കൊല്‍ക്കത്ത: ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ കണ്ണും കാതും ഇനി പശ്ചിമ ബംഗാളിലേക്ക്.
ആഴ്‌ചകൾ നീണ്ടുനിന്ന വാശിയേറിയ പ്രസംഗങ്ങൾക്കും റോഡ് ഷോകൾക്കും വിരാമമിട്ട് ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട പരസ്യപ്രചാരണം ഇന്ന് സമാപിക്കുന്നു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും നരേന്ദ്ര മോദിയുടെ ബിജെപിയും നേർക്കുനേർ പോരാടുന്ന ഈ ഘട്ടം ബംഗാളിൻ്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നതിൽ നിർണായകമാകും. അണികളുടെ ആവേശവും നേതാക്കളുടെ വാക്പോരും കൊടുമുടിയിലെത്തിയ പ്രചാരണച്ചൂട് ഇന്ന് കൊട്ടിക്കലാശത്തോടെ നിശബ്‌ദമാകും.ആകെ 142 മണ്ഡലങ്ങളാണ് ഏപ്രിൽ 29-ന് വിധിയെഴുതുന്നത്. ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായിരുന്നു. കൊൽക്കത്ത നോർത്ത്, കൊൽക്കത്ത സൗത്ത്, ഹൗറ, നാദിയ, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി, പൂർബ ബർധമാൻ എന്നീ എട്ട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2021-ലെ തെരഞ്ഞെടുപ്പിൽ ഈ 142 സീറ്റുകളിൽ 123 എണ്ണവും തൃണമൂൽ കോൺഗ്രസാണ് നേടിയത്. അതായത് മമതയുടെ ഉറച്ച കോട്ടകളിലാണ് ഇനി പോരാട്ടം. ബിജെപിക്ക് 18 സീറ്റുകൾ മാത്രമേ ഇവിടെ ലഭിച്ചിരുന്നുള്ളൂ. അതിനാൽ ഈ ആധിപത്യം നിലനിർത്തുക എന്നത് തൃണമൂലിന് അഭിമാനപ്രശ്‌നമാണ്.തുടർച്ചയായ നാലാം തവണയും അധികാരം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് മമത ബാനർജിയും സംഘവും. ബംഗാളി വികാരവും സംസ്ഥാനത്തെ ജനക്ഷേമ പദ്ധതികളും (ലക്ഷ്‌മി ഭണ്ഡാർ ഉൾപ്പെടെ) ഉയർത്തിക്കാട്ടിയാണ് മമത വോട്ട് തേടുന്നത്. കേന്ദ്രത്തിൻ്റെ ഇടപെടലുകളെ "ബംഗാളിൻ്റെ ആത്മാഭിമാനത്തിന് നേരെയുള്ള കടന്നുകയറ്റം" എന്ന് വിശേഷിപ്പിച്ചാണ് തൃണമൂല്‍ പ്രചാരണം നടത്തിയത്.
തൃണമൂലിൻ്റെ 'സിൻഡിക്കേറ്റ് രാജ്' അവസാനിപ്പിക്കുമെന്ന് ഉറപ്പിച്ചു കൊണ്ടാണ് ബിജെപി കളം നിറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രചാരണത്തിന് നേരിട്ടെത്തി. അഴിമതി, സ്ത്രീ സുരക്ഷ, കുടിയേറ്റം എന്നീ വിഷയങ്ങളാണ് ബിജെപി പ്രധാനമായും ഉയർത്തുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കുമെന്നതും സ്ത്രീകൾക്ക് പ്രതിമാസ ധനസഹായം നൽകുമെന്നതും ബിജെപിയുടെ വാഗ്ദാനങ്ങളാണ്.
വോട്ടർ പട്ടിക പുതുക്കിയപ്പോൾ ലക്ഷക്കണക്കിന് പേർ പുറത്തായതും തുടർന്നുണ്ടായ വിവാദങ്ങളും ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണ്. ഇത് പലർക്കിടയിലും ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. ടീച്ചർ റിക്രൂട്ട്‌മെൻ്റ് അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം ആയുധമാക്കുമ്പോൾ, കേന്ദ്രം ഫണ്ട് തടയുന്നതാണ് വികസനത്തിന് തടസമെന്നാണ് മമതയുടെ മറുപടി. രാഷ്ട്രീയ സംഘർഷങ്ങളുടെ ചരിത്രമുള്ളതിനാൽ അതീവ സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏതാണ്ട് 2.5 ലക്ഷത്തോളം കേന്ദ്ര സേനാംഗങ്ങളെയാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.ഇന്ന് വൈകുന്നേരത്തോടെ പരസ്യ പ്രചാരണം അവസാനിക്കുന്നതോടെ മുന്നണികൾ ഇനി നിശബ്‌ദ പ്രചാരണത്തിലേക്ക് കടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുക. ബംഗാൾ ആരെ തുണയ്ക്കുമെന്നത് ഇന്ത്യ ഉറ്റുനോക്കുന്ന രാഷ്ട്രീയ ചോദ്യമായി മാറിക്കഴിഞ്ഞു.
രണ്ടാം ഘട്ടം: ശ്രദ്ധേയമായ മണ്ഡലങ്ങൾ
ഭവാനിപൂർ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന മണ്ഡലം എന്ന നിലയിൽ ഇത്തവണത്തെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം ഇതാണ്. ബിജെപിയുടെ മുതിർന്ന നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയാണ് ഇവിടെ മമതയുടെ പ്രധാന എതിരാളി.
ടോളിഗഞ്ച്: കൊൽക്കത്തയിലെ ഈ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ അരൂപ് വിശ്വാസ് (TMC) ആണ് മത്സരിക്കുന്നത്. സിപിഎം ജാദവ്പൂർ യൂണിവേഴ്സിറ്റി പ്രൊഫസറായ പാർത്ഥ പ്രതിം വിശ്വാസിനെയാണ് ഇവിടെ അണിനിരത്തിയിരിക്കുന്നത്.കൊൽക്കത്ത പോർട്ട് : കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം മത്സരിക്കുന്ന ഈ മണ്ഡലം തൃണമൂലിൻ്റെ ഉറച്ച കോട്ടയായാണ് കരുതപ്പെടുന്നത്.
ബിധാനഗർ: മന്ത്രി സുജിത് ബോസ് മത്സരിക്കുന്ന ബിധാനഗർ നഗര മേഖലയിലെ സുപ്രധാന പോരാട്ട വേദിയാണ്.
ദംദം: പ്രമുഖ തൃണമൂൽ നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ബ്രത്യ ബസു ഇവിടെ നിന്ന് ജനവിധി തേടുന്നു.
ബാലിഗഞ്ച്: ദക്ഷിണ കൊൽക്കത്തയിലെ ഈ മണ്ഡലത്തിൽ സിപിഎം ശക്തമായ സാന്നിധ്യമുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ബാബുൽ സുപ്രിയോ (തൃണമൂൽ കോൺഗ്രസ്) ആണ് നിലവിലെ എംഎല്‍എ. 2021-ൽ തെരഞ്ഞെടുക്കപ്പെട്ട സുബ്രത മുഖർജിയുടെ നിര്യാണത്തെത്തുടർന്ന് 2022-ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം എംഎല്‍എ ആയത്. ഒരു കാലത്ത് സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്ന ബാലിഗഞ്ച് 2006 മുതൽ തൃണമൂൽ കോൺഗ്രസിനൊപ്പമാണ്. 1977 മുതൽ 2001 വരെ തുടർച്ചയായി ഏഴ് തവണ സിപിഎം ഈ മണ്ഡലം നിലനിർത്തിയിരുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.