിയത് താൽക്കാലികമാണ്. കേരളത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ക്ഷാമമുണ്ട്.
പല മന്ത്രിമാർക്കും വിവിധ വകുപ്പുകളുണ്ട്, ഒന്നിലേറെ സെക്രട്ടറിമാരുമുണ്ട്. അങ്ങനെ ഭരിക്കാനാകില്ല. അതുകൊണ്ട് തന്നെ മന്ത്രിമാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഉദ്യോഗസ്ഥ പുനർവിന്യാസം നടക്കുക. മുമ്പത്തെ സർക്കാരിന്‍റെ കാലത്ത് ഈ തീരുമാനങ്ങളൊക്കെ വന്നത് എവിടെ നിന്നായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. അതുകൊണ്ട് ഇപ്പോൾ അതിന്മേൽ വിവാദം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരുവായൂരിൽ ആർക്കും ദർശനം മുടങ്ങിയിട്ടില്ല
തന്‍റെ സന്ദർശനം കൊണ്ട് ഗുരുവായൂരിലെത്തിയ ഭക്തർക്ക് ദർശനം മുടങ്ങിയെന്നത് തെറ്റായ വാർത്ത മാത്രമാണ്. അവിടെ അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ല. താൻ ദർശനം നടത്തിയത് 1000 രൂപയുടെ ടിക്കറ്റെടുത്താണ്. ഞായറാഴ്ച വി.ഐ.പി ദർശനമില്ലാത്തതിനാലാണ് ടിക്കറ്റെടുത്ത് കയറിയത്. ആദ്യമായിട്ടല്ല ഒരു മുഖ്യമന്ത്രി ഗുരുവായൂരിൽ പോകുന്നത്. തന്‍റെ കൂടെ ആകെയുണ്ടായിരുന്നത് നാല് പേരാണ്. അതിലൊരാൾ ഗുരുവായൂരിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു. ആകെ ഒരു ഗൺമാൻ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.
ഗുരുവായൂരിൽ ശീവേലി നടക്കുമ്പോഴാണ് അവിടെയെത്തിയത്. അതുകൊണ്ട് അവിടെ കാത്തുനിന്നു. അതിനുശേഷം തൊഴുതു. ഉപദേവതകളെ ദർശിക്കാൻ പോയപ്പോൾ ഗുരുവായൂർ ദേവസ്വത്തിന്‍റെ സെക്യൂരിറ്റി ഗാർഡ് എത്തി മറ്റുള്ളവരെ തടഞ്ഞു. അത് ചെയ്യാൻ പാടില്ലെന്നാണ് താൻ പറഞ്ഞത്.
തന്‍റെ ദർശനം കൊണ്ട് മറ്റൊരാൾക്ക് തടസ്സമുണ്ടാവരുതെന്ന് അവരെ അറിയിച്ചു. താൻ ഉപദേവതകളുടെ ശ്രീകോവിലിന്‍റെ ഒരുവശത്തായി തൊഴുതു പ്രാർത്ഥിക്കുമ്പോൾ മറ്റ് ഭക്തർ അവിടെയെത്തി തൊഴുതുപോകുന്നുണ്ടായിരുന്നു. ഇതായിരുന്നു സ്ഥിതി. എപ്പോഴും ഇങ്ങനെയായിരിക്കണമെന്ന് അവിടെയുള്ള ആളുകൾ തന്നോട് നേരിട്ട് പറയുകയും ചെയ്തു. "താനിനി അമ്പലത്തിൽ കയറരുതെന്ന് പറയരുത്" എന്നും സതീശൻ കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.