ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിനായി എണ്ണക്കമ്പനികൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ. പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
കുറഞ്ഞത് 30 ദിവസത്തേക്കാവശ്യമായ പാചകവാതക (എൽപിജി) ശേഖരം കരുതിവെക്കാനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള വാണിജ്യ സംഭരണത്തിന് പുറമെയാണിത്. ഇന്ത്യക്കാവശ്യമായ 90 ശതമാനം പാചകവാതകവും 40 ശതമാനം ക്രൂഡ് ഓയിലും 65 ശതമാനം പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നത് ഗൾഫ് മേഖലയിൽനിന്നാണ്.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ഇന്ത്യയുടെ ഊർജ ഇറക്കുമതിയെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര നീക്കം. 340 മെട്രിക്ടൺ എൽപിജിയുമായി വന്ന എട്ടോളം കപ്പലുകളെ ഇന്ത്യയിലെത്തിക്കാൻ സാധിച്ചെങ്കിലും ഇതിലൂടെ 11 ദിവസത്തേക്കുള്ള ഇന്ധന ലഭ്യതയാണ് ഉറപ്പാക്കാനായത്. നിലവിൽ 11 ഇന്ത്യൻ കപ്പലുകൾ പേർഷ്യൻ ഗൾഫ് മേഖലയിൽ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, നിലവിൽ രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ മതിയായ ശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു.
എണ്ണ ശുദ്ധീകരണ ശാലകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പാചകവാതക ഉൽപ്പാദനം പ്രതിദിനം ഏകദേശം 92 ടിഎംടി (ഏകദേശം 52,000 ടൺ) എന്ന എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും സുജാത ശർമ ചൂണ്ടിക്കാട്ടി. പാചകവാതക വിതരണത്തിൽ നിലവിൽ തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടൊപ്പം ക്രൂഡ് ഓയിൽ സംഭരണ ശേഷി വർധിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കാർഷിക ആവശ്യങ്ങൾ വർധിച്ചതും സ്വകാര്യ പമ്പുകളെ അപേക്ഷിച്ച് പൊതുമേഖലാ പമ്പുകളിൽ വില കുറവായതും പെട്രോൾ, ഡീസൽ വിൽപന വർധനവിന് കാരണമായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, പൊതുജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടരുതെന്ന് സർക്കാർ അഭ്യർഥിച്ചു. പൂഴ്ത്തിവെപ്പും കള്ളക്കടത്തും തടയാൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കാർ നിർദേശം നൽകിയതായി സർക്കാർ അറിയിച്ചു. ഇന്ധന ഇറക്കുമതിക്കായി നോർവേ ഉൾപ്പെടെയുള്ള മറ്റുരാജ്യങ്ങളെ ആശ്രയിക്കാനുള്ള ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.