നിരവധി സ്ഥാനാർഥികൾ..! പ്രവാസികളെ ആവേശത്തിലാഴ്ത്തി ചൂട് പിടിച്ച പ്രചാരണം..!

യുകെ : ബ്രിട്ടനിലെങ്ങും തദ്ദേശ തിരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ത്ഥികള്‍ ചൂട് പിടിച്ച പ്രചാരണത്തില്‍.

മുന്‍ വര്‍ഷങ്ങളില്‍ വിരലില്‍ എണ്ണാവുന്ന സ്ഥാനാര്‍ത്ഥികള്‍ മാത്രം മലയാളി സമൂഹത്തില്‍ നിന്നും ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ എത്തിയ സാഹചര്യത്തിന് വലിയ മാറ്റം ഉണ്ടായ സൂചനയാണ് ഇത്തവണത്തെ ബ്രിട്ടീഷ് ലോക്കല്‍ കൗണ്‍സില്‍ ഇലക്ഷന്‍ തെളിയിക്കുന്നത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 19 മലയാളി സ്ഥാനാര്‍ത്ഥികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി രംഗത്ത് എത്തിക്കഴിഞ്ഞു. ലേബറിനും കണ്‍സര്‍വേറ്റീവിനും വെല്ലുവിളിയായി റീഫോം മൂന്നാം ശക്തിയായി മാറിയതോടെ മലയാളികളില്‍ ചിലരും കൂറുമാറി റീഫോമിന് ഒപ്പം പോയി എന്നതാണ് പ്രധാന മാറ്റമായി തെളിയുന്നത്. 

ഇതുവരെ ലേബറിനും കണ്‍സര്‍വേറ്റീവിനും മാത്രമായി വോട്ടു ചെയ്തിരുന്ന മലയാളികളില്‍ ചിലരെങ്കിലും റീഫോമിന് കൂടി വോട്ട് ചെയ്തേക്കാന്‍ സാധ്യതയുണ്ട് എന്നതാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ചിത്രം തെളിയിക്കുന്നത്. മാത്രമല്ല കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യുകെ ഘടകം രൂപീകരിച്ചു പ്രവര്‍ത്തിച്ചു എങ്ങും എത്താതെ പോയ യുകെ മലയാളികള്‍ കൂടുതലായി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ശ്രദ്ധ നല്‍കുകയാണ് എന്ന സൂചനയും കൂടിയാണ് ഇത്തവണത്തെ പ്രാദേശിക ഇലക്ഷന്‍ തെളിയിക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്ഷനില്‍ മത്സരിക്കുന്ന 12 മലയാളികളെ പരിചയപ്പെടുത്തിയതിന് തുടര്‍ച്ചയായി ഇന്ന് ഏഴു സ്ഥാനാര്‍ത്ഥികളെ കൂടി യുകെ മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുയാണ്.

ഇതില്‍ ബര്‍കിങ് ആന്‍ഡ് ഡഗ്‌നമില്‍ റീഫോം പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുന്ന സുനില്‍ ഇടിക്കുള, അനീഷ് സാമുവല്‍, ബിജോയ് ജോണ്‍സന്‍ എന്നിവരും രണ്ടാം വട്ടവും വിജയം തേടി ഇറങ്ങുന്ന ന്യുകാസിലിലെ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജൂണ സത്യന്‍, കവന്‍ട്രി കൗണ്‍സിലേക്ക് ആദ്യമായി മത്സരിക്കുന്ന മലയാളി സ്ഥാനാര്‍ത്ഥി ദീപേഷ് സ്‌കറിയ, ബ്രോംലിയില്‍ ലേബര്‍ സ്ഥാനാര്‍ഥി ആയി മത്സരിക്കുന്ന അജി കെ ജോര്‍ജ്, വാല്‍തം ഫോറെസ്റ്റില്‍ റീഫോമിന് വേണ്ടി രംഗത്തുള്ള ജെയ്സണ്‍ തോമസ് എന്നിവരിലൂടെയാണ് ഇതുവരെയുള്ള മലയാളി സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാകുന്നത്. 

