കടയ്ക്കല്‍: കടയ്ക്കലില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യു.എ.ഇ റാസ്‌അല്‍ ഖൈമയിലെ അല്‍ നാഖ്ല എന്ന കണ്‍സ്ട്രക്ഷൻ കമ്പനി ഉടമ കടയ്ക്കല്‍ അഞ്ചുമുക്ക് ഉഷസില്‍ സുഗതൻ (67), ഭാര്യ ലത (56) എന്നിവരാണ് മരിച്ചത്.
സുഗതൻ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലും ലത കട്ടിലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു. ഇന്ന് രാവിലെ 11ന് ഇരുവരും വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് മരണം.ലതയെ കൊലപ്പെടുത്തി സുഗതൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ സംശയം. ലതയുടെ കഴുത്തില്‍ തുണികൊണ്ട് മുറുക്കിയതിന്റെ പാടുകളും മുറിവുകളും സുഗതന്റെ വയറ്റില്‍ നഖം കൊണ്ട മുറിവുമുണ്ട്. കഴുത്തില്‍ മുറുക്കിയിട്ടുണ്ടെങ്കിലും മുഖത്ത് തലയണ കൊണ്ട് അമർത്തി ശ്വാസം മുട്ടിച്ചതാണ് മരണകാരണം. ലത രാത്രി 11നും 12നും ഇടയിലും സുഗതൻ പുലർച്ചെ മൂന്ന് മണിയോടെയുമാണ് മരിച്ചതെന്നാണ് നിഗമനം.
വെള്ളിയാഴ്ച രാത്രി വീട്ടില്‍ ചെന്ന ഭാര്യാ സഹോദരനോട് സുഗതൻ കാന്താരി അച്ചാർ കൊണ്ടുവരാൻ പറഞ്ഞിരുന്നു. അതുപ്രകാരം ഭാര്യാ സഹോദരൻ ഇന്നലെ രാവിലെ കാന്താരി അച്ചാറുമായി എത്തിയെങ്കിലും വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സുഗതന്റെ സഹോദരിയുടെ മകൻ ജനാലയിലൂടെ നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. തുടർന്ന് പൊലീസെത്തി വീടിന്റെയും കിടപ്പുമുറിയുടെയും വാതിലുകള്‍ പൊളിക്കുകയായിരുന്നു. ലതയുടെ അമ്മ മണിയും സുഗതന്റെ സഹോദരി സുകുമാരിയും വീടിന്റെ രണ്ടാംനിലയിലായിരുന്നു.ഒന്നരയാഴ്ച മുമ്പ് ഒറ്റയ്ക്ക് നാട്ടിലേക്ക് വന്ന സുഗതൻ മടങ്ങിപ്പോയ ശേഷം രണ്ട് ദിവസം മുമ്പ് ലതയ്ക്കൊപ്പം മടങ്ങിവന്നതാണ്. ആറ്റിങ്ങലില്‍ ബാർ ഹോട്ടലുള്ള ഇവർക്ക് കാര്യമായ സാമ്പത്തിക പ്രശ്നങ്ങളില്ല. തിരുവനന്തപുരം മണക്കാട് വീടുണ്ട്. വിദേശത്ത് നിന്ന് വരുമ്പോള്‍ രണ്ട് വീടുകളിലുമായി മാറിമാറി താമസിച്ചിരുന്നു. ഇവർ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഒരുവർഷം മുമ്പ് സുഗതനെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കാണാതായെന്ന് പരാതി ലഭിച്ചിരുന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്ന് കടയ്ക്കല്‍ എസ്.എച്ച്.ഒ പറഞ്ഞു.
കടയ്ക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഫോറൻസിക് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 10ന് കടയ്ക്കലെ വീട്ടുവളപ്പില്‍ സംസ്കരിക്കും. റാസ് അല്‍ ഖൈമയിലെ കണ്‍സ്ട്രക്ഷൻ കമ്പനി നടത്തിപ്പില്‍ സുഗതനെ സഹായിക്കുന്ന മകൻ വൈശാഖ് നാട്ടില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് വിദേശത്തേക്ക് പോയത്. മകള്‍ അശ്വതി യു.എ.ഇയിലാണ്. വിദ്യ മരുമകളാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.