ന്യൂഡൽഹി: ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ തിരഞ്ഞെടുത്ത രാജ്യാന്തര റൂട്ടുകളിലെ സർവീസുകൾ വെട്ടിച്ചുരുക്കുമെന്ന് എയർ ഇന്ത്യ. ചില മേഖലകളിലെ വ്യോമപാത നിയന്ത്രണങ്ങളും റെക്കോർഡ് തലത്തിലെത്തിയ വിമാന ഇന്ധനവിലയും അടക്കമുള്ള സാഹചര്യങ്ങൾ കണക്കിലെടുത്താണ് കമ്പനി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
എങ്കിലും എല്ലാ മാസവും 1,200ൽ അധികം രാജ്യാന്തര വിമാന സർവീസുകൾ തുടർന്നും നടത്തുമെന്നു എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലയളവിലും വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ലഭ്യമായിരിക്കും.
ഡൽഹി – ഷിക്കാഗോ, മുംബൈ – ന്യൂയോർക്ക്, ഡൽഹി–ഷാങ്ഹായ്, ചെന്നൈ–സിംഗപ്പുർ, ഇവ കൂടാതെ മറ്റ് രണ്ട് റൂട്ടുകളിലുമാണ് താൽക്കാലികമായി സർവീസുകൾ നിർത്തിവയ്ക്കുന്നത്. ചുരുക്കിയ സർവീസുകൾക്കിടയിലും, നിലവിലുള്ള പ്രതിസന്ധികളെ അതിജീവിച്ച് ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത യാത്രാനുഭവം നൽകാൻ എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിമാനക്കമ്പനി കൂട്ടിച്ചേർത്തു.
പ്രതിവാരം 33 വിമാനങ്ങളുമായി നോർത് അമേരിക്കയിലേക്കുള്ള സർവീസുകൾ തുടരും. യൂറോപ്പിലേക്ക് ആഴ്ചയിൽ 47 സർവീസുകളും ബ്രിട്ടനിലേക്ക് ആഴ്ചയിൽ 57 സർവീസുകളും എയർ ഇന്ത്യ നടത്തും. ഓസ്ട്രേലിയയിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം എട്ടായിരിക്കും.
തെക്ക് കിഴക്കൻ ഏഷ്യ, സാർക്ക് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 158 വിമാനങ്ങളുടെ സർവീസും ഉണ്ട്. ആഫ്രിക്കൻ രാജ്യമായ മൗറീഷ്യസിലേക്ക് പ്രതിവാരം ഏഴ് വിമാനങ്ങളും എയർ ഇന്ത്യയുടെ ഷെഡ്യൂളിൽ ഉൾപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.