വിവിധ കൗണ്‍സിലുകളിലായി അര ഡസനിലേറെ മലയാളി സ്ഥാനാര്‍ത്ഥികള്‍ റീഫോം പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുന്നു എന്നതാണ് ഏറ്റവും കൗതുകമാകുന്നത്. മാഞ്ചസ്റ്ററിലെ ടെന്റന്‍ ആന്‍ഡ് ഗോര്‍ട്ടന്‍ പാര്‍ലമെന്റ് ഉപ തിരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷ ഉണ്ടായിരുന്ന റീഫോമിനെ തകര്‍ത്തു ഗ്രീന്‍ പാര്‍ട്ടി കുടിയേറ്റക്കാരുടെ വോട്ടില്‍ എംപി സ്ഥാനം കൈക്കലാക്കിയതോടെയാണ് കുടിയേറ്റ വോട്ട് നിര്‍ണായകമാണെന്നു റീഫോം തിരിച്ചറിയുന്നത്. റെക്കോര്‍ഡ് എണ്ണം മലയാളികള്‍ക്ക് സ്തനാര്‍ത്ഥികളാകാന്‍ വഴി ഒരുങ്ങിയത് ഇങ്ങനെയാണെന്നു ചുരുക്കം.

ഓസ്ട്രേലിയായില്‍ നിന്നും ഗവേഷണം പൂര്‍ത്തിയാക്കി യുകെയില്‍ എത്തിയ പാലക്കാരിയെ കാത്തിരുന്നത് അക്കാദമിക് നേട്ടങ്ങള്‍ മാത്രമല്ല ബ്രിട്ടീഷ് രാഷ്ട്രീയം കൂടിയാണ് എന്നത് സവിശേഷ ശ്രദ്ധ നേടുകയാണ്. വഴിയിലെ ചപ്പും ചവറും വൃത്തിയാക്കി നാട്ടുകാരുടെ ഇഷ്ടം പിടിച്ചെടുത്ത ജൂണ സത്യന് ബ്രിട്ടീഷുകാരുമായുള്ള ചങ്ങാത്തമാണ് യുകെയില്‍ എത്തി അധികം വൈകാതെ രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നത്. ആദ്യമായി ന്യുകാസില്‍ കൗണ്‍സിലേക്ക് ഒരു മലയാളി വിജയിച്ചെത്തുന്നത് ജൂണ എന്ന പേരിലായതു മാത്രമല്ല ലേബര്‍ പാര്‍ട്ടിയുടെ ദേശീയ ഘടകത്തിന് ശാസ്ത്ര വിഷയത്തില്‍ ഉപദേശം നല്‍കാനും ഈ മലയാളി യുവതി നിയോഗിക്കപ്പെട്ടത് അപൂര്‍വ നേട്ടമായി മാറുകയാണ്. 

ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയില്‍ വകുപ്പ് അധ്യക്ഷ ആയ ജുണയുടെ നേട്ടങ്ങളെ മാനിച്ചു ബ്രിട്ടീഷ് മലയാളി 2024 ല്‍ വാര്‍ത്ത താരം പുരസ്‌കാരത്തില്‍ ഫൈനലിസ്റ്റായും തിരഞ്ഞെടുത്തിരുന്നു. ശാസ്ത്രജ്ഞ ആയി ജോലി ചെയുന്ന ജൂണയുടെ തിരക്കുകള്‍ നന്നായി തിരിച്ചറിയുന്നത് ലേബര്‍ പാര്‍ട്ടിക്ക് തന്നെ ആയതിനാലാണ് പലവട്ടം ന്യുകാസില്‍ കൗണ്‍സില്‍ മേയറായി ജൂണയുടെ പേര് മുന്നിലേക്ക് വന്നിട്ടും മുഴുവന്‍ സമയ രാഷ്ട്രീയത്തിന് സാധിക്കില്ല എന്നതിനാല്‍ മാത്രം മറ്റു പേരുകളിലേക്ക് മേയര്‍ സ്ഥാനം വഴി മാറി പോയത്. 

