ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി, സ്തംഭിച്ചുനിൽക്കുന്ന ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ പാകിസ്താൻ ഊർജിതമാക്കുന്നതായി വിവരം. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിനായി പാകിസ്താൻ ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വി ബുധനാഴ്ച ടെഹ്റാനിലേക്ക് തിരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് അദ്ദേഹം ഇറാനിലെത്തുന്നത്.
പാകിസ്താൻ സൈനിക മേധാവിയുടെ നേതൃത്വത്തിൽ നടന്ന കഴിഞ്ഞ മാസത്തെ കൂടിക്കാഴ്ചകളുടെ തുടർച്ചയായാണ് ഈ അടിയന്തര യാത്ര വിലയിരുത്തപ്പെടുന്നത്. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സജീവമായ ശ്രമങ്ങളാണ് പാകിസ്താൻ ഇതിലൂടെ നടത്തുന്നത്. അടുപ്പിച്ചുള്ള ഈ സന്ദർശനങ്ങൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
ചർച്ചകളിൽ ധാരണയായില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച ഇറാന് ഏതാനും ദിവസത്തെ സമയപരിധി നൽകിയതിന് പിന്നാലെയാണ് പാക് മന്ത്രിയുടെ ഇറാൻ സന്ദർശനം. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായി അടുത്ത ബന്ധം പുലർത്തുന്ന നഖ്‌വിയുടെ ഇറാൻ സന്ദർശനം ഏറെ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. അമേരിക്ക-ഇറാൻ സമാധാന ചർച്ചകളെക്കുറിച്ച് ഇറാനിയൻ നേതാക്കളുമായി സംസാരിക്കാനാണ് നഖ്‌വി ടെഹ്റാനിലേക്ക് പോയതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങളും ഈ സന്ദർശനം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയ്ക്കും ഇറാനും ഇടയിൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പാക് ആഭ്യന്തരമന്ത്രി രാജ്യതലസ്ഥാനമായ ടെഹ്റാനിൽ എത്തിയതെന്ന് ഇറാന്റെ സ്റ്റേറ്റ് ടിവിയായ പ്രസ്സ് ടിവി അറിയിച്ചു. നഖ്‌വി ഇറാൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ പോയ വിവരം ഇറാന്റെ വാർത്താ ഏജൻസിയായ ഐആർഎൻഎയും (IRNA) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഇത്തരം മധ്യസ്ഥശ്രമങ്ങളിൽ പാകിസ്താൻ സാധാരണയായി പുലർത്തുന്ന മൗനം ഈ വിഷയത്തിലും തുടരുകയാണ്.
ഇറാനിൽ നിന്നും യുഎസിൽ നിന്നും സമ്മിശ്ര സൂചനകൾ വരുന്നതിനിടയിലാണ് നഖ്‌വിയുടെ ഈ സന്ദർശനം. കഴിഞ്ഞ സന്ദർശനത്തിൽ അദ്ദേഹം ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്, ആഭ്യന്തര മന്ത്രി എസ്‌കന്ദർ മൊമേനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, ഇറാന് നേരെയുള്ള ആക്രമണം വൈകിപ്പിക്കാൻ ഗൾഫ് അറബ് നേതാക്കൾ തന്നോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും അറിയിച്ചിരുന്നു. 'നമ്മൾ ഇപ്പോൾ ഒരു നല്ല നിലയിലാണ്' എന്നാണ് വാൻസ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, യുദ്ധത്തിലേക്ക് തിരിച്ചെത്തിയാൽ അത് കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി മുന്നറിയിപ്പ് നൽകി. ഇറാന് നേരെയുള്ള ഏതൊരു ആക്രമണവും പശ്ചിമേഷ്യയുടെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന സംഘർഷത്തിന് കാരണമാകുമെന്ന് റെവല്യൂഷണറി ഗാർഡ്‌സും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.