മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം ഇനിയും വൈകില്ലെന്ന പ്രതീക്ഷയിൽ ജില്ലയിലെ യുഡിഎഫ്. ഉടൻതന്നെ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ്, ലീഗ് നേതാക്കൾ പങ്കുവയ്ക്കുന്നത്.
മന്ത്രിമാരുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ തുടരുന്ന മുസ്‌ലിം ലീഗ് അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പ്രഖ്യാപനത്തിനു കാത്തിരിക്കുകയാണ്. മന്ത്രിസഭയുടെ ഘടനയും വകുപ്പും സംബന്ധിച്ച ചർച്ചകളും ഇതുവരെ ഔദ്യോഗികമായി തുടങ്ങിയിട്ടില്ല. വി.ഡി.സതീശനുള്ള പിന്തുണ എഐസിസി നിരീക്ഷകർക്കു മുന്നിൽ വ്യക്തമായി അവതരിപ്പിച്ച ലീഗ് തീരുമാനത്തിനു കാത്തിരിക്കുകയാണ്.
ഇനിയും ഹൈക്കമാൻഡ് അഭിപ്രായം ചോദിച്ചാൽ നിലപാട് ആവർത്തിക്കും. എന്നാൽ, തീരുമാനം പ്രഖ്യാപിച്ചാൽ അത് അംഗീകരിക്കും. ലീഗിലെ മന്ത്രിചർച്ചകളും ഇതിനിടെ വിവിധ തലങ്ങളിൽ നടക്കുന്നുണ്ട്. 5 മന്ത്രിമാരുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പാർട്ടി. മന്ത്രിമാരെ സംബന്ധിച്ച അന്തിമതീരുമാനം മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷമാകും. അതിനു മുൻപ് വകുപ്പുകൾ സംബന്ധിച്ച് യുഡിഎഫിൽ ധാരണയാകേണ്ടതുണ്ട്.
നേരത്തേ കൈകാര്യം ചെയ്ത വകുപ്പുകൾ തന്നെ ഇത്തവണയും ഏറ്റെടുക്കാനാണ് നിലവിലെ ധാരണ.
ജില്ലയിലെ കോൺഗ്രസ് എംഎൽഎമാരിൽ കെ.പി.നൗഷാദ് അലി സതീശൻ ക്യാംപിനെ നയിക്കുന്നവരിലൊരാളാണ്. തിരുവനന്തപുരത്തും ഡൽഹിയിലും സതീശൻ വിഭാഗത്തിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് നൗഷാദ് അലി കൂടി ഉൾപ്പെട്ട സംഘമാണ്.
പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് ഹൈക്കമാൻഡും മുഖ്യമന്ത്രി മത്സരത്തിലുള്ള 3 നേതാക്കളും ആവശ്യപ്പെട്ടതോടെ ജില്ലയിൽ പ്രകടനങ്ങളോ ഫ്ലെക്സ് സ്ഥാപിക്കലോ ഉണ്ടായില്ല. പലയിടങ്ങളിലും നേരത്തെ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ അഴിച്ചു മാറ്റുകയും ചെയ്തു. തങ്ങളുടെ നേതാവ് തന്നെ മുഖ്യമന്ത്രിയായി വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വിവിധ ഗ്രൂപ്പുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.