ധാക്ക: ബംഗ്ലാദേശിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് അറുക്കാൻ നിശ്ചയിച്ചിരുന്ന, ‘ഡൊണാൾഡ് ട്രംപ്’ എന്ന് വിളിപ്പേരുള്ള അപൂർവ്വ ആൽബിനോ എരുമയ്ക്ക് അവസാന നിമിഷം ലോട്ടറി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രശസ്തമായ മുടിശൈലിയോട് സാമ്യമുള്ള സ്വർണ്ണനിറത്തിലുള്ള തലമുടിയാണ് ഈ വെളുത്ത എരുമയ്ക്ക് ‘ട്രംപ്’ എന്ന പേര് ലഭിക്കാൻ കാരണമായത്. സാമൂഹിക മാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും തരംഗമായതോടെ അന്തർദേശീയ തലത്തിൽ വലിയ രീതിയിലുള്ള ജനശ്രദ്ധയും കൗതുകവുമാണ് ട്രംപിന് ലഭിച്ചത്.ഏകദേശം 700 കിലോഗ്രാം തൂക്കമുള്ള ഈ എരുമയെ ബലിപെരുന്നാൾ കർമ്മങ്ങൾക്കായി ഇതിനകം തന്നെ വിറ്റുപോയതായിരുന്നു. എന്നാൽ പെരുന്നാളിന് തൊട്ടുമുമ്പ് ജനങ്ങൾക്കിടയിലുണ്ടായ അമിതമായ താല്പര്യവും സുരക്ഷാ മുൻകരുതലുകളും കണക്കിലെടുത്ത് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു.
ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ഈ എരുമയെ ബലി നൽകുന്നതിൽ നിന്ന് ഒഴിവാക്കുകയും, മൃഗത്തെ വാങ്ങിയ ആൾക്ക് പണം തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെ തുടർന്ന് ട്രംപിനെ തലസ്ഥാന നഗരമായ ധാക്കയിലെ ദേശീയ മൃഗശാലയിലേക്ക് സുരക്ഷിതമായി മാറ്റി. മൃഗശാലയിൽ ഈ അപൂർവ്വ അതിഥിക്കായി പ്രത്യേകം സജ്ജീകരിച്ച കൂടൊരുക്കുകയും പരിചരണത്തിനായി പ്രത്യേകമായി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പൊതുജനങ്ങൾക്ക് കാണാനായി തുറന്നുകൊടുക്കുന്നതിന് മുൻപുള്ള മുൻകരുതലിന്റെ ഭാഗമായി രണ്ട് ആഴ്ചത്തെ ക്വാറന്റൈനിലാണ് ഇപ്പോൾ ഈ മൃഗത്തെ പാർപ്പിച്ചിരിക്കുന്നത്.ധാക്കയുടെ പ്രാന്തപ്രദേശമായ കെരാണിഗഞ്ചിലെ കർഷകനായ സിയാവുദ്ദീൻ മൃദയുടെ ഫാമിലായിരുന്നു ട്രംപ് എരുമ വളർന്നത്. തന്റെ അനിയനാണ് ഇതിന്റെ രൂപസാദൃശ്യം കണ്ട് ട്രംപ് എന്ന പേരിട്ടതെന്ന് ഫാം ഉടമ വ്യക്തമാക്കുന്നു. സാധാരണയായി കറുത്ത നിറത്തിലുള്ള കന്നുകാലികൾ കൂടുതലായുള്ള ബംഗ്ലാദേശിൽ വെളുത്ത നിറമുള്ള ഇത്തരം ആൽബിനോ എരുമകൾ പൊതുവെ വളരെ അപൂർവ്വമാണ്.
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ പ്രകാരം, ഈ എരുമയ്ക്ക് ഇപ്പോഴും പ്രായം കുറവാണെന്നും വരും വർഷങ്ങളിലും ഇതിനെ നല്ല രീതിയിൽ സംരക്ഷിക്കാൻ സാധിക്കുമെന്നും കണ്ടെത്തിയതിനാലാണ് ഔദ്യോഗികമായി മൃഗശാലയിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.