ഷൊർണൂർ തിരഞ്ഞെടുപ്പില്‍ താൻ നേടിയതിനേക്കാള്‍ കുറച്ച് വോട്ടാണ് ബിജെപി സ്ഥാനാർത്ഥി ശങ്കു ടി ദാസ് നേടിയതെന്ന കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ പരിഹാസത്തിന് ചുട്ട മറുപടിയുമായി ശങ്കു ടി ദാസ്.
ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവനെന്ത് പ്രയോജനമെന്ന് ശങ്കു ടി ദാസ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ഷൊർണൂരില്‍ സ്ഥാനാർത്ഥിയായിരുന്ന സന്ദീപ് കാലു മാറി കോണ്‍ഗ്രസിലെത്തിയതിനെ പരാമർശിച്ച് കൊണ്ടായിരുന്നു മറുപടി.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
/ഷൊർണൂരില്‍ 2021 ല്‍ ഞാൻ നേടിയ വോട്ടില്‍ നിന്നും 3000 വോട്ട് കുറഞ്ഞു ബിജെപി സൈബർ സംഘികളുടെ സോ കോള്‍ഡ് ആത്മീയാചാര്യന്. //
കുറയുമല്ലോ.. സ്വാഭാവികം!
തൊട്ടു മുൻപത്തെ തിരഞ്ഞെടുപ്പില്‍ ചാനല്‍ ചർച്ചകളില്‍ ബിജെപിയുടെ പുലിക്കുട്ടി, സംഘ ആദർശങ്ങളില്‍ അടിയുറച്ച വ്യക്തിത്വം, ഹിന്ദുത്വ കേരളത്തിന്റെ ഭാവി പ്രതീക്ഷ തുടങ്ങിയ ടാഗുകളോടെ മത്സരിക്കാൻ വന്ന പാർട്ടിയുടെ യുവ സംസ്ഥാന വക്താവില്‍ വിശ്വാസം അർപ്പിച്ചു വോട്ട് ചെയ്തിട്ട് വെറും നാല് കൊല്ലത്തിനകം അയാള്‍ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ല, ഇലക്ഷൻ കണ്‍വെൻഷൻ വേദിയില്‍ ഇരിക്കാൻ കസേര കിട്ടിയില്ല, അമ്മ മരിച്ചപ്പോള്‍ സംസ്ഥാന നേതാവ് വീട്ടില്‍ വന്നില്ല എന്നൊക്കെ കാരണം നിരത്തി തിരഞ്ഞെടുപ്പ് കാലത്ത് രാത്രിക്ക് രാത്രി പാർട്ടി മാറി കോണ്‍ഗ്രസ്സില്‍ ചേരുകയും,
പിറ്റേ ദിവസം മുതല്‍ അന്ന് വരെ നെഞ്ചേറ്റിയ പ്രസ്ഥാനത്തേയും പ്രത്യയശാസ്ത്രത്തെയും പ്രധാനമന്ത്രിയേയും ഒക്കെ പുളിച്ച പുലഭ്യം പറഞ്ഞു ചെന്ന് കേറിയ വീട്ടിലെ പ്രീതി പറ്റാനുള്ള പുത്തനച്ചിയുടെ പുരപ്പുറം തൂക്കല്‍ വൈഭവം പുറത്തെടുക്കുകയും, പിന്നങ്ങോട്ട് ചേർന്ന പാർട്ടിയോടുള്ളതിനേക്കാള്‍ കൂറ് അവരുടെ മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയോട് കാണിക്കുകയും പാണക്കാട് തങ്ങന്മാരുടെ അപദാനം വാഴ്ത്ത് ആരംഭിക്കുകയും മുസ്ലിം ലീഗിന്റെ അടുക്കള ചായ്‌പ്പില്‍ ചെന്ന് നിന്ന് ദാസ്യവേല തുടങ്ങുകയും അങ്ങനെ അവരുടെ ദയാവായ്പ്പില്‍ ഒരു മുസ്ലിം ഭൂരിപക്ഷ സീറ്റ് ഒപ്പിച്ചു ഒരുളുപ്പുമില്ലാതെ അവിടെ ചെന്ന് അന്ന് വരെ താൻ നിന്നതിനൊക്കെ എതിരെ തന്നെ മത്സരിക്കാൻ തുനിയുകയും ഒക്കെ ചെയ്യുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന ഷൊർണ്ണൂരിലെ വോട്ടർമാരില്‍ നിന്ന് വീണ്ടും അതേ മേല്‍വിലാസങ്ങളോടെ ഇത്തവണ മത്സരിക്കാൻ വന്ന ബിജെപി സ്ഥാനാർഥിക്ക് മൂവായിരം വോട്ടല്ലേ കുറഞ്ഞുള്ളൂ എന്നതിലാണ് എനിക്ക് അത്ഭുതം!!ആ മണ്ഡലത്തിലെ വോട്ട് നേരെ പകുതിയായി കുറഞ്ഞാല്‍ പോലും ഞാൻ ഞെട്ടുകയൊന്നുമില്ല.അത്ര വലിയ വിശ്വാസ വഞ്ചനയാണ് 2021ല്‍ ബിജെപിക്ക് വോട്ട് ചെയ്ത ഷൊർണ്ണൂരിലെ വോട്ടർക്ക് അനുഭവിക്കേണ്ടി വന്നത് എന്നതെനിക്ക് ഉത്തമ ബോധ്യമുണ്ട്..
