ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ‘മുഖ്യൻ’ ആരെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ നേതാക്കൾ പുറത്തെത്തി ചേരിതിരിഞ്ഞുള്ള പോര് അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി ആരാണ് എന്നത് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് പിന്നീട് പ്രഖ്യാപിക്കും.
മുഖ്യമന്ത്രി പദത്തിലേക്ക് മത്സരിക്കുന്ന വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് നേതാക്കളുടെ പേരിലുള്ള പ്രകടനങ്ങൾ അവസാനിപ്പിക്കാനും ഫ്‌ളക്‌സ്‌ബോർഡുകൾ എടുത്തുമാറ്റാനും ആവശ്യപ്പെട്ടത്.മുഖ്യമന്ത്രി ആര് എന്നതിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കും. മെയ് 23 വരെ സമയമുണ്ടെന്നും യോഗത്തിന് ശേഷം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. ശേഷമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. വി.ഡി. സതീശൻ ‘നമ്മൾ ഒരു ഉജ്ജ്വലമായ വിജയമാണ് കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്നത് എല്ലാ നേതാക്കളും ഒരുമിച്ചുചേർന്ന് എല്ലാ പ്രവർത്തകരും കഠിനാധ്വാനം ചെയ്തുണ്ടാക്കിയ ചരിത്രത്തിലെ ഏറ്റവും വലിയ മഹാവിജയമാണ്.
പിന്നീട് ഇങ്ങനെ ചേരിതിരിഞ്ഞുള്ള പ്രകടനങ്ങൾ, ചേരിതിരിഞ്ഞുള്ള ഫ്‌ളക്‌സ് ബോർഡുകൾ, സോഷ്യൽ മീഡിയയിൽ നടത്തുന്ന പ്രചരണങ്ങൾ ഇതെല്ലാം ഒരു വിഭാഗീയത നമ്മുടെ പാർട്ടിയിൽ ഉണ്ട് എന്നുള്ള ഒരു പ്രചരണം ഉണ്ടാക്കിയിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾ എല്ലാവരും ചേർന്ന് ഒരുമിച്ച് പറയുന്നു, ഞങ്ങൾക്ക് ആർക്കും വേണ്ടി ഇനി അങ്ങനെ പ്രചാരണങ്ങൾ നടത്തരുത് അത് കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കും, നമുക്കുവേണ്ടി വോട്ട് ചെയ്ത യുഡിഎഫ് പ്രവർത്തകരെ വേദനിപ്പിക്കും, വോട്ട് ചെയ്ത മഹാ ഭൂരിഭാഗം ജനങ്ങൾക്കും ഇത് വിഷമം ഉണ്ടാക്കും. അതുകൊണ്ട് ഞങ്ങൾ എല്ലാവരും ഒരുമിച്ച് നിന്ന് എല്ലാ യുഡിഎഫ് പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു, ഇന്നുമുതൽ അത്തരം ഒരു പ്രവൃത്തികളും ചെയ്യരുത്.

സംസ്ഥാനത്ത് വെച്ചിരിക്കുന്ന എല്ലാ ഫ്‌ളെക്‌സ് ബോർഡുകളും പറ്റുമെങ്കിൽ ഇന്ന് രാത്രി തന്നെ നീക്കം ചെയ്യണം. നാളത്തേക്ക് അത് ഉണ്ടാകരുത്. ഇനി ഒരു സ്ഥലത്തും ഒരു പ്രകടനം പോലും നടത്തരുത്. ഞങ്ങൾ എല്ലാവരും പ്രത്യേകിച്ച് ഞങ്ങൾ മൂന്നു പേരുമായിട്ട് ബന്ധപ്പെട്ടിട്ടാണ് ഇതെല്ലാം വന്നിരിക്കുന്നത്.’ കെ.സി. വേണുഗോപാൽ ‘ഏറ്റവും മെച്ചപ്പെട്ട ഒരു ഭരണകൂടം കേരളത്തിൽ ഉണ്ടാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. മുൻപ് നടന്ന നിർഭാഗ്യകരമായ സംഭവങ്ങളെല്ലാം ഒരു പഴങ്കഥയായി അവസാനിപ്പിക്കണം. പാർട്ടിക്കും ജനങ്ങൾക്കുമാണ് തങ്ങൾ പരമപ്രാധാന്യം നൽകുന്നത്. കോൺഗ്രസ് അധ്യക്ഷന്റെയും രാഹുൽ ഗാന്ധിയുടെയും തീരുമാനങ്ങൾക്കനുസരിച്ച് കൃത്യമായി മുന്നോട്ട് പോകാനാണ് നേതാക്കൾ ആഗ്രഹിക്കുന്നത്.
വ്യക്തിപരമായ താൽപ്പര്യങ്ങളുടെ പേരിൽ മറ്റ് നേതാക്കളെ മോശമാക്കുന്ന രീതിയിലുള്ള പ്രകടനങ്ങളോ, ബോർഡുകൾ സ്ഥാപിക്കുന്നതോ ഇനിമുതൽ അവസാനിപ്പിക്കണമെന്ന് പ്രവർത്തകരോട് വിനീതമായി അഭ്യർത്ഥിക്കുന്നു. പാർട്ടിയുടെ കെട്ടുറപ്പിനായി എല്ലാവരും സഹായകരമായ നിലപാട് സ്വീകരിക്കണം.’ രമേശ് ചെന്നിത്തല ‘വ്യക്തിപരമായ താൽപ്പര്യങ്ങൾക്കായി പ്രകടനങ്ങൾ നടത്തുന്നതും ബോർഡുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കി പാർട്ടിയുടെ ഐക്യത്തിനായി പ്രവർത്തിക്കണം. കോൺഗ്രസ് അധ്യക്ഷന്റെയും രാഹുൽ ഗാന്ധിയുടെയും തീരുമാനങ്ങൾ അനുസരിച്ച് മുന്നോട്ട് പോകാനാണ് നേതാക്കൾ ആഗ്രഹിക്കുന്നത്. ചരിത്രവിജയമാണ് യുഡിഎഫിന് ലഭിച്ചത്. ആ വിജയത്തിൽ കേരളത്തിലെ ജനങ്ങൾ സന്തോഷിക്കുന്നുണ്ട്. അതിനിടയിലാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങളുടെ മൂന്നു പേരുടെയും പേരുമായി ബന്ധപ്പെട്ട ചില പ്രചരണങ്ങൾ നടന്നത്. അത് ആവേശഭരിതരായ ആളുകളോ അല്ലെങ്കിൽ താല്പര്യമുള്ള ആളുകളോ ഒക്കെ ഇങ്ങനെ ബോർഡുകൾ വെക്കുകയും ബാനറുകൾ കെട്ടുകയും ജാഥ നടത്തുകയും ചെയ്തിട്ടുണ്ട് എന്നുള്ളത് സത്യമാണ്. ഇന്നത്തോട് കൂടി എല്ലാം അവസാനിപ്പിക്കണം. അത് ജനങ്ങൾക്കിടയിൽ പാർട്ടിയെ മോശമായി ചിത്രീകരിക്കാൻ കാരണമാകുന്നുണ്ട്.’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.