കോട്ടയം;പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. ഷേബാ റേയ്ച്ചൽ (ലക്ഷ്മി ആർ പണിക്കർ- 34) ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ആശുപത്രിയിലെ എച്ച്.ഒ.ഡി ആണെന്ന് ഡോ.ഷേബയുടെ ഭർത്താവ് സുബിൻ പി വർഗീസ്. സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പിലാണ് സുബിൻ ഈ ആരോപണം ഉന്നയിച്ചത്.
കുറിപ്പിന്റെ പൂർണ രൂപം:യാത്രപറയാതെ പോയ എന്റെ പ്രിയപ്പെട്ടവൾക്ക്... കഴിഞ്ഞ 6 വർഷം എനിക്ക് വേണ്ടി മാത്രം ജീവിച്ചവൾ... എന്റെ സന്തോഷങ്ങളിൽ നിഴലായി കൂട്ടുനിന്നവൾ... ഇന്ന് അവൾ ഓർമ്മയായി. ഒരൊറ്റ വാക്കുപോലും പറയാതെ, എന്നെ തനിച്ചാക്കി അവൾ യാത്രയായി.
കഴിഞ്ഞ ബുധനാഴ്ച 24 മണിക്കൂർ നീണ്ട ഡ്യൂട്ടി കഴിഞ്ഞ് വീണ്ടും ഒരു ഡ്യുട്ടി കൂടി എടുത്ത് തളർന്നു വശംകെട്ടാണ് അവൾ ഹോസ്റ്റലിലെത്തിയത്. വീട്ടിലേക്ക് വരാൻ അത്രമേൽ ആഗ്രഹിച്ചിരുന്നെങ്കിലും HOD സമ്മതിച്ചില്ല. ഒന്ന് വിശ്രമിക്കാൻ പോലും വയ്യാത്തത്ര ശാരീരിക തളർച്ച ഉണ്ടായിട്ടും, അവിടെ നിന്ന് തന്നെ സോപ്പും തോർത്തും വാങ്ങി കുളിച്ച് അവൾ വീണ്ടും ഡ്യൂട്ടിക്ക് കയറി.
"ഈ ജോലി എനിക്ക് വയ്യ" എന്ന് അന്ന് സങ്കടത്തോടെ അവൾ എന്നോട് പറഞ്ഞിരുന്നു. "തിരികെ പോര് മോളെ" എന്ന് ഞാൻ പറഞ്ഞപ്പോഴും, തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് എങ്ങനെ ഇറങ്ങി വരും എന്നായിരുന്നു അവളുടെ ചിന്ത.
ശനിയാഴ്ച പകൽ അവൾ സന്തോഷവതിയായിരുന്നു. പിതാവിനെ കണ്ട് അനുഗ്രഹം വാങ്ങി നിൽക്കുന്ന ഫോട്ടോ എനിക്ക് അയച്ചു തന്നു. രാത്രി വീഡിയോ കോളിൽ വന്നപ്പോഴും എന്നോടുള്ള സ്നേഹവും ജോലിയുടെ കഷ്ടപ്പാടുകളും അവൾ പങ്കുവെച്ചു. "സുമോനെ ഉമ്മ, ലവ് യു..." എന്ന് പറഞ്ഞ് ഫോൺ വെക്കുമ്പോൾ അത് ഞങ്ങളുടെ അവസാനത്തെ സംസാരമായിരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.
ഞായറാഴ്ച രാവിലെ പതിവ് കോൾ വരാത്തതുകൊണ്ട് ഞാൻ മോളെ വിളിച്ചു അപ്പോൾ എടുത്തില്ല തുടരെ വിളിച്ചു എടുത്തില്ല പരിഭ്രമിച്ച് ഞാൻ അവിടുത്തെ സിസ്റ്ററെ വിളിച്ചു. അവർ റൂമിന് മുന്നിലെത്തി വാതിലിൽ മുട്ടുന്നതും, പിന്നീട് വാതിൽ തകർക്കാൻ ശ്രമിക്കുന്നതും ഫോണിലൂടെ കേട്ടപ്പോൾ എന്റെ ഉള്ളുലഞ്ഞു. ഒടുവിൽ വാതിൽ തുറന്ന് അവളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും എന്റെ പൊന്നുമോൾ എന്നെ വിട്ടുപോയിരുന്നു.
എല്ലാവർക്കും ഒരേ മനക്കരുത്ത് ഉണ്ടാകില്ല. പത്തനംതിട്ടയിലേക്ക് ഒരു മാറ്റത്തിന് വേണ്ടി അവൾ ഒരുപാട് ശ്രമിച്ചിരുന്നു, എനിക്കൊപ്പം ഇരിക്കാൻ അവൾ അത്രമേൽ കൊതിച്ചിരുന്നു. വിശ്രമമില്ലാത്ത ഡ്യൂട്ടികൾ നൽകി അവളെ തളർത്തിയവർ ഒന്നോർക്കുക... ബുധനാഴ്ചത്തെ ആ ഡ്യൂട്ടി കഴിഞ്ഞ് അവളെ വീട്ടിൽ വരാൻ അനുവദിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ ആ ഞായറാഴ്ച അവൾക്ക് വിശ്രമം നൽകിയിരുന്നെങ്കിൽ ഇന്ന് അവൾ എന്റെ കൂടെ ഉണ്ടായേനെ.
കഴിഞ്ഞ ആഴ്ച അവൾ സെർവിക്കൽ ക്യാൻസർ പ്രതിരോധ കുത്തിവയ്പ്പ് (Vaccination) എടുത്തിരുന്നു. ഇത്തരം വാക്സിനുകൾ എടുത്ത ശേഷം ചിലരിൽ മാനസികമായ അസ്വസ്ഥതകളോ തളർച്ചയോ ഉണ്ടാകാമെന്ന് അറിയുന്നു. അമിതമായ ജോലിഭാരവും ശാരീരിക തളർച്ചയും ഇതിനൊപ്പം ചേർന്നപ്പോൾ അവൾക്ക് താങ്ങാൻ കഴിഞ്ഞിട്ടുണ്ടാകില്ല.
ജോലിഭാരവും മാനസിക തളർച്ചയും ഒരു മനുഷ്യനെ എത്രത്തോളം തകർക്കുമെന്നതിന്റെ തെളിവാണ് എന്റെ ഈ നഷ്ടം. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചവളായിരുന്നു അവൾ, പക്ഷേ ഇതിനെ അതിജീവിക്കാൻ അവൾക്കായില്ല.
നീ തന്ന സ്നേഹവും ഓർമ്മകളും മാത്രം ബാക്കിയാക്കി നീ പോയി. എന്റെ പ്രിയപ്പെട്ടവൾക്ക് ഒരായിരം ഉമ്മകൾ. നിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.