തിരുവനന്തപുരം: രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരു സംസ്ഥാനത്തിലും അധികാരമില്ലാത്ത ഒരു കാലമാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തോടെ സംജാതമായിരിക്കുന്നത്.
കേരളത്തില്‍ മാത്രമായിരുന്നു ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഉണ്ടായിരുന്നത്. നേരത്തേ ത്രിപുര പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അധികാരത്തിലുണ്ടായിരുന്നു.1977 ജൂണ്‍ 21 മുതല്‍ 2011 മെയ് 20 വരെ ഏതാണ്ട് മൂന്നര പതിറ്റാണ്ടോളം സിപിഐഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആയിരുന്നു പശ്ചിമ ബംഗാള്‍ ഭരിച്ചിരുന്നത്. 1977 മുതല്‍ 2000 വരെ ജ്യോതി ബസുവും അതിന് ശേഷം ബുദ്ധദേബ് ഭട്ടാചാര്യയും ആയിരുന്നു ബംഗാളിലെ സിപിഐഎം മുഖ്യമന്ത്രിമാര്‍.
ത്രിപുരയില്‍ 1977 ലേയും 1983 ലേയും സര്‍ക്കാരുകളെ നയിച്ചത് സിപിഐഎം നേതാവായ നൃപന് ചക്രവര്‍ത്തിയായിരുന്നു. 1988 മുതല്‍ 1993 വരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു ഭരണം. 1993 ലെ തിരഞ്ഞെടുപ്പില്‍ ദശരഥ് ദേബ് വീണ്ടും സിപിഐഎം മുഖ്യമന്ത്രിയായി. അതിന് ശേഷം നടന്ന നാല് തിരഞ്ഞെടുപ്പുകളില്‍ മാണിക് സര്‍ക്കാര്‍ ആയിരുന്നു ത്രിപുരയിലെ സിപിഐഎം സര്‍ക്കാരിനെ നയിച്ചത്. 20 വര്‍ഷത്തോളം മാണിക് സര്‍ക്കാര്‍ മുഖ്യമന്ത്രി പദത്തിലിരുന്നു. മൊത്തം 35 വര്‍ഷത്തോളം സിപിഐഎം ആയിരുന്നു ത്രിപുരയിലെ സര്‍ക്കാരിനെ നയിച്ചത്.2011 ലെ തിരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാരിനെ വീഴ്ത്തി തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തി. ഇപ്പോള്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അവിടെ അധികാരത്തിലെത്തി. സിപിഐഎമ്മും ഇടതുപാര്‍ട്ടികളും ബംഗാളില്‍ നാമാവശേഷമാവുകയും ചെയ്തു
.ത്രിപുരയിലും സംഭവിച്ചത് മറ്റൊന്നല്ല. 2018 ലെ തിരഞ്ഞെടുപ്പില്‍ മാണിക് സര്‍ക്കാരിനെ അട്ടിമറിച്ച് ബിപ്ലബ് കുമാര്‍ ദേബിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തി. 2023 ലെ തിരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിച്ചു. കേരളത്തില്‍ അഞ്ചുവര്‍ഷം എല്‍ഡിഎഫും അഞ്ച് വര്‍ഷം യുഡിഎഫും എന്ന നിലയിലായിരുന്നു ഭരണമാറ്റം.
അതുകൊണ്ട് തന്നെ 1977 മുതല്‍ നോക്കിയാല്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. പശ്ചിമ ബംഗാളിലും ത്രിപുരയിലും ഒടുവില്‍ കേരളത്തിലും കൂടി ഭരണം നഷ്ടപ്പെടുന്നതോടെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മുക്ത ഇന്ത്യ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.കേരളത്തില്‍ ഇത്തവണ വന്‍ പരാജയമാണ് സിപിഐഎം നയിക്കുന്ന എല്‍ഡിഎഫ് നേരിട്ടിരിക്കുന്നത്. കഴിഞ്ഞ തവണ 99 സീറ്റുകളുമായി അധികാരത്തിലെത്തിയ മുന്നണി ഇത്തവണ അതിന്റെ പകുതി പോലും നേടാനാകാതെ വലഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് പോലും പരാജയം മണത്തു. ഉറച്ച കോട്ടയെന്ന് കരുതിയിരുന്ന കണ്ണൂരും കൊല്ലവും എല്ലാം എല്‍ഡിഎഫിനേയും സിപിഐഎമ്മിനേയും കൈവിടുകയും ചെയ്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.