ബെൽഫാസ്റ്റ് ;നോര്‍ത്തേണ്‍ അയർലൻഡിലെ ഡൺമറി പൊലീസ് സ്റ്റേഷന് മുന്നിൽ കാർ ബോംബ് സ്ഫോടനം.
പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പടെയുള്ള പ്രദേശവാസികളെ പൊലീസ് ഒഴിപ്പിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഡെലിവറി ഡ്രൈവറെ തോക്കിന്‍മുനയില്‍ നിര്‍ത്തി വാഹനം തട്ടിയെടുത്ത അക്രമികള്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുള്ള സ്ഫോടക വസ്തു ഘടിപ്പിച്ചാണു ആക്രണം നടത്തിയത്.ഡ്രൈവറെ ഭീഷണിപ്പെടുത്തി വാഹനം പൊലീസ് സ്റ്റേഷനു മുന്നില്‍ എത്തിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെങ്കിലും വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ശനിയാഴ്ച രാത്രി വെസ്റ്റ് ബെൽഫാസ്റ്റിലെ ട്വിൻബ്രൂക്കിലാണ് സംഭവം.
ഡ്രൈവർ ഉടൻ തന്നെ സംഭവം പൊലീസിൽ അറിയിച്ചതിനാല്‍ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം ആരംഭിച്ചു. വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് വാഹനം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ബോഡി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ജനവാസ മേഖലയിൽ നടന്ന ആക്രമണം തികച്ചും വിവേകശൂന്യവും കൊലപാതക ശ്രമവുമാണെന്ന് പൊലീസ് ചീഫ് ജോൺ ബൗച്ചർ പറഞ്ഞു.
ജീവൻ പണയപ്പെടുത്തി സ്ഫോടന സ്ഥലത്തേക്ക് കുതിച്ചെത്തി പ്രദേശവാസികളെ മാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു.ആക്രമണത്തെ നോർത്തേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒനീലും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ പെൻഗെല്ലിയും ശക്തമായി അപലപിച്ചിട്ടുണ്ട്. സമൂഹത്തിനു നേരെ നടന്ന തികഞ്ഞ അനാദരവാണ് ഈ ആക്രമണമെന്നു മിഷേൽ ഒനീൽ പറഞ്ഞു. ഭീകരതയ്ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും നേതാക്കൾ അറിയിച്ചു.
സംഭവത്തിന് പിന്നിൽ വിമത റിപ്പബ്ലിക്കൻ ഗ്രൂപ്പുകളാണെന്നാണ് (dissident republicans) പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുഡ് ഫ്രൈഡേ കരാറിനെ അംഗീകരിക്കാത്ത ചെറിയ ഗ്രൂപ്പുകളാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ. കഴിഞ്ഞ മാസം ലർഗൻ പൊലീസ് സ്റ്റേഷനു നേരെയും സമാനമായ ആക്രമണശ്രമം നടന്നിരുന്നുവെങ്കിലും അന്നു സ്ഫോടനം നടന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.