കോഴിക്കോട്: പുതിയ സർക്കാർ അധികാരമേറ്റെടുത്ത് ദിവസങ്ങൾ പിന്നിടുമ്പോഴും മന്ത്രി സ്ഥാനം ലഭിക്കാത്തതിനെച്ചൊല്ലി കോഴിക്കോട്ടെ പോര് അടങ്ങുന്നില്ല. യുഡിഎഫ് നേതൃത്വത്തിന്റെ തമ്മിലടിയും പാരവയ്പും കൊണ്ടാണ് ജില്ലയ്ക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടെതെന്നാണ് പ്രവർത്തകരുടെ അമർഷം.
എൽഡിഎഫിനെതിരെ വീറുറ്റ പോരാട്ടം നടത്തി 12 സീറ്റ് നേടിയ യുഡിഎഫ് ഇത്തവണ 2 മന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്നു. ഒന്ന് കോൺഗ്രസിനും ഒന്ന് ലീഗിനും. എന്നാൽ, പ്രഖ്യാപനം വന്നപ്പോൾ അവസാന രണ്ടര വർഷം പാറക്കൽ അബ്ദുല്ലയെ പരിഗണിക്കാം എന്നതു മാത്രമാണ് ആശ്വാസം. കോൺഗ്രസിൽ നിന്നു കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത് മന്ത്രി സ്ഥാനത്തേക്കു വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
പാർട്ടിയിലെ സീനിയോറിറ്റിയും സമുദായ സമവാക്യവും പരിഗണിച്ച് ജയന്ത് അവസാന നിമിഷം വരെ പട്ടികയിലുണ്ടായിരുന്നു. എന്നാൽ മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോൾ പേരില്ലാതെ പോയത് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെ ഞെട്ടിച്ചു. ജില്ലയിലെ ചില നേതാക്കളുടെ ഇടപെടലാണ് കോഴിക്കോടിന്റെ അർഹമായ മന്ത്രി സ്ഥാനം തട്ടിമാറ്റിയത് എന്നാണു പ്രവർത്തകരുടെ അമർഷം. നേതാക്കളുടെ പേരു സഹിതം രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
മുതിർന്ന കോൺഗ്രസ് നേതൃത്വം ജില്ലയ്ക്കു മന്ത്രിയെ ലഭിക്കാൻ കാര്യമായി ഇടപെട്ടില്ലെന്നും പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. മറ്റു ജില്ലകളിലെ നേതാക്കൾ ജില്ലയുടെ മന്ത്രി സ്ഥാനത്തിനായി പരസ്യമായി തന്നെ ഇറങ്ങി. എന്നാൽ ജില്ലയിൽ നിന്ന് അത്തരമൊരു സമ്മർദമുണ്ടായില്ല. ജില്ലയിലെ സവിശേഷ സാഹചര്യം ആരും ചൂണ്ടിക്കാട്ടാൻ ശ്രമിച്ചില്ല. 25 വർഷമായി ഒരു എംഎൽഎ പോലുമില്ലാതിരുന്ന കോഴിക്കോട്ട് പുതിയൊരു അധികാര കേന്ദ്രം വരുന്നതിൽ ചില നേതാക്കൾക്കുണ്ടായ അസ്വസ്ഥതയാണ് ഇടപെടാതിരിക്കാൻ കാരണമെന്നും സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകളിൽ വിമർശനം നിറയുന്നു.
മുസ്‌ലിം ലീഗിൽ നിന്ന് പാറക്കൽ അബ്ദുല്ലയും ഇതുപോലെ അവസാന നിമിഷം വരെ പട്ടികയിലുണ്ടായിരുന്നു. എന്നാൽ അവസാന മണിക്കൂറിൽ വെട്ടിപ്പോയി. അതോടെ ലീഗ് നേതാക്കൾക്കെതിരെയും കടുത്ത വിമർശനമുണ്ട്. കോൺഗ്രസിൽ നിന്നു മന്ത്രിയുണ്ടാകുമെന്ന് ഉറപ്പായതിനാൽ ജില്ലയിലെ മുസ്‍ലിം ലീഗും മന്ത്രി സ്ഥാനത്തിനു വേണ്ടി വേണ്ടത്ര ശ്രമിച്ചില്ല എന്നാണു കുറ്റപ്പെടുത്തൽ. പ്രതിഷേധം കനത്തതോടെയാണ് പാറക്കൽ അബ്ദുല്ലയുടെ പേര് അവസാന രണ്ടര വർഷത്തേക്കു പ്രഖ്യാപിച്ച് ലീഗ് നേതൃത്വം രക്ഷപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.