ചെന്നൈ: ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നിലപാടിനെതിരെ ഡിഎംകെ നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി. കോൺഗ്രസ് പിറകിൽനിന്ന് കുത്തിയെന്നും വഞ്ചിച്ചെന്നും പറഞ്ഞ ഡിഎംകെ മറ്റു സംസ്ഥാനങ്ങളിൽ ബിജെപി ചെയ്യുന്നത് പോലെയാണ് തമിഴ്‌നാട്ടിൽ കോൺഗ്രസ് തങ്ങളോട് ചെയ്തതെന്നും പ്രമേയത്തിൽ കുറിച്ചു.
പത്താംതീയതി വരെ എംഎൽഎമാരോട് ചെന്നൈയിൽ തന്നെ തുടരാൻ പാർട്ടി അധ്യക്ഷൻ എം.കെ.സ്റ്റാലിൻ നിർദേശിച്ചു. പ്രതിപക്ഷത്തിരുന്ന മാതൃകാപരമായി പ്രവർത്തിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് സ്റ്റാലിൻ യോഗത്തിൽ പറഞ്ഞു. എന്നാൽ പാർട്ടിയുടെ ക്ഷേമം പരിഗണിച്ച് ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും മുതിർന്ന നേതക്കളുമായി ആലോചിച്ച് തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
ഏത് തീരുമാനമെടുത്താലും കൂടെനിൽക്കണമെന്നും സ്റ്റാലിൻ എംഎൽഎമാരോട് ആവശ്യപ്പെട്ടതായി ഡിഎംകെ വൃത്തങ്ങൾ അറിയിച്ചു. അവർ പഴയ ശീലങ്ങൾ ഉപേക്ഷിച്ചിട്ടില്ല എന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കോൺഗ്രസിനെതിരെയുള്ള ഡിഎംകെയുടെ പ്രമേയം തുടങ്ങുന്നത്. ഞങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ കോൺഗ്രസ് പാർട്ടി ഒരു രാജ്യസഭാ സീറ്റും 28 നിയമസഭാ മണ്ഡലങ്ങളും നേടി.
അഞ്ച് സീറ്റിലെ വിജയത്തിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ എതിർചേരിയിലേക്ക് മാറി. സഖ്യകക്ഷി പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം ഇതോടെ പാഴായി. പുതുച്ചേരിയിൽ, ഡി.എം.കെ കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായിരുന്നു. എന്നിട്ടും, ഡി.എം.കെക്ക് അനുവദിച്ച മണ്ഡലങ്ങളിൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥികൾ മത്സരിച്ചുവെന്നും ഇത് ക്രൂരമായ പ്രവൃത്തിയായിരുന്നുവെന്നും പ്രമേയം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന് ശേഷം മാത്രമല്ല, തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ പോലും, കോൺഗ്രസ് പാർട്ടിയെ വിശ്വസിക്കാൻ കഴിയില്ലെന്ന് ഇത് തെളിയിച്ചിട്ടുണ്ടെന്നും ഡിഎംകെ പറയുന്നു.
'നിയമസഭയിൽ കോൺഗ്രസ് വിജയിച്ച ശേഷം ഡിഎംകെ നേതൃത്വത്തോട് നന്ദി പറയുന്നതിന് പകരം അവർ ഞങ്ങളെ പിറകിൽനിന്ന് കുത്തി വലിയ വഞ്ചന ചെയ്തു. ബി.ജെ.പി പല സംസ്ഥാനങ്ങളിലും ചെയ്യുന്നത് പോലെ, കോൺഗ്രസ് തമിഴ്‌നാട്ടിൽ നമ്മളോട് ചെയ്തു' ഡിഎംകെ യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു. സഖ്യത്തിന് വോട്ട് ചെയ്ത ജനങ്ങളോട് ഡിഎംകെ നന്ദി അറിയിച്ചു. ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ സാഹചര്യങ്ങൾ അനുവദിച്ചില്ലെങ്കിലും ടിവികെയ്ക്ക് 17.43 ലക്ഷം വോട്ടുകൾ മാത്രമാണ് അധികമായി ലഭിച്ചതെന്നും ഡിഎംകെ ചൂണ്ടിക്കാട്ടി. വോട്ട് ശതമാനത്തിലെ വ്യത്യാസം വെറും 3.52 ശതമാനം മാത്രമാണെന്നും ഡിഎംകെ അറിയിച്ചു. സ്റ്റാലിന് നന്ദി അറിയിച്ചുകൊണ്ടും ഡിഎംകെ പ്രമേയം പാസാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.