ജൂണ എപ്പോള്‍ സമ്മതം അറിയിച്ചാലും മേയര്‍ പദവി അവരെ തേടി എത്തും എന്നത് പോലും യുകെ മലയാളികള്‍ക്ക് സ്വകാര്യ അഹങ്കാരമായി മാറുന്ന നേട്ടം കൂടിയായി മാറുകയാണ്. തന്റെ സുരക്ഷിതമായ വാര്‍ഡില്‍ കാര്യമായ വെല്ലുവിളി പോലും നേരിടാതെയാണ് ജൂണയുടെ മത്സരം.ഇത്തവണ മത്സര രംഗത്തുള്ള മലയാളികളില്‍ ഏറ്റവും ആത്മ വിശ്വാസത്തോടെ പ്രചാരണ രംഗത്തുള്ളത് ജൂണയാണെങ്കിലും പോരാട്ട വീര്യത്തില്‍ തെല്ലും കുറവില്ലാതെയാണ് ഈ യുവ സ്ഥാനാര്‍ഥി വാര്‍ഡില്‍ നിറയുന്നത്. ഓരോ വോട്ടറേയും നേരിട്ട് പരിചയമുണ്ട് എന്ന അധിക യോഗ്യത ഉണ്ടായിട്ടും ജൂണ പ്രചാരണത്തില്‍ കളം നിറയുകയാണ്. 

ക്യാബിനറ്റ് മെമ്പര്‍ എന്ന പദവിയില്‍ ന്യുകാസില്‍ കൗണ്‍സിലില്‍ ഏറ്റവും അധികം തിളങ്ങിയ വ്യക്തി കൂടിയാണ് ജൂണ. പ്രദേശത്തെ മലയാളികള്‍ക്ക് തുണയായി ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലേറ്റില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയ ജൂണയെ തേടി യുകെയുടെ ഏതു ഭാഗത്തു നിന്നും മലയാളികള്‍ ബന്ധപെട്ടു തുടങ്ങിയതും അവരുടെ പ്രവര്‍ത്തന മികവ് തിരിച്ചറിഞ്ഞു തന്നെയാണ്. വാസ്തവത്തില്‍ യുകെ മലയാളി സമൂഹത്തിനു മുതല്‍ക്കൂട്ടായി മാറുകയാണ് ജൂണയുടെ രാഷ്ട്രീയ സാന്നിധ്യം. ഇന്ത്യന്‍ വംശജയായ ആദ്യ കൗണ്‍സിലറായി ന്യുകാസില്‍ കൗണ്‍സില്‍ തിരഞ്ഞെടുക്കപ്പെട്ട റെക്കോര്‍ഡും ജൂണയുടെ പേരിനൊപ്പം എന്നുമുണ്ടാകും.

ലേബര്‍ പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുള്ള കവന്‍ട്രി കൗണ്‍സിലില്‍ ആദ്യമായി മത്സരിക്കുന്ന മലയാളി എന്ന വിശേഷണമാണ് പാലക്കാട്ട് സ്വദേശിയായ ദീപേഷിനെ തേടി എത്തിയിരിക്കുന്നത്. വിജയ പ്രതീക്ഷ ഇല്ലെങ്കിലും 400 അടിസ്ഥാന വോട്ടുകള്‍ ഉള്ള ഹെന്‍ലി വാര്‍ഡില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തുക എന്ന വെല്ലുവിളി സധൈര്യം ഏറ്റെടുത്തിരിക്കുകയാണ് ഈ മലയാളി സ്ഥാനാര്‍ഥി. കഴിഞ്ഞ തവണയും ദീപേഷിന്റെ പേര് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരിഗണിച്ചിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകുന്നതാണ് തനിക്കിഷ്ടം എന്ന് പാര്‍ട്ടിയെ അറിയിച്ചാണ് ഇദ്ദേഹം പിന്‍വാങ്ങിയത്. 