ബിജെപി യുവ നേതാവ്, ചാനല്‍ ചർച്ചയിലേ തീപ്പൊരി, സംസ്ഥാന വക്താവ്. ഇങ്ങനെയുള്ള സ്ഥാനാർഥിയുടെ വിശേഷണങ്ങള്‍ പോലും അവരുടെ ഉള്ളിലെ ട്രോമയേ ട്രിഗർ ചെയ്തിരിക്കണം.
അത് തന്നെയല്ലേ ഇത് എന്നൊരു ദേജാവു ഒരുപക്ഷെ അവരൊക്കെ അനുഭവിച്ചിരിക്കണം.അവന് കൊടുക്കാൻ പറ്റാതെ പോയ കൂലി ഇവനങ്ങ് കൊടുക്കാം എന്നും ഒരുപക്ഷെ അവർ ചിന്തിച്ചിരിക്കാം.
അതല്ലെങ്കില്‍ ആർക്കു കൊടുത്താലും ഒടുക്കം അതൊക്കെ ഇവിടെയല്ലേ എത്തുന്നത് എന്നോർത്ത് അവർ നേരെ കൈപ്പത്തിയില്‍ കുത്തിയിരിക്കുകയും ആവാം. അതേതായാലും ഷോർണ്ണൂരില്‍ കഴിഞ്ഞ തവണ ബിജെപിയായി വന്നവനെ വിശ്വസിച്ച മനുഷ്യർക്കെല്ലാം ഒരു ട്രസ്റ്റ് ഇഷ്യു ഇക്കുറി ഉണ്ടായിട്ടുണ്ടെന്നത് നിഷേധിക്കാവുന്നതല്ല.
വിശ്വാസ ഘാതകർ അങ്ങനെയാണ്.അവർ സ്വയം കെടുക മാത്രമല്ല.ചുറ്റുമുള്ളതിനെയൊക്കെ കെടുത്തുക കൂടി ചെയ്യും. അവർ ഇറങ്ങി പോയാലും അവർ ബാക്കി വെച്ച ദുർഗന്ധം അവർ ഇരുന്നിടങ്ങളെയൊക്കെ അലോസരപ്പെടുത്തും.
അവർ നടന്ന വഴികളില്‍ പിന്നൊരു പുല്‍നാമ്പ് പോലും മുളച്ചേക്കില്ല കാരണം അവർ എതിരിടുന്നതും തോല്‍പ്പിക്കുന്നതും ആശയങ്ങളെയല്ല,ഏതെങ്കിലുമൊരു ആശയത്തെ പിന്തുണക്കാനുള്ള മനുഷ്യരുടെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും തന്നെയാണ്.
എന്നിട്ടും, ഇത്രയൊക്കെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും, സംസ്ഥാനത്ത് ഉടനീളമുണ്ടായ ആന്റി സിപിഎം പ്രോ കോണ്‍ഗ്രസ്സ് വേവിന് നടുവിലും, ഷൊർണ്ണൂരില്‍ 33,264 വോട്ട് നിലനിർത്താനായി എന്നതിലെനിക്ക് സത്യമായും അഭിമാനമുണ്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പിലെയും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെയും കണക്ക് നോക്കുമ്പോള്‍ ബിജെപിയുടെ ഉറച്ച/അടിസ്ഥാന വോട്ടുകള്‍ എന്ന് കണക്കാക്കാവുന്ന വോട്ടുകള്‍ അത്രയും ഈ വിരുദ്ധ തരംഗത്തിലും ബിജെപി പിടിച്ചു നിർത്തിയിട്ടുണ്ട് ഷൊർണ്ണൂരില്‍.
