ഡിഎംകെയുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിച്ച്, ടിവികെയുമായി കൈകോർത്ത് കോൺഗ്രസ്സ്; 'ഇന്ത്യ' സഖ്യം തകർന്നതായി ഡിഎംകെ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ തലത്തിലും അപ്രതീക്ഷിത നീക്കങ്ങൾ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിച്ച്, നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) കോൺഗ്രസ് കൈകോർത്തതോടെ ദേശീയതലത്തിലെ പ്രതിപക്ഷ നിരയിലെ 'ഇന്ത്യ' (INDIA) സഖ്യം തകർന്നതായി ഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 


കോൺഗ്രസിന്റെ നീക്കത്തെ 'വിശ്വാസവഞ്ചന' എന്നും 'പുറകിൽ നിന്നുള്ള കുത്ത്' എന്നുമാണ് ഡിഎംകെ വിശേഷിപ്പിച്ചത്. കോൺഗ്രസ് തങ്ങളുടെ പഴയ സ്വഭാവം മാറ്റിയിട്ടില്ലെന്നും ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ ചെയ്യുന്നത് തന്നെയാണ് കോൺഗ്രസ് തമിഴ്നാട്ടിൽ ചെയ്തതെന്നും ഡിഎംകെ പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.


'ഇന്ത്യ' സഖ്യം അവസാനിച്ചുവെന്ന് മുതിർന്ന നേതാവ് ടി.കെ.എസ്. ഇളങ്കോവൻ വ്യക്തമാക്കി. 'അവർ ഞങ്ങളെ പിന്നിൽ നിന്ന് കുത്തി, ഇനി അവരെ വിശ്വസിക്കാനാവില്ല,' എന്നാണ് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ പ്രതികരിച്ചത്. ഡിഎംകെയുടെ തോളിലേറി നേടിയ അഞ്ച് സീറ്റുകളുമായി ഇപ്പോൾ വിജയ്‌ക്കൊപ്പം പോകുന്നത് രാഷ്ട്രീയ അധാർമ്മികതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ കളംമാറ്റം ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ട്. 


ബംഗാളിൽ മമത ബാനർജിയും തമിഴ്നാട്ടിൽ സ്റ്റാലിനും കോൺഗ്രസിനെതിരെ തിരിയുന്നത് 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. എന്നാൽ ആരോപണത്തെ കോൺഗ്രസ് തള്ളി. വർഗീയ ശക്തികളെ അകറ്റി നിർത്താനാണ് തങ്ങൾ ടിവികെയെ പിന്തുണയ്ക്കുന്നതെന്നും, 2013-ൽ ഡിഎംകെ സമാനമായ രീതിയിൽ സഖ്യം വിട്ടിരുന്ന കാര്യം മറക്കരുതെന്നും പവൻ ഖേര പ്രതികരിച്ചു. എന്നാൽ അതിനുണ്ടായ കാരണവും ഇപ്പോഴത്തെ സാഹചര്യവും തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കില്ല. 

