ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. രാജ്യത്തിൻ്റെ ഊർജ്ജ, സാമ്പത്തിക സുരക്ഷയ്ക്ക് നിർണായകമായ ഇടമാണ് ഹോർമുസെന്നും മേഖലയിൽ സ്വതന്ത്ര നാവിക ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
“സൈനിക ആക്രമണങ്ങളുടെ ലക്ഷ്യം വാണിജ്യകപ്പലുകൾ ആകരുത്, ഇത്തരം ശ്രമങ്ങൾ ഖേദകരമാണ്”, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി യോജ്ന പട്ടേൽ ചൊവ്വാഴ്ച സുരക്ഷാ സമിതിയെ അറിയിച്ചു. ഒരു രാജ്യത്തെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ബഹ്‌റൈൻ കൊണ്ടുവന്ന ഒരു കൗൺസിൽ പ്രമേയത്തിൽ ഇറാനെ പരാമർശിക്കാതെ തന്നെ പശ്ചിമേഷ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ ഏറ്റവും ശക്തമായ വാക്കുകളിൽ അപലപിക്കുന്നതിൽ ഇന്ത്യ സഹകരിച്ച കാര്യം യോജ്ന പട്ടേൽ ഓർമ്മിപ്പിച്ചു.

ഇറാൻ ഇന്ത്യൻ കപ്പലുകളെയും മറ്റ് യാത്രാ കപ്പലുകളെയും ആക്രമിച്ചിട്ടുണ്ട്. കൂടാതെ മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ കുറഞ്ഞത് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ചെയ്തു. യുഎസ് ഹോർമുസ് മേഖലയിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുമുണ്ട്. “വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും നിരപരാധികളായ സിവിലിയൻ ജീവനക്കാരെ അപകടപ്പെടുത്തുന്നതും അല്ലെങ്കിൽ ഹോർമുസ് കടലിടുക്കിലെ നാവിക ഗതാഗതത്തിന്റെയും വാണിജ്യത്തിന്റെയും സ്വാതന്ത്ര്യം തടയുന്നതും സ്വീകാര്യമല്ലെന്ന് ഞങ്ങൾ അടിവരയിട്ട് പറയുന്നു”, പശ്ചിമേഷ്യൻ സാഹചര്യം സംബന്ധിച്ച് കൗൺസിൽ പ്രസിഡന്റായ ബഹ്‌റൈൻ വിളിച്ചുചേർത്ത യോഗത്തിൽ യോജ്ന പട്ടേൽ പറഞ്ഞു.
"ഭൗമശാസ്ത്രപരമായി വ്യാപാര, ഊർജ്ജ വിതരണ ശൃംഖലകളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു മേഖലയിലേക്കുള്ള ഇന്ത്യയുടെ നിർണായകബന്ധം ഹോർമുസ് വഴിയാണ്, സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ സുരക്ഷയെയും ബാധിക്കുന്നതാണ് നിവിലെ പ്രശ്നങ്ങളെന്നും അവർ പറഞ്ഞു.
"ഏതാണ്ട് 10 ദശലക്ഷം ഇന്ത്യക്കാർ ഗൾഫ് മേഖലയിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു; അവരുടെ സുരക്ഷയും ക്ഷേമവും ഞങ്ങളുടെ പ്രധാന മുൻഗണനയാണ്", അവർ കൂട്ടിച്ചേർത്തു. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ സംഭാഷണത്തിനും നയതന്ത്രത്തിനും അവർ ആഹ്വാനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.