എന്നാല്‍ ഇത്തവണ ലേബറില്‍ നിന്നും റീഫോമിലേക്ക് ഒഴുകുന്ന വോട്ടുകള്‍ കണക്കിലെടുത്തു മത്സരത്തിന് ഇറങ്ങണം എന്ന് പാര്‍ട്ടി നിര്‍ദേശിക്കുക ആയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ സജീവമാണ് ദീപേഷ്. നൂറിലേറെ മലയാളി വോട്ടുകള്‍ ഉള്ള വാര്‍ഡില്‍ ദീപേഷിന് ആ വോട്ടുകള്‍ നിഷ്പ്രയാസം സമാഹരിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. വരും ദിവസങ്ങളില്‍ പ്രചാരണം കടുപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ദീപേഷിന് മലയാളികളുടെ പിന്തുണയോടെ വാര്‍ഡില്‍ കൂടുതല്‍ സാന്നിധ്യം അറിയിക്കാനാകും എന്നാണ് കരുതപ്പെടുന്നത്. 

ഇന്ത്യന്‍ വംശജര്‍ ഏറെയുള്ള വാര്‍ഡില്‍ പരമ്പരാഗതമായി ലേബര്‍ സ്വന്തമാക്കുന്ന വോട്ടുകളില്‍ കുറച്ചെങ്കിലും പിടിച്ചെടുക്കാനാകുമോ എന്നതും ദീപേഷിലൂടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത് എന്ന് വ്യക്തമാണ്.ലണ്ടന്‍ ബറോയിലെ കണ്‍സര്‍വേറ്റീവ് ശക്തി കേന്ദ്രമായ ബ്രോംലിയില്‍ ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരത്തിന് ഇറങ്ങുകയാണ് മലയാളിയായ അജി കെ ജോര്‍ജ് .ബിഗിന്‍ ഹില്‍ വാര്‍ഡില്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ്ശക്തമായ സാന്നിധ്യമായി അജി കെ ജോര്‍ജ് മാറിയിട്ടുണ്ട് എന്നാണ് പ്രാദേശികമായി ലഭിക്കുന്ന സൂചനകള്‍. 

യുവ സ്ഥാനാര്‍ഥിയായി അജി ജനവിധി തേടുന്നതോടെ മലയാളികളും വോട്ട് ബാങ്ക് സാന്നിധ്യം ബാലറ്റിലൂടെ അറിയിക്കാനുള്ള ഒരുക്കത്തിലാണ്. കൊട്ടാരക്കര സ്വദേശിയായ അജി ജോര്‍ജ്, പ്രമുഖ ഓയില്‍ & ഗ്യാസ് കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. പൂനെ, ബാംഗ്ലൂര്‍, ഗള്‍ഫ് മേഖലകള്‍ ജോലി ചെയ്തിട്ടുള്ള അജി വിദ്യാഭ്യാസകാലത്ത് തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.ലേബര്‍ പാര്‍ട്ടിയില്‍ ഏതാനും വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അജിക്ക് പാര്‍ട്ടി നല്‍കിയ അവസരം വോട്ടാക്കി മാറ്റുവാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ മലയാളി സമൂഹം ഉറ്റു നോക്കുന്നത്. 

പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തി നാട്ടുകാരുടെ ശ്രദ്ധ പിടിക്കാനുള്ള ശ്രമമാണ് അജി നടത്തുന്നത്. പ്രദേശത്തെ ഗ്രീന്‍ സ്‌പേസ് സംരക്ഷണം, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ചര്‍ച്ച് വോളണ്ടിയറിംഗ് തുടങ്ങിയ മേഖലകളില്‍ സജീവമായ ഇടപെടലുള്ള അജി, പ്രവാസി സമൂഹത്തിന്റെ ശബ്ദമാകാനും പ്രാദേശിക വികസനത്തില്‍ പങ്കാളിയാകാനുമാണ് ലക്ഷ്യമിടുന്നത്. കൂടാതെ റീഫോം മുന്നോട്ട് വയ്ക്കുന്ന വിദ്വേഷ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ തന്റെ വ്യത്യസ്തമായ സമീപനം ശക്തമാക്കി പ്രദേശത്തെ ജനങളുടെ പിന്തുണ സ്വന്തമാക്കാനും അജി ശ്രമിക്കുന്നത് വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.

