കൊച്ചി: കേരളത്തിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) പിളർന്നു. പുതിയ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശങ്ങൾ തള്ളിക്കൊണ്ട് മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ, മുൻ കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം കൊച്ചിയിൽ സമാന്തര സംസ്ഥാനതല യോഗം ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു.
ദേശീയ നേതൃത്വവുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച വിമത വിഭാഗം, താൽക്കാലികമായി ‘എൻസിപി (സെക്കുലർ)’ അല്ലെങ്കിൽ ‘എൻസിപി-എസ്’ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. തങ്ങൾ എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും ഇവർ വ്യക്തമാക്കി. ജൂൺ 20ന് പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ദേശീയ നേതൃത്വം ബിജെപി നയിക്കുന്ന എൻഡിഎയുമായി പുലർത്തുന്ന അടുപ്പത്തിലും കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിലും പ്രതിഷേധിച്ചാണ് പിളർപ്പ്. എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ഉൾപ്പെടെയുള്ളവർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ഇതിനു പുറമെ, സംസ്ഥാന ഘടകവുമായി ആലോചിക്കാതെ പി.എം.സുരേഷ് ബാബുവിനെ പുതിയ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതും കേരള ഘടകത്തെ ചൊടിപ്പിച്ചു. ഇതിന് പിന്നിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി.ചാക്കോ ആണെന്നാണ് വിമതർ ആരോപിക്കുന്നത്.
യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട തോമസ് കെ.തോമസ് ദേശീയ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ‘എൻസിപിക്ക് എൻഡിഎയുമായി യാതൊരുവിധ സഖ്യമോ ബന്ധമോ ഉണ്ടായിരിക്കില്ല. ദേശീയ നേതൃത്വത്തിന്റെ നടപടികൾ അംഗീകരിക്കാൻ കഴിയില്ല. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം അത്തരം നിബന്ധനകളുമായി മുന്നോട്ട് പോകാൻ കഴിയില്ല. അതിനാൽ, ഞങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും പൂർണ ഐക്യത്തോടെ ഒരു പ്രത്യേക മതേതര സംവിധാനമായി മുന്നോട്ട് പോകാനും തീരുമാനിച്ചു’– അദ്ദേഹം പറഞ്ഞു.
വിമത വിഭാഗത്തിന്റെ യോഗത്തിന് ഔദ്യോഗിക നേതൃത്വം വിലക്ക് പ്രഖ്യാപിച്ചിരുന്നങ്കിലും യോഗത്തിൽ ആകെയുള്ള 14 ജില്ലാ പ്രസിഡന്റുമാരിൽ 13 പേരും, ഭൂരിഭാഗം സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു. മുതിർന്ന നേതാവ് മുക്കം മുഹമ്മദും വിമത പക്ഷത്തിനൊപ്പം ചേർന്നിട്ടുണ്ട്. പുതിയ പാർട്ടിയുടെ ഭരണഘടന തയാറാക്കുന്നതിനും റജിസ്ട്രേഷൻ നടപടികൾക്കുമായി ശശീന്ദ്രന്റെയും തോമസിന്റെയും നേതൃത്വത്തിൽ ഒൻപതംഗ സമിതിയും രൂപീകരിച്ചു. മറുഭാഗത്ത് പി.സി.ചാക്കോയ്ക്കും സുരേഷ് ബാബുവിനും ദേശീയ നേതൃത്വത്തിന്റെ പിന്തുണയുണ്ടെങ്കിലും കേരളത്തിലെ ഭൂരിഭാഗം സംഘടനാ സംവിധാനവും വിമത പക്ഷത്തിനൊപ്പമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.