ശ്രീലങ്കയിലെ തമിഴ് വംശഹത്യയ്‌ക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഡിഎംകെ അന്ന് യുപിഎ സഖ്യം വിട്ടത്. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിനിടെ നടന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും യുദ്ധക്കുറ്റങ്ങൾക്കെതിരെയും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചില്ല എന്നതാണ് ഡിഎംകെയെ പ്രകോപിപ്പിച്ചത്. അന്നത്തെ സാഹചര്യവും ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള മുന്നണിമാറ്റവുമായി താരതമ്യപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്യുന്നത്. തമിഴ്നാട്ടിൽ തനിച്ച് കൂടുതൽ സീറ്റുകൾ നേടാനുള്ള ശേഷി അന്നും ഇന്നും കോൺഗ്രസിനില്ല. തമിഴ്‌നാട്ടിലെ ഈ സഖ്യമാറ്റം ദേശീയതലത്തിൽ 'ഇന്ത്യ' മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. മറ്റ് പ്രാദേശിക കക്ഷികൾക്ക് കോൺഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇത് കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് വഴി ദശകങ്ങളായി തമിഴ്‌നാട്ടിൽ നിലവിലുണ്ടായിരുന്ന ഡിഎംകെ-എഐഎഡിഎംകെ ദ്വന്ദ്വഭരണത്തിന് അന്ത്യമാവുകയും പുതിയൊരു അധികാര സമവാക്യം രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് കളംമാറ്റി ചവിട്ടിയത്. 234 അംഗ നിയമസഭയിൽ 108 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുകയാണ് വിജയ് നയിക്കുന്ന തമിഴക വെട്രി മുന്നേറ്റ കഴകം എന്ന ടിവികെ. കേവല ഭൂരിപക്ഷത്തിന് 118 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. അഞ്ച് കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ ഉൾപ്പെടെ 113 പേരുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ വിജയ് ശ്രമിച്ചെങ്കിലും 118 പേരുടെ ഒപ്പുണ്ടെങ്കിൽ മാത്രമേ സത്യപ്രതിജ്ഞ നടക്കൂവെന്നാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ വ്യക്തമാക്കിയിരിക്കുന്നത്. ഡിഎംകെ സഖ്യത്തിലുണ്ടായിരുന്ന സി.പി.ഐ, സി.പി.എം, വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) എന്നിവരുടെ നിലപാട് ഇപ്പോൾ നിർണ്ണായകമാണ്. ഈ പാർട്ടികൾക്ക് രണ്ട് വീതം എംഎൽഎമാരാണുള്ളത്. എന്നാൽ ഡിഎംകെ സഖ്യത്തിലുള്ള ഇവർ മുന്നണി മാറുമോയെന്ന് വ്യക്തമല്ല. സഖ്യത്തിൽ തുടരുമെന്നാണ് മുസ്ലീം ലീഗ് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ടിവികെയെ അവഗണിച്ചത് തെറ്റായെന്ന് രാഹുൽ ഗാന്ധി തിരിച്ചറിഞ്ഞതാണ് പുതിയ സഖ്യത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് ടിവികെയുടെ ഒപ്പം നിന്നാൽ മാത്രമേ കോൺഗ്രസിന് പിടിച്ചുനിൽക്കാനാകു എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ഏതെങ്കിലും കാരണത്താൽ സർക്കാർ ഭൂരിപക്ഷം തികയ്ക്കാതെ രാജിവയ്‌ക്കേണ്ടി വന്നാലും പിന്നീട് നടക്കുന്ന തിരഞ്ഞെടുപ്പിൽ ടിവികെ വലിയ ഭൂരിപക്ഷത്തിലേക്ക് എത്തുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ നിരീക്ഷകർ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. നിലവിലെ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ വലിയൊരു മാറ്റത്തിന് സാധ്യതയില്ല. ടിവികെ തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകളിൽ മുന്നേറ്റം നടത്തുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ സഖ്യത്തിലൂടെ കൂടുതൽ സീറ്റുകളിൽ വിജയിക്കുക എന്നതാണ് കോൺഗ്രസിന്റെ ഉദ്ദേശം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ പ്രതീക്ഷയുള്ളത്. തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ പേരിന് മാത്രമാണ് പാർട്ടിയുള്ളത്. ഇവിടെനിന്ന് സഖ്യത്തിലൂടെ മാത്രമേ കൂടുതൽ സീറ്റുകൾ വിജയിക്കാൻ കോൺഗ്രസിന് സാധിക്കു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഡിഎയെ നേരിട്ട് കൂടുതൽ സീറ്റ് നേടുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. ബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയം കോൺഗ്രസിനുള്ള മുന്നറിയിപ്പാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പരമാവധി സീറ്റുകൾ സഖ്യത്തിലൂടെ മാത്രമേ ഇനി കോൺഗ്രസിന് നേടാനാകു. ബിഹാർ, ഉത്തർപ്രദേശ്, ബംഗാൾ സംസ്ഥാനങ്ങളിൽ ഇതാണ് അവസ്ഥ. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് നിലവിൽ കോൺഗ്രസിന് അടിത്തട്ടിലെങ്കിലും പ്രവർത്തനമുള്ളത്. പഞ്ചാബ്, ഝാർഖണ്ഡ് സംസ്ഥാനങ്ങൾ പ്രാദേശിക കക്ഷികളുടെ കൈവശമാണ്. പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള കോൺഗ്രസിന്റെ തർക്കം തുടരുകയാണ്. തൃണമൂൽ കോൺഗ്രസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ പ്രാദേശിക കോൺഗ്രസ് നേതൃത്വം ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇത് മുന്നണിക്കുള്ളിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കങ്ങളും പ്രാദേശിക കക്ഷികളെ അവഗണിച്ചുകൊണ്ടുള്ള കോൺഗ്രസിന്റെ നീക്കങ്ങളും ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തമിഴ്നാട്ടിലെയും ബംഗാളിലെയും ഈ രാഷ്ട്രീയ അനിശ്ചിതത്വം ദേശീയ തലത്തിൽ പ്രതിപക്ഷ നിരയുടെ കെട്ടുറപ്പിനെ ബാധിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഡിഎംകെയേക്കാൾ കോൺഗ്രസിന് വിശ്വസിക്കാവുന്നത് ടിവികെയാണ്. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വിശ്വാസ്യതയെ ഇത് ബാധിക്കും. മുന്നണിയിൽ നിന്ന് ഡിഎംകെ പുറത്തുപോയാൽ അത് ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാനാണ് ഇടയാക്കുക. മറ്റ് പ്രദേശിക കക്ഷികളും ഈ സമീപനം സ്വീകരിച്ചാൽ കോൺഗ്രസിനാണ് ആത്യന്തികമായി നഷ്ടമുണ്ടാകാൻ പോകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !