കൊച്ചി: വ്യാജരേഖകൾ ചമച്ച് അവയക്കടത്ത് നടത്തിയ കേസിൽ അന്വേഷണം മുറുകുമ്പോൾ പുറത്തുവരുന്നത് വിദേശബന്ധമുള്ള വൻ റാക്കറ്റുകളുടെ വിവരങ്ങൾ. 2024ൽ പിടിയിലായ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ച ‘സ്റ്റെമ്മ ക്ലബ്’ മുതൽ ഇപ്പോൾ വാർത്തകളിൽ നിറയുന്ന ‘കല്ലട്രാസ്’ വരെയുള്ള സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നത് ഒരേ മാതൃകയിലാണ്.
മെഡിക്കൽ ടൂറിസം എന്ന പേരിലാണ് പ്രവർത്തനമെങ്കിലും നടത്തുന്നത് അവയവക്കടത്താണ് എന്നു മാത്രം. അവയവദാനത്തിന്റെ മറവിൽ മനുഷ്യക്കടത്തു നടക്കുന്നതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. മുഹമ്മദ് നജീബ് കല്ലട്ര പ്രധാന പ്രതിയായ നിലവിലെ അവയവക്കടത്ത് കേസിലും മനുഷ്യക്കടത്ത് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് എറണാകുളം റൂറൽ എസ്പി കെ.എസ്.സുദർശൻ ഇന്നു വ്യക്തമാക്കി.
അവയവക്കടത്തിനായി ഇറാനിലേക്കു മനുഷ്യക്കടത്ത് നടത്തിയ രാജ്യാന്തര റാക്കറ്റിന്റെ സാമ്പത്തിക ഇടപാടുകൾ നടന്നത് കൊച്ചി പാലാരിവട്ടം സ്വദേശി മധു ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്റ്റെമ്മ ക്ലബ് വഴിയാണെന്നു ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) കണ്ടെത്തിയിരുന്നു. മെഡിക്കൽ ടൂറിസം സ്ഥാപനമെന്ന വ്യാജേനയാണ് സ്റ്റെമ്മ ക്ലബ് പ്രവർത്തിച്ചിരുന്നത്. എന്നാൽ കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള ദരിദ്രരായ ആളുകളെ കണ്ടെത്തി അവരെ ഇറാനിലേക്കു കടത്തുകയായിരുന്നു മധു ജയകുമാറിന്റെ നേതൃത്വത്തിൽ ചെയ്തിരുന്നത്.
ഉത്തരേന്ത്യക്കാരായിരുന്നു അവയവ സ്വീകർത്താക്കളിൽ ഭൂരിഭാഗവും. ഇറാനിൽ വച്ചായിരുന്നു ശസ്ത്രക്രിയയും മറ്റും. ഓരോ അവയവ ഇടപാടിനും 50 ലക്ഷം രൂപ വരെ ആവശ്യക്കാരിൽനിന്ന് ഈടാക്കുമ്പോൾ, ദാതാക്കൾക്കു വാഗ്ദാനം ചെയ്തിരുന്നത് വെറും 6 ലക്ഷം രൂപ മാത്രമായിരുന്നു. പലർക്കും ഈ തുക പോലും പൂർണമായി ലഭിച്ചിരുന്നില്ല. കൊച്ചി, ദുബായ്, ഇറാൻ റൂട്ടിലെ സ്ഥിരം യാത്രികനായ തൃശൂർ വലപ്പാട് സ്വദേശി സാബിത് നാസർ 2024 മേയിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് പിടിയിലായതോടെയാണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര ബന്ധമുള്ള അവയവ കടത്തു സംഘത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. പിന്നാലെ 2 കൂട്ടുപ്രതികൾ കൂടി അറസ്റ്റിലായി. ഇറാനിൽ ഒളിവിലായിരുന്ന മധു ജയകുമാർ കഴിഞ്ഞ നവംബറിൽ കൊച്ചിയിൽ തിരികെയെത്തിയപ്പോൾ എൻഐഎ അറസ്റ്റ് ചെയ്തു. നജീബിന്റെ തട്ടിപ്പിനു സമാനമായി വ്യാജരേഖകൾ ചമച്ച് വൃക്കദാനം നിയമപരമാണെന്നു വിശ്വസിപ്പിച്ചായിരുന്നു മധു ജയകുമാറിന്റെയും സംഘത്തിന്റെയും കടത്തും.

സ്റ്റെമ്മ ക്ലബ് കേസിനു സമാനമായ രീതിയിൽ തന്നെയാണ് ഇപ്പോൾ മുഹമ്മദ് നജീബ് കല്ലട്രയുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പുകളും പുറത്തുവരുന്നത്. ഇവിടെയും ‘മെഡിക്കൽ ടൂറിസം’ തന്നെയാണ് മറയായി ഉപയോഗിക്കപ്പെട്ടത്. കല്ലട്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ അവയവക്കച്ചവടത്തിനായി വലിയ ശൃംഖല തന്നെ നജീബ് കെട്ടിപ്പടുത്തു. പല ജില്ലകളിലായാണു തട്ടിപ്പു നടന്നിട്ടുള്ളതെന്നു കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. നജീബിന്റെ ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയുടെ വിദേശബന്ധം പരിശോധിക്കുമെന്ന് റൂറൽ എസ്പി കെ.എസ്.സുദർശൻ വ്യക്തമാക്കിയത്. സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെയും അധികൃതരുടെയും മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് നടന്നിട്ടുണ്ടോ എന്ന കാര്യവും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. രാജ്യാന്തര ബന്ധം അന്വേഷിക്കാൻ കൊച്ചി സിറ്റി പൊലീസും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഷാഹിൻഷാ, തൃക്കാക്കര അസി. പൊലീസ് കമ്മിഷണർ മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അമ്പലമേട്, ഇൻഫോപാർക്ക്, ഉദയംപേരൂർ പൊലീസ് ഇൻസ്‌പെക്ടർമാരും 4 സബ് ഇൻസ്‌പെക്ടർമാരും ഉൾപ്പെട്ട 15 പേരടങ്ങുന്നതാണ് എസ്ഐടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.