കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഫല്‍ത നിയമസഭാ മണ്ഡലത്തിലെ റീപോളിംഗ് ഇന്ന് നടക്കും. പുനർ വോട്ടെടുപ്പ് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ കർശന നടപടി സ്വീകരിച്ചെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മണ്ഡലത്തില്‍ മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ജഹാംഗിർ ഖാൻ പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് സമാധാനവും വികസനവും ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് തന്‍റെ തീരുമാനം എന്നും, ഫല്‍തയ്ക്കായി ബിജെപി നേതൃത്വത്തിലുള്ള പുതിയ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിനെ പ്രശംസിക്കുകയും ചെയ്തു.എന്നാല്‍ സ്ഥാനാർത്ഥിയുടെ തീരുമാനം വ്യക്തിപരമാണെന്നും പാർട്ടിയുടെ നിലപാട് അല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതോടെ നിലവില്‍ മത്സരം ബിജെപിയുടെ ദേബാങ്ഷു പാണ്ഡ, കോണ്‍ഗ്രസിന്‍റെ അബ്‍ദുള്‍ റസാഖ് മൊല്ല, സിപിഎമ്മിന്റെ ശംഭു നാഥ് കുർമി എന്നിവർ തമ്മിലാണ്.
ഏപ്രില്‍ 29ന് നടന്ന തെരഞ്ഞെടുപ്പ് വ്യാപക ക്രമക്കേടുകള്‍ ഉണ്ടായതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അസാധുവാക്കിയിരുന്നു. ഇതിനെ തുടർന്ന് 285 ബൂത്തുകളിലുമുള്ള സമ്പൂർണ പുനർവോട്ടെടുപ്പ് നടത്താൻ കമ്മീഷൻ ഉത്തരവിട്ടത്. വോട്ടെണ്ണല്‍ ഈ മാസം 24ന് നടക്കും.അതേസമയം, പശ്ചിമ ബംഗാളിലെ പുതുതായി അധികാരമേറ്റ ബിജെപി സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനർജി ഉയർത്തുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിട്ട് ബിജെപി സർക്കാർ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് മമത ആരോപിച്ചു. കേന്ദ്രത്തിലെ മോദി സർക്കാരിന്റെ ഭരണകാലം എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും വരും ദിവസങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്നും മമത ബാനർജി പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ചും അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ എന്ന പേരില്‍ നടക്കുന്ന ബുള്‍ഡോസർ നടപടികളെക്കുറിച്ചും മമത ആശങ്ക രേഖപ്പെടുത്തി. ഭരണഘടനാപരമായ മൂല്യങ്ങളെ ഈ സർക്കാർ തകർക്കുകയാണെന്നും ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യം വെച്ച് മമത പറഞ്ഞു.വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ മെയ് 21-ന് കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ വൻ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.