ന്യൂഡൽഹി: പിണറായി വിജയൻ പ്രതിപക്ഷനേതാവാകട്ടെയെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശുപാർശ സിപിഎമ്മിന്റെ അവെയ്‌ലബിൾ പൊളിറ്റ്ബ്യുറോ (പിബി) തള്ളി. തുടർന്ന് ഓൺലൈനായി പൂർണ പിബി വിളിച്ചാണ് ശുപാർശ പാസാക്കിയെടുത്തത്; അതും 3 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിന്.
പൂർണ പിബി യോഗത്തിൽ മലയാളികളായ എം.എ.ബേബി, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരുടെയും തന്റെ തന്നെയും വോട്ടില്ലായിരുന്നുവെങ്കിൽ പിണറായിക്കു പ്രതിപക്ഷനേതൃപദം ദുഷ്കരമാകുമായിരുന്നു. പിണറായി പ്രതിപക്ഷനേതാവാകുന്നതിനോടു മറ്റൊരു മലയാളി അംഗം വിജു കൃഷ്ണൻ വിയോജിച്ചു.
പിബിയിലെ 18 അംഗങ്ങളിൽ യു.വാസുകി ഓൺലൈൻ യോഗത്തിൽ പങ്കെടുത്തില്ല. 10 പേർ പിണറായി തുടരട്ടെയെന്ന് അഭിപ്രായപ്പെട്ടപ്പോൾ 7 പേർ എതിർത്തു. തിരഞ്ഞെടുപ്പു തോൽവി ചർച്ച ചെയ്ത കഴിഞ്ഞ പിബിയിൽ പിണറായിയും എം.വി.ഗോവിന്ദനും നിരത്തിയ ന്യായവാദങ്ങളെ നിശിതമായി വിമർശിച്ച ബംഗാൾ ഘടകത്തിലെ അംഗങ്ങൾ ഇക്കുറി പിണറായി തുടരട്ടെയെന്ന നിലപാടിനോടു യോജിച്ചത് കൗതുകമായി.
കേരളത്തിൽനിന്നുള്ളവർക്കു പുറമേ തപൻ സെൻ, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, കെ.ബാലകൃഷ്ണൻ, അമ്രാറാം, ശ്രീദീപ് ഭട്ടാചാര്യ എന്നിവർ പിണറായിയെ പിന്തുണച്ചു. വിജു കൃഷ്ണനു പുറമേ, ബി.വി.രാഘവലു, നീലോൽപൽ ബസു, അശോക് ധാവ്‌ളെ, ജിതേൻ ചൗധരി, മറിയം ധാവ്‌ളെ, ആർ.അരുൺകുമാർ എന്നിവർ എതിർത്തു.
സിപിഎം ജില്ലാ കമ്മിറ്റികളിലെ ചർച്ചകളിൽ പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ ഉയരുന്ന നിശിത വിമർശനം 22 മുതൽ 24 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റിയുടെ മുൻപാകെയെത്തും. അംഗങ്ങൾക്കു തുറന്നു സംസാരിക്കാൻ അവസരം നൽകണമെന്നും നേതാക്കൾ ആരെയും തടയരുതെന്നുമാണു ദേശീയ നേതൃത്വത്തിന്റെ നിർദേശം. ഇവയെല്ലാം ക്രോഡീകരിച്ചുള്ള റിപ്പോർട്ടാകും കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കുക. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു തന്നെ താനുൾപ്പെടെയുള്ളവരുടെ വീഴ്ചകളെക്കുറിച്ചുള്ള വിമർശനം അടങ്ങുന്ന റിപ്പോർട്ട് അവതരിപ്പിക്കേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.