ബ്രിട്ടീഷ് രാഷ്ട്രീയം ആര്‍ക്കും അന്യമല്ല എന്ന് തെളിയിച്ചാണ് വിദ്യാര്‍ത്ഥി വിസയില്‍ കഴിയുന്ന മലയാളി യുവാവ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. റീഫോം പാര്‍ട്ടി കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്നു എന്ന് പറയുമ്പോള്‍ തന്നെയാണ് ഇത്തവണ വിവിധ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥി വിസയില്‍ എത്തിയ ഒട്ടേറെ ആളുകള്‍ക്ക് രാഷ്ട്രീയത്തില്‍ അവസരം നല്‍കിയിരിക്കുന്നത്. ഒന്നിലേറെ മലയാളി വിദ്യാര്‍ത്ഥി വിസക്കാര്‍ ഇത്തവണ റീഫോമിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചതും കൗതുകമായി. ലണ്ടന്‍ ബറോവിലെ വാല്‍തം ഫോറെസ്റ്റില്‍ നൂറുകണക്കിന് മലയാളികള്‍ താമസിക്കുന്നിടത്താണ് ഇത്തരത്തില്‍ യുവ സാന്നിധ്യമായി മലയാളിയായ ജെയ്സണ്‍ വോട്ട് തേടി ഇറങ്ങുന്നത്

ലണ്ടനിലെ തദ്ദേശ ഭരണകൂടമായ വാള്‍താം ഫോറസ്റ്റ് കൗണ്‍സിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആണ് മലയാളി കരുത്തായി എറണാകുളം നേര്യമംഗലം സ്വദേശി ജയ്‌സണ്‍ തോമസ് ജനവിധി തേടുന്നത്. നൈജല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള 'റീഫോം യുകെ' പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ലേറ്റണ്‍ സ്റ്റോണ്‍ (Leytonstone) വാര്‍ഡില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. കോമണ്‍വെല്‍ത്ത് പൗരന്മാര്‍ക്ക് ബ്രിട്ടീഷ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള അവകാശം പ്രയോജനപ്പെടുത്തിയാണ് ഈ അധ്യാപകന്‍ രാഷ്ട്രീയ പോരാട്ടത്തിനിറങ്ങുന്നത്.

യുകെയില്‍ പഠനത്തിനെത്തിയ ജയ്‌സണ്‍ നിലവില്‍ ലണ്ടനിലെ വിവിധ സ്‌കൂളുകളില്‍ ടീച്ചിംഗ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ്. ഇതിനുമുമ്പ് മാലിദ്വീപ്, ഗുജറാത്ത്, കര്‍ണാടക, തമിഴ് നാട്,തുടങ്ങി വിവിധ ഇടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജ്, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം കേരള രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായിരുന്നു.എന്‍.എസ്.യു.ഐ (NSU-I) മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി, കെ.എസ്.യു ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ ഇന്ത്യന്‍ ഓവര്‍സീസ് യൂത്ത് കോണ്‍ഗ്രസ് യുകെ കേരള ഘടകത്തിന്റെ ഭാഗമാണ്.

നേര്യമംഗലത്തെ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ജയ്‌സണ്‍, പ്രവാസി സമൂഹത്തിന്റെ ശബ്ദമാകാനും പ്രാദേശിക വികസനത്തില്‍ പങ്കാളിയാകാനുമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. തന്റെ പൊതുപ്രവര്‍ത്തനത്തിന് അടിത്തറ പാകിയ നാട്ടുകാരുടെ പിന്തുണയും പ്രാര്‍ത്ഥനയും തേടിക്കൊണ്ടാണ് ഈ പുതിയ രാഷ്ട്രീയ ചുവടുവെപ്പ്. ലണ്ടനിലെ മലയാളി സമൂഹത്തിനിടയിലും നേര്യമംഗലത്തെ സുഹൃത്തുക്കള്‍ക്കിടയിലും വലിയ ആവേശമാണ് ജയ്‌സന്റെ സ്ഥാനാര്‍ത്ഥിത്വം ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്.

