കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ അസംതൃപ്തിയും അസ്വസ്ഥതകളും പടരുന്നു. പാർട്ടിസ്ഥാപകയും ചെയർപേഴ്‌സണുമായ മമതാ ബാനർജിയും ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഉൾപ്പെടെയുള്ള ഉന്നതനേതൃത്വത്തിനെതിരേ നിശിതവിമർശനമാണ് ഉയരുന്നത്.
പുറത്താക്കൽ, സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൊണ്ടാണ് പാർട്ടി പ്രവർത്തകരുടെയും വക്താക്കളുടെയും അതൃപ്തിയെ ടിഎംസി നേരിടുന്നത്. ശനിയാഴ്ച മൂന്ന് പാർട്ടി വക്താക്കളെയാണ് ടിഎംസി സസ്‌പെൻഡ് ചെയ്തത്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു റിജു ദത്ത, കോഹിനൂർ മജുംദാർ, കാർത്തിക് ഘോഷ് എന്നിവരെ ആറുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്.
എന്നാൽ, പാർട്ടി അധികാരത്തിലില്ലാത്തതിനാൽതന്നെ ഇത്തരം നടപടികൾകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടാകാനിടയില്ലെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. ടിഎംസി വക്താവ് റിജു ദത്ത, മുഖ്യമന്ത്രി സുവേന്ദു അധികാരിയോട് മാപ്പുപറഞ്ഞുകൊണ്ട് സാമൂഹികമാധ്യമമായ എക്‌സിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. മിക്കപ്പോഴും ചാനൽ ചർച്ചകളിലെ ടിഎംസി മുഖമായിരുന്നു ഇദ്ദേഹം.
സുവേന്ദുവിനെതിരേ നടത്തിയ ‘സഭ്യേതര പരാമർശങ്ങൾ’ക്കാണ് റിജു മാപ്പ് ചോദിച്ചിത്. സുവേന്ദു പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിനെതിരേ അത്തരം പരാമർശങ്ങൾ നടത്താൻ പാർട്ടിക്കുള്ളിൽനിന്ന് സമ്മർദവും ഭീഷണിയും നേരിട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ റിജു വീഡിയോയിൽ പറയുന്നത്. പിന്നാലെ അച്ചടക്ക സമിതിക്ക് മുൻപാകെ ഹാജരാകാൻ റിജുവിന് ടിഎംസി നിർദേശം നൽകിയെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. അഭിഷേക് ബാനർജിയെ കാണാൻ പാർട്ടി നേതാക്കൾക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നു എന്നായിരുന്നു കോഹിനൂർ മജുംദാർ മാധ്യമങ്ങളോടു പ്രതികരിച്ചത്.
മാൾഡയിൽനിന്നുള്ള പാർട്ടിയുടെ മുതിർന്ന നേതാവ് കൃഷ്‌ണേന്ദു നാരായൺ ചൗധരിയും അഭിഷേക് ബാനർജിയുടെ പ്രവർത്തനശൈലിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൂച്ച് ബിഹാറിൽനിന്നുള്ള മുതിർന്ന നേതാവ് രബീന്ദ്രനാഥ് ഘോഷിന്റെ മകൾ പ്രിയാ ഘോഷും അഭിഷേകിനെതിരേ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ നടപടിയും നേരിടേണ്ടിവന്നു. മുൻ ക്രിക്കറ്റ് താരം മനോജ് തിവാരിയും ടിഎംസിക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ടിക്കറ്റിനായി സ്ഥാനാർഥികളോട് അഞ്ചുകോടി രൂപവീതം ആവശ്യപ്പെട്ടിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, താൻ അത് നൽകിയില്ലെന്നും മനോജ് കൂട്ടിച്ചേർക്കുന്നു. മമതാ സർക്കാരിലെ കായിക-യുവജനക്ഷേമ വകുപ്പ് സഹമന്ത്രിയായിരുന്നു അദ്ദേഹം. മുതിർന്ന നേതാവ് അരൂപ് വിശ്വാസിനെതിരേയും മനോജ് തിവാരി വിമർശനം ഉന്നയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.