സംസ്ഥാനത്തെ ആകെ കണക്ക് നോക്കിയാല്‍ ബിജെപി ഏറ്റവുമധികം വോട്ട് നേടിയ 25 മണ്ഡലങ്ങളില്‍ ഒന്നായി ഷൊർണ്ണൂർ ഉണ്ട്.
ബിജെപി 20% ത്തിനു മുകളില്‍ വോട്ട് വിഹിതം നേടിയ ആകെ മുപ്പത് മണ്ഡലങ്ങള്‍ എടുത്താല്‍ അതിലൊന്നും ഷൊർണ്ണൂർ ആണ്. ഏറ്റവും മികച്ച പ്രചാരണവും ഏറ്റവും കൂടുതല്‍ വിജയ പ്രതീതിയും ഉണ്ടായ പത്ത് മണ്ഡലങ്ങളില്‍ ഒന്ന് ഷൊർണ്ണൂർ ആണ്.
ആത്മാർത്ഥമായി പരിശ്രമിച്ചാല്‍ ഉറപ്പായും ഭാവിയില്‍ ബിജെപി വിജയിക്കും എന്ന് സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ വിലയിരുത്തുകയും പരിഗണിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളില്‍ ഒന്നും ഷൊർണ്ണൂരാണ്.
ഈ പ്രകടനത്തെ അക്ഷരാർത്ഥത്തില്‍ അതിജീവനം എന്നാണ് വിളിക്കേണ്ടത്. അത്രമേല്‍ വലിയൊരു ദുരന്തത്തെ മറികടന്നു പിന്നെയും പാർട്ടിയും സ്ഥാനാർഥിയും മുന്നോട്ട് വരികയാണവിടെ. നിരന്തരമായ പരിശ്രമം കൊണ്ട് മാത്രം നഷ്ടപ്പെട്ട അനുഭാവികളുടെ വിശ്വാസവും പിന്തുണയും വീണ്ടെടുക്കെയാണവിടെ.
'എല്ലാവരും അയാളെ പോലെയല്ലെന്നും, ആദർശ ദീക്ഷയില്ലാത്ത ഒരു അവസരവാദിയെ ഒരിക്കല്‍ ഞങ്ങള്‍ നിർത്തി പോയത് കൊണ്ട് ഇനി വരുന്നവരെ മുഴുവൻ നിങ്ങള്‍ അങ്ങനെ കാണരുതെന്നും, വഴിപിഴച്ചു പോയ ആ കാലുമാറ്റക്കാരൻ ഒരിക്കലും ഞങ്ങളെ ആകെ പ്രതിനിധീകരിക്കുന്നില്ലെന്നും' പാർട്ടി സംവിധാനം പൊതുസമൂഹത്തെയാകെ സാവകാശം ബോധ്യപ്പെടുത്തി വരികയാണവിടെ. അതിനിത്തിരി സമയം എടുത്തേക്കും. എന്നാല്‍ അവിടെ നിന്ന് മുന്നോട്ടുള്ള കുതിപ്പ് പ്രവചനങ്ങള്‍ക്ക് അതീതമായിരിക്കും.
അതിനിടയില്‍ തുടർച്ചയായി രണ്ടാം തവണയും തനിക്ക് വോട്ട് ചെയ്ത അതേ ജനങ്ങളെ കൊണ്ട് തന്നെ ഒരൊറ്റ ടേം തികയും മുൻപ് 'ശ്ശോ, ഇവനെ വിശ്വസിച്ചു ആണല്ലോ ഞങ്ങള്‍ വോട്ട് ചെയ്തത്, ഇവന്റെ തനിക്കൊണം ഇതാണെന്നു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഞങ്ങള്‍ ഇവന് കുത്തുമായിരുന്നില്ല' എന്ന് പറയിപ്പിച്ച കയ്യിലിരുപ്പുമായി താങ്കള്‍ ഇങ്ങനെ തന്നെ മുന്നോട്ട് പോവുക.
ഇങ്ങനെ ആളുകളെ പറ്റിച്ചും പൊട്ടന്മാരാക്കിയും ഒരിക്കലൊരു തവണ എം.എല്‍.എ ആയെന്നത് വലിയ ജയമാണെന്നൊക്കെ സ്വയം തോന്നുമ്പോള്‍ ഒന്ന് കണ്ണാടി നോക്കി സ്വയം ചോദിക്കുക.
'ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവനെന്തു പ്രയോജനം? '








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.