തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇ.ഡി. ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കാരിൽനിന്ന് റിപ്പോർട്ട് തേടും.
പോലീസിന്റെ ഭാഗത്തുനിന്ന് വൻ സുരക്ഷാവീഴ്ച ഉണ്ടായതായാണ് വിലയിരുത്തൽ. സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ഇ.ഡി. ഡയറക്ടർ രാഹുൽ നവീനും റിപ്പോർട്ട് തേടിയിട്ടുണ്ട്.ആക്രണത്തിൽ പരാതി നൽകി നിയമനടപടികൾ കടുപ്പിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരിക്കുന്നത്.കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്തതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും വധശ്രമത്തിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്.
മാത്രമല്ല, സ്ഥലത്ത് സംഘർഷമുണ്ടാവാനുള്ള സാധ്യത പോലീസ് മുൻകൂട്ടി കണ്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. സ്ഥലത്ത് മതിയായ പോലീസിനെ വിന്യസിക്കുന്നതിൽ തിരുവനന്തപുരം സിറ്റി പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് വിമർശനം. ആൾക്കൂട്ടത്തിനിടയിലേക്ക് ഇ.ഡിയുടെ വാഹനം കടത്തിവിട്ടതും സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരത്തുള്ള പിണറായി വിജയന്റെ വസതിയിൽ പരിശോധന കഴിഞ്ഞിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്.
ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. പ്രവർത്തകർ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്തു. വീടിന്റെ കോമ്പൗണ്ടിലേക്ക് കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞു. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇഡി സംഘം പത്ത് മിനിറ്റിലധികം പ്രകോപിതരായ ഈ ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിക്കിടന്നു. പോലീസിന് പ്രവർത്തകരെ നിയന്ത്രിക്കാനോ വാഹനങ്ങൾക്ക് വഴിയൊരുക്കാനോ സാധിച്ചില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.