ന്യൂഡൽഹി: വെള്ളം, ഉപ്പ്, പഞ്ചസാര എന്നിവ പ്ലാസ്റ്റിക്ക് കുപ്പിയിലോ പാക്കറ്റിലോ ആണ് വിൽക്കുന്നതെങ്കിൽ അതിൽ മൈക്രോ/നാനോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടാകാം എന്ന മുന്നറിയിപ്പ് പതിച്ചിരിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. മുന്നറിയിപ്പ് നൽകുന്നതിൽ തെറ്റൊന്നുമില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു.
രക്തധമനികളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയ ഗവേഷകർ ഇത് ഹൃദയാഘാത- പക്ഷാഘാത സാധ്യതകൾ വർധിപ്പിക്കുമെന്നാണ് കണ്ടെത്തിയത്. കാംപാനിയ സർവകലാശാലയിലെ ഗവേഷകരായിരുന്നു പഠനത്തിനു പിന്നിൽ. കഴുത്തിലെ പ്രധാന രക്തധമനിയിലെ കൊഴുപ്പ് അടിഞ്ഞതു നീക്കംചെയ്യാൻ ശസ്ത്രക്രിയ ചെയ്ത ഇരുനൂറോളം പേരെ പരിശോധിച്ചപ്പോഴാണ് മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. അക്കൂട്ടത്തിൽ അറുപതു ശതമാനത്തോളം പേരുടെയും പ്രധാന ധമനിയിൽ മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. രക്തധമനികളിൽ മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തിയവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ മരണംവരെയോ സംഭവിക്കാനുള്ള സാധ്യത 4.5 മടങ്ങ് അധികമാണെന്ന് ഗവേഷകർ പറയുന്നു. നേരത്തേ മുലപ്പാലിലും പ്ലാസ്റ്റിക് മാലിന്യം കടന്നുകൂടിയതുസംബന്ധിച്ച പഠനം വന്നിരുന്നു. പി.വി.സി. (പോളി വിനൈൽ ക്ലോറൈഡ്), പോളി എത്തിലിൻ, പോളി പ്രൊപ്പിലിൻ എന്നിവയാണ് പ്രധാനമായും കടന്നുകൂടിയതെന്നും പ്ലാസ്റ്റിക് കവറിലാക്കിയ ഭക്ഷണം കഴിക്കുന്നതുമുതൽ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നതുവരെ കാരണമായിട്ടുണ്ടാകാമെന്നും പഠനത്തിലുണ്ടായിരുന്നു. എന്താണ് മൈക്രോപ്ലാസ്റ്റിക് ? ലോകത്ത് ഓരോ വർഷവും ഉത്പാദിപ്പിക്കുന്നത് 45 കോടി ടൺ പ്ലാസ്റ്റിക് ആണ്. ഇതിൽ ഭൂരിഭാഗവും മാലിന്യക്കൂമ്പാരത്തിലെത്തും. കാലക്രമേണ പൊട്ടിയും പൊടിഞ്ഞും ചെറുകഷണങ്ങളാകും. കൃത്രിമനാരുകളാലുണ്ടാക്കുന്ന തുണിത്തരങ്ങൾ കഴുകുമ്പോൾപോലും പ്ലാസ്റ്റിക് കണങ്ങൾ വെള്ളത്തിലും മണ്ണിലും കലരും. പ്ലാസ്റ്റിക്കിൽനിന്ന് വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാർഥങ്ങളാണ് മൈക്രോ പ്ലാസ്റ്റിക്. അഞ്ച് മില്ലി മീറ്ററിൽ താഴെ വലുപ്പം. പ്ലാസ്റ്റിക് വലകൾ, കുപ്പികൾ, സഞ്ചികൾ തുടങ്ങിയവ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെയും ഋതുഭേദങ്ങളുടെയും ഫലമായി പൊടിഞ്ഞാണ് ചെറുകണികകളാവുന്നത്. നൈലോൺ, പോളി എത്തിലിൻ, പോളി പ്രൊപ്പിലീൻ, പോളി സൾഫോൺ എന്നിവയാണ് പ്രധാനമായും കാണുന്നത്. ശരീരത്തിലെത്തുന്നത് മൂന്നുവഴിയിലൂടെ പ്രധാനമായും മൂന്നു വഴികളിലൂടെയാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്തുന്നത്. ഭക്ഷണത്തിലൂടെ, ശ്വസനത്തിലൂടെ അന്തരീക്ഷത്തിലെ കണികകളിൽനിന്ന്, സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നതുവഴി ത്വക്കിലൂടെ എന്നിങ്ങനെയാണത്. ശ്വാസകോശത്തിന്റെ ഉള്ളറയിലാണ് പ്ലാസ്റ്റിക് സൂക്ഷ്മാംശങ്ങൾ കണ്ടെത്തിയ സംഭവവുമുണ്ടായിട്ടുണ്ട്. വായുനാളി ഏറ്റവും നേർത്തതായതിനാൽ അതിനുള്ളിലൂടെ പ്ലാസ്റ്റിക് കണികകൾ അരിച്ചിറങ്ങില്ല എന്നാണ് ഗവേഷകർ മുമ്പ് കരുതിയിരുന്നത്. ഓരോ മണിക്കൂറിലും മനുഷ്യർ 16.2 പ്ലാസ്റ്റിക് ശകലങ്ങൾ (16.2 bits) ശ്വസിക്കുന്നതായി 2022-ൽ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.