ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ സ്നേഹം പരസ്യമായി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡൽഹിയിലെ യുഎസ് എംബസിയിൽ നടന്ന അമേരിക്കയുടെ 250 ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്ക് അപ്രതീക്ഷിതമായി നടത്തിയ ഓഡിയോ കോളിലാണ് ട്രംപ് മോദിയെ വാനോളം പുകഴ്ത്തിയത്.
‘‘എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. എനിക്ക് പ്രധാനമന്ത്രി മോദിയോട് വലിയ സ്നേഹമാണ്. മോദി മികച്ചൊരു ഭരണാധികാരിയാണ്. അദ്ദേഹം എന്റെ സുഹൃത്താണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇപ്പോഴത്തെപ്പോലെ ഇത്രയധികം ദൃഢമായ മറ്റൊരു കാലഘട്ടമില്ല. ഇന്ത്യയ്ക്ക് എപ്പോഴും എന്നെയും എന്റെ രാജ്യത്തെയും നൂറു ശതമാനം വിശ്വസിക്കാം.
ഇന്ത്യയ്ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അവർക്ക് ആരെയാണ് വിളിക്കേണ്ടതെന്ന് കൃത്യമായി അറിയാം. അമേരിക്ക മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. സമ്പദ്‌വ്യവസ്ഥയിലും ഓഹരി വിപണിയിലും നമ്മൾ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ ഏറ്റവും വലിയൊരു ആരാധകനാണ് ഞാൻ’’– ട്രംപ് വ്യക്തമാക്കി.
നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോടും ട്രംപ് ഫോണിലൂടെ സംസാരിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മികച്ച സ്റ്റേറ്റ് സെക്രട്ടറിയായി റൂബിയോ മാറുമെന്ന് പറഞ്ഞ ട്രംപ്, പ്രധാനമന്ത്രി മോദിയെ കാണുമ്പോൾ തന്റെ അന്വേഷണങ്ങൾ അറിയിക്കണമെന്നും താൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണെന്ന് ഓർമിപ്പിക്കണമെന്നും റൂബിയോയോട് ആവശ്യപ്പെട്ടു.
ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എന്നിവർ പ്രസംഗിച്ചു. ഡോണൾഡ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള അടുത്ത വ്യക്തിബന്ധത്തെ സെർജിയോ ഗോർ ചടങ്ങിൽ പ്രത്യേകം പ്രശംസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.