ആലപ്പുഴ: യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ യു. പ്രതിഭ. ലിജു വിജയിച്ചത് ശരിയായ മാർഗ്ഗത്തിലൂടെയല്ലെന്നും, മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടാക്കി കരഞ്ഞു വോട്ട് വാങ്ങുകയായിരുന്നുവെന്നും പ്രതിഭ ആരോപിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മുൻ എംഎൽഎയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തനിക്കെതിരെ വലിയ രീതിയിലുള്ള കള്ളപ്രചാരണങ്ങളാണ് നടന്നതെന്ന് പ്രതിഭ പറഞ്ഞു. പ്രതിഭ രണ്ട് തവണ ജയിച്ചതല്ലേ, തനിക്ക് ഒരു തവണ അവസരം നൽകൂ എന്ന് പറഞ്ഞാണ് ലിജു വോട്ട് തേടിയത്. ഇതോടെ മണ്ഡലത്തിൽ ലിജുവിന് അനുകൂലമായി സഹതാപ തരംഗമുണ്ടാവുകയും എന്നെ വില്ലത്തിയാക്കി ചിത്രീകരിക്കുകയും ചെയ്തു.
ജനാധിപത്യത്തിൽ ഇത്തവണ വല്ലാത്ത രീതിയിൽ പണമൊഴുക്കിയാണ് യുഡിഎഫ് കളിച്ചത്. അവർ അഞ്ഞൂറ് ബോർഡുകൾ സ്ഥാപിച്ചപ്പോൾ എനിക്ക് അഞ്ച് ബോർഡുകൾ മാത്രമാണ് വെക്കാൻ സാധിച്ചത് പ്രതിഭ വ്യക്തമാക്കി.
വ്യാജപ്രചാരണങ്ങൾക്ക് പുറമെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തന്നെ വ്യക്തിഹത്യ ചെയ്യാനും വേട്ടയാടാനും ശ്രമം നടന്നതായി യു. പ്രതിഭ ആരോപിച്ചു. വീടുകൾ കയറിയിറങ്ങി അപവാദം പ്രചരിപ്പിച്ചു.
ഒരു സ്ത്രീയുടെ വ്യക്തിജീവിതത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. രാഷ്ട്രീയത്തിൽ പോലുമില്ലാത്ത തന്റെ മകനെപ്പോലും ഇതിലേക്ക് വലിച്ചിഴച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും തനിക്കെതിരെയുള്ള ഈ സൈബർ-വ്യക്തിഗത ആക്രമണങ്ങൾ തുടരുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷത്തെ തന്റെ എംഎൽഎ കാലാവധിയിൽ മണ്ഡലത്തോട് നൂറ് ശതമാനം നീതി പുലർത്തിയിട്ടുണ്ടെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
കായംകുളത്ത് താൻ ഒന്നും ചെയ്തില്ലെന്ന് പറയുന്നവർ ഉറക്കം നടിക്കുന്നവരാണ്. മണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം താൻ ശരിയാക്കിയിട്ടുണ്ട്. അതുകൊണ്ട് പുതിയ എംഎൽഎയ്ക്ക് വികസനത്തിന്റെ കാര്യത്തിൽ വലിയ വെല്ലുവിളികളില്ലാതെ സന്തോഷത്തോടെ മണ്ഡലത്തിലൂടെ സഞ്ചരിക്കാമെന്നും യു. പ്രതിഭ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.