ലണ്ടന്‍ ബറോയിലെ ഡഗ്നം ആന്‍ഡ് ബര്‍കിങ് കൗണ്‍സിലില്‍ ഇത്തവണ സുഹൃത്തുക്കളും മലയാളികളുമായ മൂന്ന് പേരാണ് സ്ഥാനാര്ഥികള് ആകുന്നത് എന്നത് കൗതുകമായി മാറുകയാണ്. മൂവരും ലണ്ടന്‍ പെന്റക്കൊസറ്റ് ചര്‍ച് അംഗങ്ങള്‍ ആണെന്നതും പ്രത്യേകതയാണ്. മാത്രമല്ല മൂവരും റീഫോമിന് വേണ്ടിയാണു സ്ഥാനാര്‍ഥി കുപ്പായം അണിയുന്നത് എന്നത് മറ്റൊരു വിശേഷണമായി മാറുന്നു. ഒട്ടേറെ മലയാളികള്‍ ഉള്ളതിനാല്‍ ഇവര്‍ക്ക് വാര്‍ഡുകളില്‍ ശ്കതമായ പിന്തുണയ്ക്കും കാരണമായി മാറും.അതിസ്ഥാനത്തില്‍ റിഫോം ബഹുദൂരം മുന്നിലാണ്. 

ഇതിന്റെ അടിസ്ഥാനത്തില്‍ മലയാളി സ്ഥാനാര്‍ത്ഥികള്‍ ജയച്ച് കയറാനുള്ള സാധ്യതയും തള്ളികളയാനാവില്ല. നിലവില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷമുള്ള സ്ഥലമാണ് റിഫോമിലേക്ക് തിരിയുന്നത്. അടുത്തകാലത്ത് റിഫോം പാര്‍ട്ടി ഉയര്‍ത്തിയ വിഷയങ്ങളോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ പ്രവചനഫലം നല്കുന്നത്.സുനില്‍ ഇടിക്കുള, അനീഷ് സാമുവല്‍ ,ബിജോയ് ജോണ്‍സണ്‍ എന്നിവര്‍ ആണ് റീഫോം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്.

കുറ്റകൃത്യങ്ങള്‍, ഭവന പ്രശ്‌നങ്ങള്‍, അനധികൃത കുടിയേറ്റം, അഴിമതി എന്നിവയാണ് ഈ സ്ഥാനാര്‍ത്ഥികള്‍ പരിഹരിക്കാന്‍ ലക്ഷ്യമിടുന്ന പ്രധാന പ്രശ്‌നങ്ങള്‍.ഇതില്‍ സുനില്‍ ഇടിക്കുള ഹീത്ത് വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്.ജനങ്ങളെ സേവിക്കാനും സമൂഹത്തെ ശക്തിപ്പെടുത്താനും ഉള്ള എന്റെ ആഗ്രഹമാണ് എന്നെ സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് വരാന്‍ പ്രചോദിപ്പിച്ചത്. പ്രാദേശിക കുടുംബങ്ങള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കാനും, കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കാനും, ഇപ്പോഴത്തെയും വരും തലമുറയുടെയും സാമൂഹിക ജീവിതം മെച്ചപ്പെടുത്താനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.

അനീഷ് സാമുവല്‍ - ബീം വാര്‍ഡില്‍ നിന്നാണ് മത്സര രംഗത്തേക്ക് വരുന്നത്.2005-ല്‍ യുകെയിലെത്തിയ അനീഷ് ബാര്‍ക്കിംഗ് ആന്‍ഡ് ഡാഗനത്തില്‍ ആണ് താമസിക്കുന്നത്. കഠിനാധ്വാനം ചെയ്യുന്ന ആളുകളെ ലേബര്‍ പാര്‍ട്ടിയുടെ നയങ്ങള്‍ നിരാശരാക്കിയെന്നും കഠിനാധ്വാനത്തെയും സ്വാതന്ത്ര്യത്തെയും യഥാര്‍ത്ഥ അവസരങ്ങളെയും വിലമതിക്കുന്ന ഒരു പുതിയ സമീപനം നമുക്ക് ആവശ്യമാണെന്നും അതിനാല്‍ റീഫോിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അനീഷ് പറയുന്നു.

