ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെ തൃശൂർ ദിശയിലേയ്ക്കുള്ള പാലം അടച്ചിട്ടു നടത്തുന്ന അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. 9ന് ആരംഭിച്ച പണികൾ 3 ദിവസം പിന്നിട്ടു.
15 ബെയറിങ്ങുകളാണ് ഇതിനകം മാറ്റി സ്ഥാപിച്ചത്. രണ്ടാഴ്ചയ്ക്കകം ജോലികൾ തീർക്കാവുന്ന രീതിയിലാണു നിർമാണ പ്രവർത്തനങ്ങൾ. ഗുരുവായൂർ ഇൻഫ്രാ സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണു ബെയറിങ് മാറ്റുന്ന ജോലികളുടെ ചുമതല. ഇവരെ സഹായിക്കാൻ മഹാരാഷ്ട്ര ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ വിദഗ്ധ തൊഴിലാളികളുമുണ്ട്.
പാലത്തിനു മുകളിൽ സ്പാനുകൾക്ക് ഇടയിലുള്ള ഭാഗത്തെ ടാറിങ് മുറിച്ചുനീക്കുകയും എക്സ്പാൻഷൻ ജോയിന്റ് ഇളക്കി മാറ്റുകയും ചെയ്ത ശേഷമാണ് ബെയറിങ് മാറ്റുന്നത്. അര നൂറ്റാണ്ടു പഴക്കമുള്ള പാലത്തിന്റെ തൂണുകൾക്കും സ്പാനുകൾക്കും ഇടയിലുള്ള റബറും ലോഹവും ചേർത്തു നിർമിച്ച ബെയറിങ്ങിന് തേയ്മാനം വന്നതോടെയാണു 25 വർഷത്തിനു ശേഷം മാറ്റിസ്ഥാപിക്കുന്നത്. 7 സ്പാനുകളിലായി 42 ബെയറിങ്ങുകളാണ് ഈ പാലത്തിലുള്ളത്.ഇതിൽ 27 ബെയറിങ്ങുകൾ കൂടി മാറ്റാനുണ്ട്. അതിനു ശേഷം എക്സ്പാൻഷൻ ജോയിന്റുകൾ ഘടിപ്പിക്കുന്നതു പൂർത്തിയാക്കിയും ടാറിങ് പൊളിച്ച ഭാഗം ടാറിങ് നടത്തിയും നടപ്പാതയിലെ ഇളക്കി മാറ്റിയ സ്ലാബുകൾ തിരികെ ഘടിപ്പിച്ചും ജോലികൾ പൂർത്തിയാക്കും.
ജൂൺ മാസമാദ്യം സ്കൂൾ തുറക്കും മുൻപേ ജോലികൾ പൂർത്തിയാക്കണമെന്നു നിർദേശമുണ്ട്. മഴ പെയ്താലും ബെയറിങ് മാറ്റുന്ന ജോലികൾക്കു കാര്യമായ തടസ്സമുണ്ടാകില്ലെങ്കിലും മഴക്കാലം ശക്തമാകും മുൻപേ പണികൾ തീർക്കാനാണു ശ്രമം.
ഈ പാലം അടച്ചതോടെ ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾ എറണാകുളം ഭാഗത്തേക്കുള്ള പാലത്തിലൂടെയാണു കടത്തിവിടുന്നത്. ഗതാഗതക്കുരുക്കു തുടരുകയാണ്. ഇന്നലെ രാവിലെ എറണാകുളം ദിശയിലേക്കുള്ള വാഹനങ്ങൾ ചാലക്കുടി മേൽപാലവും കടന്ന് ഒരു കിലോമീറ്ററോളം നീണ്ടു. വൈകിട്ട് തൃശൂർ ദിശയിലേക്കുള്ള വാഹനങ്ങൾ മുരിങ്ങൂർ ഡിവൈൻ നഗർ മേൽപാതയും കടന്നു നീളുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.