ചെന്നൈ: ദിവസങ്ങൾ നീണ്ട സസ്‌പെൻസുകൾക്കൊടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി സൂപ്പർസ്റ്റാർ ജോസഫ് വിജയ് ചന്ദ്രശേഖർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ സജ്ജീകരിച്ച വേദിയിലാണ് തമിഴ്‌നാട് ചരിത്രത്തിന്റെ ഭാഗമായി മാറുന്ന സത്യപ്രതിജ്ഞ നടന്നത്. ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ വിജയ് കൈവശം വയ്ക്കും.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ചെന്നൈ നഗരത്തിലെ 20 കേന്ദ്രങ്ങളിൽ പ്രത്യേകം സ്‌ക്രീനുകളിൽ തത്സമയം പ്രദർശിപ്പിക്കുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് വീക്ഷിക്കാൻ മാതാപിതാക്കളും സുഹൃത്ത് തൃഷയും എത്തിയിരുന്നു. എംജിആറിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്ന സിനിമാ താരമാണ് വിജയ്. 1967-ന് ശേഷം ദ്രാവിഡ പാർട്ടികളായ ഡിഎംകെക്കും എഐഎഡിഎംകെക്കും പുറത്ത് നിന്ന് തമിഴ്‌നാട് ഭരിക്കുന്ന ആദ്യ നേതാവായി വിജയ് മാറും.
വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി മന്ത്രിസഭയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ സർക്കാരിനുണ്ട്.
കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ഡിഎംകെ അധികാരത്തിൽ വന്നതിന് ശേഷം ഏറെനാളായി കോൺഗ്രസിന് മന്ത്രിമാർ ആരും തന്നെ തമിഴ്‌നാട്ടിലുണ്ടായിട്ടില്ല. ഡിഎംകെയുടെ സഖ്യകക്ഷി ആയിരുന്നെങ്കിലും മന്ത്രിസഭയിൽ കോൺഗ്രസിന് പ്രാതിനിധ്യമുണ്ടായിരുന്നില്ല. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
108 എംഎൽഎമാരാണ് വിജയ്‌യുടെ പാർട്ടിയായ ടിവികെയ്ക്കുള്ളത്. കോൺഗ്രസ് (5), സിപിഐ (2), സിപിഎം (2), വിസികെ (2), മുസ്ലീം ലീഗ് (2) എന്നിങ്ങനെയാണ് പിന്തുണ നൽകിയ മറ്റ് പാർട്ടികൾ. ഇതിൽ കോൺഗ്രസ് വിജയ്‌യുടെ പാർട്ടിയുമായി സഖ്യം രൂപീകരിച്ചു. എന്നാൽ ഇടതുപാർട്ടികൾ സഖ്യസർക്കാരിൽ ഭാഗമാകില്ല. പുറത്തുനിന്നുള്ള പിന്തുണമാത്രമേ ഉണ്ടാകു എന്നാണ് അറിയിച്ചിരിക്കുന്നത്. മെയ് 13-നകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ വിജയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് നേരിട്ട് കാണാൻ എത്തുന്നതിന്റെ ആവേശത്തിലാണ് വിജയയുടെ മാതാപിതാക്കൾ. "എന്റെ മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ പോകുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്," എന്ന് പിതാവ് എസ്.എ. ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. മാതൃദിനത്തിൽ മകൻ അധികാരമേൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് മാതാവ് ശോഭയും കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിൽ എം.ജി. രാമചന്ദ്രനുമായി താരതമ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള ജനപിന്തുണയാണ് നടൻ കൂടിയായ വിജയ് റാലികളിൽ നേടിയത്. പെരമ്പൂർ, തൃച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച വിജയ്, ഇതിൽ ഒരെണ്ണം ഉടൻ രാജിവെക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.