ബ്രിട്ടനിലെ പ്രാദേശിക രാഷ്ട്രീയരംഗത്ത് മലയാളി സമൂഹത്തിന്റെ സാന്നിധ്യം ശക്തിപ്പെടുന്ന പശ്ചാത്തലത്തില്‍, ബാര്‍ക്കിംഗ് ആന്‍ഡ് ഡഗന്‍ഹാം മേഖലയിലെ മെയ്‌സ്ബ്രൂക്ക് വാര്‍ഡില്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായി ബിജോയ് ജോണ്‍സണ്‍ ആണ് എത്തുന്നത്.മെഡിക്കല്‍ മൈക്രോബയോളജിയില്‍ പി.എച്ച്.ഡി നേടിയ ബിജോയ് ജോണ്‍സണ്‍, ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മണിപ്പാലിലെ കാസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ആരോഗ്യശാസ്ത്ര രംഗത്തെ ആഴത്തിലുള്ള പഠനവും ഗവേഷണവും അദ്ദേഹത്തെ ഒരു വിദഗ്ധനായി രൂപപ്പെടുത്തിയിട്ടുണ്ട്.

17 വര്‍ഷത്തിലേറെയായി ബ്രിട്ടനിലെ ദേശീയാരോഗ്യ സേവനമായ എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം, റോമ്‌ഫോര്‍ഡിലെ ക്വീന്‍സ് ആശുപത്രിയിലും, കിംഗ് ജോര്‍ജ് ആശുപത്രിയിലും സേവനം അനുഷ്ഠിക്കുന്നു. പൊതുആരോഗ്യവും രോഗപ്രതിരോധവുമായി ബന്ധപ്പെട്ട മേഖലകളില്‍ അദ്ദേഹത്തിന് സമൃദ്ധമായ പരിചയസമ്പത്തുണ്ട്.

കേരളത്തിലെ കൊല്ലം ജില്ലയില്‍ പോരുവഴി വില്ലേജില്‍ മുല്ലശ്ശേരില്‍ എബനേസറില്‍ പരേതരായ ജോണ്‍സണ്‍ യോഹന്നാന്റെയും ആലീസ് ജോണ്‍സന്റെയും മൂത്ത മകനാണ് ബിജോയ്. ബാല്യകാലവും, സ്‌കൂള്‍ വിദ്യാഭ്യാസവും ദുബായില്‍ ആയിരുന്നു പൂര്‍ത്തിയാക്കിയത്. ഏക സഹോദരന്‍ ഖത്തര്‍ ഗ്യാസില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു.

ഭാര്യ സെബി ലണ്ടനിലെ പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ലീഡ് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. എലൈന്‍ ബിജോയി, ഏന്‍ജലിന്‍ ബിജോയി എന്നീ രണ്ട് പെണ്‍മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം പുലര്‍ത്തുന്ന ബിജോയ് ജോണ്‍സണ്‍, ലണ്ടന്‍ പെന്തെക്കോസ്ത് സഭയുടെ (LPC) സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ഈ നിലയില്‍ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുന്നു. 

ചാരിറ്റി പ്രവര്‍ത്തനങ്ങളും ഫുഡ് ബാങ്ക് സേവനങ്ങളും ഉള്‍പ്പെടെ സാമൂഹിക സേവന രംഗത്തും അദ്ദേഹം സജീവമാണ്.പ്രാദേശിക സമൂഹത്തിന് കൂടുതല്‍ പ്രായോഗികമായ സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.പൊതു ആരോഗ്യ സേവനങ്ങളുടെ മെച്ചപ്പെടുത്തല്‍, സാമൂഹിക സുരക്ഷ, യുവജന ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന മുന്‍ഗണനകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !